നൈജീരിയയിലെ ഒരു ചന്തയിൽ തക്കാളിപ്പെട്ടി തട്ടിമറിഞ്ഞപ്പോൾ ഇരുപതിലധികം പേർ കൊല്ലപ്പെട്ടത് എങ്ങനെ?

Published : Mar 11, 2021, 03:19 PM ISTUpdated : Mar 11, 2021, 03:25 PM IST
നൈജീരിയയിലെ ഒരു ചന്തയിൽ തക്കാളിപ്പെട്ടി തട്ടിമറിഞ്ഞപ്പോൾ  ഇരുപതിലധികം പേർ കൊല്ലപ്പെട്ടത് എങ്ങനെ?

Synopsis

നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ കൂടുതലായി അധിവസിക്കുന്ന ഹൗസ ഗോത്രക്കാർ മുസ്ലിം പാരമ്പര്യമുള്ളവരും, ദക്ഷിണ ഭാഗങ്ങളിൽ ഭൂരിപക്ഷമുള്ള യൊറൂബ ഗോത്രക്കാർ ക്രൈസ്തവപാരമ്പര്യമുള്ളവരുമാണ്. 

എല്ലാം തുടങ്ങുന്നത് ഒരു തക്കാളിപ്പെട്ടി തകിടം മറിഞ്ഞതിലൂടെയാണ്. അതിന്റെ പേരിൽ തുടങ്ങിയ തർക്കം താമസിയാതെ വഴക്കാകുന്നു. വഴക്കു മൂർച്ഛിച്ച് ഒടുവിൽ കയ്യാങ്കളിയാകുന്നു. കയ്യാങ്കളി സായുധമായ സംഘട്ടനത്തിലേക്ക് വഴിമാറുന്നു. ഒടുവിൽ അതൊരു വംശീയ കലാപത്തിന്റെ രൂപമെടുക്കുന്നു. ഇങ്ങനെയൊരു സംഭവം നടന്നത് നൈജീരിയയിലാണ്. വെറുമൊരു തക്കാളിപ്പെട്ടി മറിഞ്ഞു വീണതിന്റെ പേരിൽ തുടങ്ങിയ അക്രമം ഒടുവിൽ വടക്കൻമാരും തെക്കന്മാരും തമ്മിലുള്ള കലാപമായി മാറിയപ്പോൾ അവിടെ പൊലിഞ്ഞത് ഏറ്റവും ചുരുങ്ങിയത് 20 ജീവനെങ്കിലുമാണ്. 

കഴിഞ്ഞ മാസം,തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇബാഡനിലെ ജനത്തിരക്കേറിയ ഷാഷാ മാർക്കറ്റിലൂടെ, ഒരു ചുമട്ടുതൊഴിലാളി ഒരു പെട്ടി തക്കാളിയും തലയിൽ ചുമന്നുകൊണ്ട് നടന്നു പോവുകയായിരുന്നു. അയാളുടെ തലയിൽ നിന്ന് ഒരു ആ പെട്ടി താഴെ വീഴുന്നു. നിമിഷ നേരം കൊണ്ട്  കുറെ തക്കാളികൾ തറയിൽ വീണു ചതയുന്നു. ഇങ്ങനെ ഈ തക്കാളിപ്പെട്ടി തറയിൽ വീണതും, നിലം വൃത്തികേടായതും ഒക്കെ അങ്ങാടിയിലെ സാമാന്യം തിരക്കുള്ള ഒരു പച്ചക്കറി കടക്കു മുന്നിൽ വെച്ചായിരുന്നു. യൊറൂബ വംശജനായ ഈ കടയുടമയും  ഹൗസ ഗോത്രത്തിൽ പെട്ട ചുമട്ടുകാരനും തമ്മിൽ ഇതിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട വാക്കുതർക്കം വളരെ പെട്ടെന്നാണ് ഒരു വംശീയ കലാപമായി മാറിയത്. അത് ഒടുവിൽ ചെന്ന് കലാശിക്കുന്നത് തലയ്ക്ക് അടിയേറ്റുള്ള ചുമട്ടുകാരന്റെ മരണത്തിലേക്കാണ്.

ഈ സംഘട്ടനത്തിന്റെയും കൊലപാതകത്തിന്റെയും വാർത്ത നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ വഴി നൈജീരിയയിൽ മുഴുവൻ പ്രചരിച്ചു. യൊറൂബ ഗോത്രക്കാർ തിങ്ങി വസിക്കുന്ന പട്ടണത്തിന്റെ നടുവിലുള്ള ചന്തയിൽ വെച്ച് ഒരു  ഹൗസ ഗോത്രക്കാരൻ, യൊറൂബ ഗോത്രക്കാരനെ വധിച്ചു എന്നറിഞ്ഞ് പ്രദേശത്തെ യൊറൂബ ഗോത്രക്കാർ ഒന്നടങ്കം സംഘടിച്ചു. നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ കൂടുതലായി അധിവസിക്കുന്ന ഹൗസ ഗോത്രക്കാർ മുസ്ലിം പാരമ്പര്യമുള്ളവരും, ദക്ഷിണ ഭാഗങ്ങളിൽ ഭൂരിപക്ഷമുള്ള യൊറൂബ ഗോത്രക്കാർ ക്രൈസ്തവപാരമ്പര്യമുള്ളവരുമാണ്. ഈ ഒരു കൊലപാതകത്തിന് പിന്നാലെ ഷാഷാ മാർക്കറ്റിലെ ഇരു ഗോത്രത്തിലും പെട്ട കച്ചവടക്കാർ തമ്മിൽ വാളുകൾ വീശിക്കൊണ്ടുള്ള കടുത്ത സംഘട്ടനം തന്നെ നടന്നു. പരസ്പരം കടകൾക്ക് തീയിട്ടും, സ്റ്റാളുകൾ അടിച്ചു തകർത്തുമൊക്കെ നടത്തപ്പെട്ട ആ ലഹള അടങ്ങിയപ്പോഴേക്കും അവിടെ 20  പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. 

കലാപം രൂക്ഷമായതോടെ, ഉത്തരദേശക്കാരായ ഹൗസ ഗോത്രക്കാരിൽ പലരും, നൂറുകണക്കിന് പേർ, രാത്രിക്കുരാത്രി, ഇബാഡൻ വിട്ടുപോകാൻ നിർബന്ധിതരായി. ഇരു വിഭാഗങ്ങളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന വൈരത്തിന്റെ പരിണിത ഫലമാണ് ഈ കലാപമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി