ഡെയറി ഫാം തുടങ്ങാന്‍ ഇക്കാര്യങ്ങള്‍  അറിഞ്ഞിരിക്കണം

By Nitha S VFirst Published Nov 28, 2019, 4:22 PM IST
Highlights

ഡെയറി ഫാം നടത്താന്‍ താല്‍പര്യമുള്ളവര്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാക്കണം.

ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടുന്ന പ്രധാന സമൂഹമാണ് ക്ഷീര കര്‍ഷകര്‍. നിരവധി കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് വരുമാനം നേടുന്നു. ക്ഷീരമേഖലയുടെ പുരോഗതിക്കായി പല സ്‌കീമുകളും കേന്ദ്രം അവതരിപ്പിച്ചിട്ടുണ്ട്.ഡെയറി ഫാം നടത്താന്‍ താല്‍പര്യമുള്ളവര്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാക്കണം.

എങ്ങനെയാണ് ഒരു ഡെയറി ഫാം തുടങ്ങുന്നത്?

ഏതൊരു ബിസിനസും പോലെ തന്നെ ക്ഷീര മേഖലയിലും ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. പശുക്കളെ വളര്‍ത്തി പാല്‍വില്‍പ്പന ലക്ഷ്യം വെച്ച് ഫാം തുടങ്ങാന്‍ പോകുന്നവര്‍ മാര്‍ക്കറ്റിനെക്കുറിച്ച് പഠനം നടത്തണം. പാല്‍വില്‍പ്പന നടത്താന്‍ പോകുന്നത് ഏതുതരം ജീവിതസാഹചര്യം നിലവിലുള്ള ഉപഭോക്താക്കള്‍ക്കിടയിലേക്കാണെന്നതിനെക്കുറിച്ച് ധാരണ വേണം. ഏതുതരത്തിലുള്ള പാല്‍ ആണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതെന്ന് മനസിലാക്കാന്‍ ഇത്തരം പഠനങ്ങള്‍ നല്ലതാണ്.

പശുക്കളെയാണോ എരുമകളെയാണോ വളര്‍ത്തേണ്ടതെന്ന്് തീരുമാനിക്കുന്നത് പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ കൂടി അളവ് നോക്കിയാണ്. കാരണം, എരുമപ്പാലില്‍ കൊഴുപ്പ് കൂടുതലും പശുവിന്‍പാലില്‍ കൊഴുപ്പ് കുറവുമാണ്. മാര്‍ക്കറ്റില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഏതാണെന്ന് മനസിലാക്കണം.

ഏതിനം പശു/ എരുമ വേണം?

ഡെയറി ഫാം തുടങ്ങുന്നതിന് മുമ്പ് പശുവായാലും എരുമയായാലും ഏതൊക്കെയാണ് പ്രധാനപ്പെട്ട ഇനങ്ങളാണുള്ളതെന്ന് മനസിലാക്കണം. ഏറ്റവും പ്രധാനം നിങ്ങള്‍ ഡെയറി ഫാം തുടങ്ങാന്‍ പോകുന്ന സ്ഥലത്തുള്ള മാര്‍ക്കറ്റ് നിലവാരം എങ്ങനെയാണെന്ന് മനസിലാക്കുകയെന്നതാണ്.

ഒരുപാട് എരുമകളുടെ ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. മുറാ, സുര്‍തി, ജഫറബാദി എന്നിവ പ്രധാനപ്പെട്ടവയാണ്. പ്രധാനപ്പെട്ട പശുക്കളുടെ ഇനങ്ങളാണ് ഗീര്‍,സഹിവാള്‍,റെഡ് സിന്ധി, തര്‍പാക്കര്‍ എന്നിവ. വിദേശയിനമായ സങ്കരയിനം പശുക്കളാണ് ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ് എന്നിവ. ഇവ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നു.

പോഷകഗുണമുള്ള തീറ്റയക്കുറിച്ച് അറിയാം

കന്നുകാലികളുടെ പോഷകഗുണമുള്ള ഭക്ഷണത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ശുദ്ധമായ കുടിവെള്ളവും നല്‍കണം. പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് മറ്റുള്ള മൃഗങ്ങളേക്കാള്‍ കുടിവെള്ളം നല്‍കേണ്ടത് അത്യാവശ്യമാണ്. ഒരു ലിറ്റര്‍ ശുദ്ധമായ പാല്‍ ഉത്പാദിപ്പിക്കാന്‍ ഏകദേശം അഞ്ച് ലിറ്ററിനോടടുത്ത് കുടിവെള്ളം പശുവിന് ആവശ്യമാണ്.

പച്ചപ്പുല്ല് കൊണ്ടുള്ള ഫോഡര്‍ തീറ്റയായി നല്‍കാന്‍ ശ്രദ്ധിക്കണം. പച്ചപ്പുല്ല് ധാരാളമായി വിളയുന്ന മാസങ്ങളിലാണ് ആളുകള്‍ കന്നുകാലികള്‍ക്ക് തീറ്റ നല്‍കാന്‍ വാങ്ങാറുള്ളത്. പച്ചപ്പുല്ല് നല്‍കിയാല്‍ കൂടുതല്‍ പാല്‍ ചുരത്തും. മറ്റുള്ള മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന തീറ്റയുടെ അളവ് കുറയ്ക്കുകയും അതോടൊപ്പം ചെലവ് കുറയ്ക്കുകയും ചെയ്യാം.

തിമോത്തി, ക്ലോവര്‍, അല്‍ഫാല്‍ഫ എന്നിവയാണ് കന്നുകാലികള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട ഫോഡറുകള്‍ .

പശുക്കളുടെ കറവയുടെ അളവ്

പശുവായാലും എരുമയായാലും വാങ്ങുന്നതിന് മുമ്പ് മൂന്ന് നേരം കറന്ന് നോക്കി പാലിന്റെ അളവ് കണ്ടെത്തുന്നത് നല്ലതാണ്. ഒരു എരുമ ശരാശരി നല്‍കുന്നത് 12 ലിറ്റര്‍ പാല്‍ ആയിരിക്കും. പശുവാണെങ്കില്‍ 16 മുതല്‍ 17 വരെ ലിറ്റര്‍ നല്‍കും.

രോഗബാധയില്ലാത്ത ഇനം

ഫാം നടത്തുന്നവര്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് പശുക്കള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം സമീപത്ത് തന്നെ ഉണ്ടായിരിക്കണമെന്നതാണ്. ഏതു സമയത്തും സമീപിക്കാവുന്ന മൃഗാശുപത്രി ഉണ്ടായിരിക്കണം. അതുപോലെ കന്നുകാലികള്‍ക്ക് യഥാസമയം വാക്സിനുകള്‍ നല്‍കണം.

നിങ്ങളുടെ ഫാമില്‍ 100ല്‍ക്കൂടുതല്‍ പശുക്കളും എരുമകളും ഉണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറെ പ്രത്യേകം ഫാമിലേക്കായി തന്നെ ചുമതലപ്പെടുത്താവുന്നതാണ്.

വൃത്തിയുള്ള തൊഴുത്ത്

തൊഴുത്തില്‍ ധാരാളം വായു സഞ്ചാരമുണ്ടായിരിക്കണം. തറ വഴുതിപ്പോകാത്ത തരത്തിലുള്ളതായിരിക്കണം.

റോഡില്‍ നിന്നും 900 സ്‌ക്വയര്‍ മീറ്റര്‍ അകലെയായിരിക്കണം തൊഴുത്ത്. കനത്ത മഴയുള്ളപ്പോള്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് തൊഴുത്ത് നിര്‍മിക്കരുത്. സാധാരണയായി 40 മുതല്‍ 80 വരെ സ്‌ക്വയര്‍ ഫീറ്റില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഒരു പശുവിന് ഉണ്ടായിരിക്കണം.

മഴക്കാല പരിചരണം

ശക്തമായ കാറ്റിലും മഴിലും കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കണം. തൊഴുത്തില്‍ മുകളില്‍ നിന്ന് വെള്ളം അകത്തേക്ക് വീഴാതിരിക്കണം. തൊഴുത്ത് ശരിക്ക് വൃത്തിയാക്കിയില്ലെങ്കില്‍ വെള്ളം തങ്ങിനിന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അളവ് കൂടിയാല്‍ കന്നുകാലികള്‍ക്ക് കണ്ണിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ഈര്‍പ്പം കൂടിയാല്‍ ബാക്റ്റീരിയ പെരുകും

മഴക്കാലത്ത് വിരകളെ നശിപ്പിക്കാനുള്ള മരുന്ന് ഡെയറി ഫാം നടത്തുന്നവര്‍ കരുതണം. മഴക്കാലത്ത് വിരകള്‍ പെരുകാനുളള സാധ്യതയുള്ളതിനാല്‍ വിരയിളക്കാനുള്ള മരുന്ന് നിര്‍ബന്ധമായും നല്‍കണം.

click me!