കുട്ടികളേ, ലിഫ്റ്റ് ചോദിച്ച് കൈ കാണിക്കുമ്പോള്‍ ചില അപകടങ്ങള്‍ കൂടിയുണ്ട്...

Published : Jun 07, 2019, 04:14 PM ISTUpdated : Jun 07, 2019, 04:26 PM IST
കുട്ടികളേ, ലിഫ്റ്റ് ചോദിച്ച് കൈ കാണിക്കുമ്പോള്‍ ചില അപകടങ്ങള്‍ കൂടിയുണ്ട്...

Synopsis

പലരും കയറിപ്പോവുന്നത് തികച്ചും അപരിചിതരായ ആളുകളുടെ ബൈക്കുകളുടെ പിൻസീറ്റിലാണ്. അവർ ഈ ചെയ്യുന്നത് ചിലപ്പോള്‍ അപകടകരമായേക്കാം എന്ന് അവർ തിരിച്ചറിയുന്നില്ല.

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം പതിവുപോലെ ഇക്കൊല്ലവും സ്‌കൂൾ തുറന്നു. എക്കൊല്ലത്തേയും പോലെ, രാവിലെ  സ്‌കൂളിലേക്ക് പോവുകയും വൈകീട്ട് സ്‌കൂൾ വിട്ടു വരികയും ചെയ്യുന്ന കുട്ടികളെ നമുക്ക് റോഡുകളിൽ കാണാം. പല കുട്ടികളും സ്‌കൂൾ ബസുകളിലാണ് പോക്കുവരവെങ്കിലും അങ്ങനെയല്ലാത്ത കുട്ടികളുമുണ്ട്. 

കെഎസ്ആർടിസി ബസ്സിലും മറ്റു ലൈൻ ബസ്സുകളിലുമൊക്കെയായി സ്‌കൂളിലേക്ക് പോയിവരുന്ന കുട്ടികളും ഒരുപാടുണ്ട് കേരളത്തിൽ. അവരിൽ പലരും വീട്ടിൽ നിന്നും പുറപ്പെടുന്നത് അച്ഛനമ്മമാരിൽ നിന്നും സ്‌കൂളിൽ പോയി വരാനുള്ള വണ്ടിക്കൂലിയും വാങ്ങിക്കൊണ്ടുതന്നെയാവും. എന്നാൽ, ബൈക്കിന് കൈ കാട്ടി ലിഫ്റ്റ് ചോദിച്ചുകൊണ്ട് റോഡരികിൽ നിൽക്കുന്ന കുട്ടികളെയും സ്ഥിരമായി കാണാം. 

പലരും കയറിപ്പോവുന്നത് തികച്ചും അപരിചിതരായ ആളുകളുടെ ബൈക്കുകളുടെ പിൻസീറ്റിലാണ്. അവർ ഈ ചെയ്യുന്നത് ചിലപ്പോള്‍ അപകടകരമായേക്കാം എന്ന് അവർ തിരിച്ചറിയുന്നില്ല. ഇങ്ങനെ പോവുന്ന എല്ലാവരും അപകടത്തിൽ ചെന്ന് ചാടുമെന്നല്ല പറഞ്ഞുവരുന്നത്. അവർക്ക് വീട്ടിൽ നിന്നും സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യാൻ വേണ്ട സുരക്ഷിതത്വം നമ്മുടെ പൊതുഗതാഗത സംവിധാനത്തിന് 100  ശതമാനവും ഉണ്ട്. എന്നാൽ, അതേ 100  ശതമാനം സുരക്ഷിതത്വം അപരിചിതനായ മറ്റൊരാളിന്റെ സ്‌കൂട്ടറിന്റെയോ ബൈക്കിന്റെയോ പിൻസീറ്റിൽ ലിഫ്റ്റടിച്ചു കേറിപ്പോവുമ്പോൾ ഇല്ല എന്നതാണ് സത്യം. 

ചെറിയ കുട്ടികളെ ഇങ്ങനെയുള്ള അപരിചിതർ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാക്കാനുള്ള സാധ്യതയുമുണ്ട്. ഈ വിഷയത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകനായ സാബ്ലു തോമസ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചത് ഇങ്ങനെയായിരുന്നു, "എല്ലാ മനുഷ്യരിലും ഒരു പൊട്ടൻഷ്യൽ പീഡോഫിലിനെ കാണുന്ന ദോഷൈകദൃഷ്‌ടിയൊന്നുമില്ല. എങ്കിലും അവരിൽ ആരെങ്കിലും ഒരാൾ അങ്ങനെയായിരിയ്ക്കാൻ ഒരു വിദൂര സാധ്യതയെങ്കിലും ഉണ്ടല്ലോ. സുരക്ഷിത യാത്ര എന്ന് പറയുന്നത് ട്രാഫിക്ക് അപകടങ്ങളിൽ ഉൾപ്പെടാതെയുള്ള യാത്ര മാത്രമല്ലല്ലോ?സ്‌കൂൾ അധികൃതരോ പി ടി ഐ യോ മറ്റോ മുൻകൈയെടുത്തു ഇത്തരം വിഷയങ്ങളിൽ കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.." 

അദ്ദേഹം പറഞ്ഞത് പോലെ നമ്മുടെ നാട്ടിൽ റോഡിലൂടെ ബൈക്കോടിച്ചുപോവുന്ന എല്ലാവരും ശിശുപീഡകരാണ് എന്നല്ല അതിന്റെയർത്ഥം. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളായ ലൈൻ ബസ്സുകളിൽ കുട്ടികൾ യാത്ര ചെയ്യുമ്പോൾ ഒപ്പം വളരെ ജാഗരൂകമായ ഒരു സമൂഹം സന്നിഹിതമാണ്. കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന ഏതൊരു അതിക്രമത്തെപ്പറ്റിയും അവർക്ക് തങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന മറ്റുള്ളവരോട് പരാതിപ്പെടാം. അവർ ഇടപെടും. എന്നാൽ ഒരാളുടെ ബൈക്കിൽ ഒറ്റയ്ക്ക് പിൻസീറ്റിൽ കേറി പോവുമ്പോൾ ആ ഒരു കരുതലാണ് നഷ്ടമാവുന്നത്. അങ്ങനെ ഒരു റിസ്ക് നമ്മുടെ കുട്ടികൾ എടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. 

 

ഇങ്ങനെ റോഡിലൂടെ ബൈക്കിൽ വരുന്ന ആളുകളുടെ  കൂടെ കയറി സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന വാഹന അപകട സാധ്യതയാണ്. നാട്ടിൽ ബൈക്കപകടങ്ങൾ ദിനം പ്രതി ഏറിവരികയാണ്. മാത്രവുമല്ല, ഇങ്ങനെ വരുന്നവരിൽ പലരും പലപ്പോഴും മദ്യപിച്ചോ, മയക്കുമരുന്നുകൾ സേവിച്ചോ ലക്കുകെട്ട് വരുന്നവരാകാം. അതേപ്പറ്റി കൃത്യമായ ധാരണയിലെത്തി ലിഫ്റ്റടിച്ച് കേറിപ്പോയാൽ അവർക്കൊപ്പം ചിലപ്പോൾ മരണത്തിലേക്ക് പാഞ്ഞുപോവുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കൂടിയാവാം. 

അച്ഛനമ്മമാർ ബസ്സുകൂലിയ്ക്കായി കൊടുക്കുന്ന പണം കൊണ്ട് മുട്ടായിയോ ജ്യൂസോ ഒക്കെ വാങ്ങി കുടിച്ച ശേഷം മറ്റൊരു നിർവാഹവും ഇല്ലാതെയാവുമ്പോഴാണ് പല കുട്ടികളും ഇത്തരത്തിൽ ലിഫ്റ്റടിക്കാൻ നിൽക്കുന്നത്. അവർ ചെയ്യുന്ന പ്രവൃത്തിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മേല്പറഞ്ഞ അപകടസാധ്യതകളെപ്പറ്റി കൃത്യമായ അവബോധം അവരിൽ നിർമിക്കുക എന്നതുമാത്രമാണ് ഇതിനെ ഒഴിവാക്കാനുള്ള ഒരേയൊരു വഴി. വീട്ടുകാരും സ്‌കൂളിലെ അധ്യാപകരുമൊക്കെ കാര്യങ്ങൾ വ്യക്തമായി സ്നേഹപൂർവ്വം പറഞ്ഞു കൊടുത്താൽ  ഏതൊരു വിദ്യാർത്ഥിയും അനുസരിക്കും. 

ഇനി അങ്ങനെ ഒരു കാര്യം നടക്കുന്നില്ല, നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള അപകടസാധ്യത കൂടിയ ശീലങ്ങളിൽ കുട്ടികൾ ഇന്നും ഏർപ്പെടുന്നുണ്ട് എന്നുണ്ടെങ്കിൽ പൊലീസിന്റെ പക്ഷത്തു നിന്നും ഇക്കാര്യത്തിൽ മുന്നേ കൂട്ടിയുള്ള ഒരു ഇടപെടൽ ആവശ്യമാണ്. കൃത്യമായ ചെക്കിങ്ങും, പിടികൂടുന്നവർക്കെതിരെ നടപടിയും ഒക്കെ വന്നാൽ ഇതൊക്കെ താനേ നിന്നുകൊള്ളും. 

നമ്മുടെ കുട്ടികളുടെ ജീവനെ ബാധിക്കുന്ന കാര്യമാണ്. അപകടങ്ങൾ അവർക്ക് വന്നുപെട്ട ശേഷം മാത്രമേ മാത്രമേ  നമ്മൾ ഇതേപ്പറ്റിയൊക്കെ ആലോചന തുടങ്ങൂ എന്നാണെങ്കിൽ, ഏറെ കഷ്ടമാണ് കാര്യങ്ങൾ..!
 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി