
ഭർത്താവിനെ മറ്റ് സ്ത്രീകൾക്ക് വാടകയ്ക്ക് നൽകി പണം സമ്പാദിക്കുകയാണ് ഒരു ഇംഗ്ലണ്ടുകാരിയായ ഭാര്യ. മൂന്ന് മക്കളുടെ അമ്മയാണ് ലോറ യങ്. ഭർത്താവ് ജെയിംസിനും കുട്ടികൾക്കുമൊപ്പം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്‌ലിയിലാണ് അവരുടെ താമസം. ജെയിംസിന് ഒരാളുടെ വീട്ടിലേയ്ക്ക് ആവശ്യമായ പല സാധനങ്ങളും, തുച്ഛമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കാൻ സാധിക്കും. ഊണ് മേശ, കട്ടിൽ തുടങ്ങി പലതും അദ്ദേഹം സ്വന്തമായി നിർമ്മിക്കും. കൂടാതെ, പെയിന്റിങ് ചെയ്യും, ടൈൽ വിരിക്കും, വീട് മോടി കൂട്ടും അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കഴിവുകൾ. ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന അദ്ദേഹത്തെ എന്നാൽ മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്താൽ എന്തെന്ന് ഭാര്യ ആലോചിച്ചു.
എപ്പോഴും എന്തെങ്കിലുമൊക്കെ പണിയാനും, ഉണ്ടാക്കാനുമൊക്കെ ഇഷ്ടമുള്ള അദ്ദേഹത്തിന് ഈ ആശയത്തോട് യോജിപ്പായിരുന്നു. "വീടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അദ്ദേഹം മിടുക്കനാണ്. അതിനാൽ ആ കഴിവുകൾ പ്രയോജനപ്പെടുത്താനും, ജോലിക്കായി അദ്ദേഹത്തെ നൽകാനും ഞാൻ തീരുമാനിച്ചു" ലോറ പറഞ്ഞു. അങ്ങനെ 'റെന്റ് മൈ ഹാൻഡി ഹസ്ബൻഡ്' എന്ന പേരിൽ അവൾ ഒരു വെബ്‌സൈറ്റ് തുടങ്ങി. ഫേസ്ബുക്കിലും, ജനപ്രിയ നെക്സ്റ്റ്‌ഡോർ ആപ്പിലും പരസ്യം ചെയ്തു. പരസ്യത്തെ തുടർന്ന്, മറുപടികളുടെ പ്രവാഹമായിരുന്നുവെന്ന് അവൾ പറയുന്നു. വലിയ രീതിയിലുള്ള പ്രതികരണം കണ്ട് അവൾ പോലും ഞെട്ടി.
എന്നാൽ തന്റെ പരസ്യം കണ്ട് തെറ്റിദ്ധരിച്ചവരും കുറവല്ല എന്നവൾ പറഞ്ഞു. "എന്റെ പരസ്യം കണ്ട് ചിലർ അതിനെ തെറ്റായി മനസ്സിലാക്കി. ഞാൻ ജെയിംസിനെ മറ്റെന്തെങ്കിലും കാര്യത്തിന് വാടകയ്ക്ക് കൊടുക്കുകയാണെന്ന് അവർ ധരിച്ചു. എത്ര പട്ടിണി കിടന്നാലും, അങ്ങനെ ഒന്നും ചെയ്യാൻ എന്നെ കിട്ടില്ല" അവൾ പറഞ്ഞു. ജെയിംസ് ഒരു ഗോഡൗണിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു. രണ്ട് വർഷം മുൻപ് അദ്ദേഹത്തിന് എന്നാൽ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ കുട്ടികളിൽ രണ്ട് പേർ ഓട്ടിസം ബാധിച്ചവരാണ്. അതുകൊണ്ട് മൂന്ന് കുട്ടികളുമായി കഷ്ടപ്പെടുന്ന ലോറയെ സഹായിക്കാൻ അദ്ദേഹം ജോലി മതിയാക്കുകയായിരുന്നു. ഇപ്പോൾ മോട്ടോർ മെക്കാനിക്സ് പഠിക്കാൻ ആലോചിക്കുകയാണ് ജെയിംസ്. അതിനായി പണം കുറെ വേണം. അങ്ങനെയാണ് ഇത്തരം ജോലികൾ ഏറ്റെടുക്കാൻ തുടങ്ങിയത്. അതേസമയം ഭൂരിഭാഗം ആളുകൾക്കും ഇത് വലിയ സഹായമായി തീർന്നുവെന്ന അഭിപ്രായത്തിലാണ് ലോറ. ഇന്നത്തെ കാലത്ത് ചെറിയ ചെറിയ പണികൾക്ക് ആളെ കിട്ടാൻ പ്രയാസമാണ് എന്നവൾ പറയുന്നു. പ്രത്യേകിച്ച്, ഷെൽഫ് പണിയുക, ട്രാംപോളിനുകൾ സ്ഥാപിക്കുക, സാധനങ്ങൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് ആളുകളെ കിട്ടാൻ പ്രയാസമാണ്. എന്നാൽ അതിനെല്ലാം പറ്റിയ ആൾ ജെയിംസാണെന്ന് അവൾ കൂട്ടിച്ചേർത്തു.
ചിലപ്പോൾ ചുവരിൽ ഒരു ടിവി ഘടിപ്പിക്കാനാകും, അല്ലെങ്കിൽ വേലിയിൽ പെയിന്റ് ചെയ്യലാകും. എന്ത് തന്നെയായാലും തന്റെ ഭർത്താവ് ആത്മാർത്ഥയോടെ അത് ചെയ്തുതീർക്കുമെന്നതിൽ ലോറയ്ക്ക് സംശയമില്ല. അതേസമയം, ഒരു വീടിന് ശരാശരി നാലായിരത്തിന് അടുപ്പിച്ചാണ് വാടകയായി ഈടാക്കുന്നത്. വികലാംഗർക്കും യൂണിവേഴ്സൽ ക്രെഡിറ്റിലുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ഡിസ്‌കൗണ്ടും അവർ വാഗ്ദാനം ചെയ്യുന്നു.