എവിടെയാണ് വിൽസൺ, ആമസോണിലെ ഹീറോ, രക്ഷാദൗത്യത്തിൽ മുന്നിലുണ്ടായിരുന്ന നായയെ കാണാനില്ല, തിരച്ചിൽ

Published : Jun 14, 2023, 11:55 AM IST
എവിടെയാണ് വിൽസൺ, ആമസോണിലെ ഹീറോ, രക്ഷാദൗത്യത്തിൽ മുന്നിലുണ്ടായിരുന്ന നായയെ കാണാനില്ല, തിരച്ചിൽ

Synopsis

വിൽസൺ കാട്ടിലെവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിരിക്കാം. അവനെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടും ഉള്ള ആളുകൾ. ആമസോണിലെ തിരച്ചിലിൽ ഹീറോ ആയിട്ടാണ് വിൽസൺ അറിയപ്പെടുന്നത്. 

ലോകമാകെ ഞെട്ടലോടെയും അവിശ്വസനീയതയോടെയും ആശ്വാസത്തോടെയുമാണ് ആ വാർത്ത കണ്ടത്. കൊളംബിയയിൽ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയ വാർത്ത. 13 വയസുള്ള ലെസ്‌ലി, ഒമ്പത് വയസുള്ള സൊലെയ്‌നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന്‍ എന്നിവരാണ് അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയായി മാറിയ ആ നാല് കുഞ്ഞുങ്ങൾ. മെയ് ഒന്നിനാണ് ആമസോൺ കാടുകളിൽ ഇവർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. 

40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. നിരവധിപ്പേരാണ് തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും പങ്കാളികളായത്. അക്കൂട്ടത്തിൽ നിരവധി നായകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്ന വിൽസൺ എന്നു പേരുള്ള ആറുവയസ്സുള്ള ബെൽജിയൻ ഷെപ്പേർഡ് മാലിനോയിസിനെ കാണാതായ വാർത്തയാണ് പുറത്ത് വരുന്നത്. വിൽസൺ കാട്ടിലെവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിരിക്കാം. അവനെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടും ഉള്ള ആളുകൾ. ആമസോണിലെ തിരച്ചിലിൽ ഹീറോ ആയിട്ടാണ് വിൽസൺ അറിയപ്പെടുന്നത്. 

 #vamosporwilson ഹാഷ്ടാ​ഗിൽ ട്വിറ്ററിൽ നിരവധിപ്പേരാണ് വിൽസണ് വേണ്ടി പോസ്റ്റുകൾ പങ്ക് വച്ചത്. 'ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ കൂട്ടുകാരനെ ഉപേക്ഷിക്കില്ല' എന്നാണ് കൊളംബിയൻ സായുധ സേനയുടെ കമാൻഡർ മേജർ ജനറൽ ഹെൽഡർ ഫെർണാൻ ജിറാൾഡോ ബോണില്ല പറഞ്ഞത്. എത്രയും പെട്ടെന്ന് വിൽസൺ എന്ന ഹീറോയെ കണ്ടെത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

കഴിഞ്ഞ മാസം ഒന്നിനാണ് ആമസോണ്‍ കാട്ടില്‍ വിമാനം തകർന്നു വീണത്. ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവേറിലേക്ക് പോയതായിരുന്നു സെസ്‌ന 206 എന്ന ചെറുവിമാനം. എന്നാൽ, പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ അത് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താൻ തന്നെ രണ്ടാഴ്ച പിടിച്ചു. മെയ് 16 -നാണ് തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടം ശ്രദ്ധയിൽ പെടുന്നത്. പിന്നാലെ, കുട്ടികളുടെ അമ്മ മഗ്ദലീന, ഒരു ഗോത്ര വര്‍ഗ നേതാവ്, വിമാനത്തിന്റെ പൈലറ്റ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളെ കാണാതെയായതോടെ തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് വേണ്ടി സകലരും കൈകോർത്തു. പിന്നാലെയാണ് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ