
വിർജീനിയയിലെ അപ്പലാച്ചിയനിൽ നിന്നും കാണാതായ ഫുട്ബോൾ പരിശീലകനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പൊലീസ്. 46 -കാരനായ ട്രാവിസ് ടർണറിനെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള വസ്തുക്കൾ കൈവശം വച്ചു, പ്രായപൂർത്തിയാകാത്ത ഒരാളെ കമ്പ്യൂട്ടർ ഉപയോഗിച്ച് പ്രലോഭിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്ന് വെർജീനിയയിലെ പൊലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വെർജീനിയ സ്റ്റേറ്റ് പൊലീസ് ടർണറുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി ചെല്ലുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നില്ല, മറിച്ച് അന്വേഷിക്കാനായിട്ടാണ് പോയത്. എന്നാൽ, ടർണർ അവിടെയില്ല എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. പിന്നാലെ ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഡ്രോണുകൾ ഉപയോഗിച്ചും ആളുകളുടെ സഹായം തേടിയുമെല്ലാം തിരച്ചിൽ പുരോഗമിച്ചുവെങ്കിലും ഇയാളെ കുറിച്ചുള്ള ഒരു വിവരവും കിട്ടിയില്ല.
ടർണറെ സുരക്ഷിതമായി കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുൻഗണന, അയാൾ ഇപ്പോൾ ഒരു പിടികിട്ടാപ്പുള്ളിയായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നാണ് പൊലീസ് വകുപ്പ് വക്താവ് പറയുന്നത്. നിലവിൽ ഇയാളുടെ അറസ്റ്റിനായി 10 വാറണ്ടുകൾ നിലവിലുണ്ട്. വെർജീനിയയിലെ വൈസ് കൗണ്ടി പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടിലെ യൂണിയൻ ഹൈസ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ഹെഡ് ഫുട്ബോൾ പരിശീലകനുമാണ് ടർണർ. ഇയാൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, അതിനാൽ ഇയാളെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുമാണ് സ്കൂൾ പ്രതികരിച്ചത്.
ഇയാളെ സ്കൂൾ കോംപൗണ്ടിനകത്ത് പ്രവേശിക്കാനോ കുട്ടികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നതോ അനുവദിക്കില്ല എന്നും സ്കൂൾ അറിയിച്ചു. ഏതായാലും, ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.