പുരുഷന്മാർക്ക് അരപ്പാന്റും ഷോർട്സും വേണ്ട, സ്ത്രീകൾക്ക് ജീൻസും പാവാടയും, ​ഗ്രാമത്തിൽ ഉത്തരവ്

By Web TeamFirst Published Mar 11, 2021, 1:52 PM IST
Highlights

അതേസമയം ഈ വാർത്ത സമൂഹത്തിൽ വലിയ ഒച്ചപ്പാടും പ്രതിഷേധവുമാണുണ്ടാക്കിയത്. വാർത്ത വലിയ തിരിച്ചടിയായതിനെത്തുടർന്ന് സിംഗ് ഇപ്പോൾ തന്റെ നിലപാട് മയപ്പെടുത്താൻ തയ്യാറാവുകയാണ്.

ഇന്ന് കാലം വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഇഷ്ടമുള്ള ആഹാരം കഴിക്കാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുമുള്ള അവകാശം നമുക്ക് ഓരോരുത്തർക്കും ഇന്നുണ്ട്. എന്നിരുന്നാലും ചില വിദൂര ഗ്രാമങ്ങളിൽ ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് വേണം കരുതാൻ. ആചാരങ്ങളുടെയും, വിശ്വാസങ്ങളുടെയും പേര് പറഞ്ഞ് മറ്റുള്ളവരുടെ ജീവിക്കാനുള്ള സ്വാന്തന്ത്ര്യത്തെ ഹനിക്കാൻ ഇന്നും ആളുകൾ മുതിരുന്നു. അതിനൊരു ഉദാഹരമാണ് ഇപ്പോൾ മുസാഫർനഗർ ജില്ലയിലെ പീപാൽഷാ ഗ്രാമത്തിൽ നടക്കുന്നത്. അവിടത്തെ ക്ഷത്രിയ പഞ്ചായത്ത് ആൺകുട്ടികളെയും പുരുഷന്മാരെയും പകുതി പാന്റും ഷോർട്ട്സും ധരിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. പെൺകുട്ടികളോട്  പാവാടയും ജീൻസും ധരിക്കാൻ പാടില്ലെന്നും പറയുന്നു. 2021 ലാണ് നമ്മൾ കഴിയുന്നതെങ്കിലും ഇപ്പോഴും രാജ്യത്ത് പലയിടത്തും നടക്കുന്നതാണ് ഈ ഗ്രാമ കോടതികൾ.

ഇത്തരം സമാന്തര നീതിന്യായ വ്യവസ്ഥകൾക്ക് സ്ഥാനമോ അധികാരമോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും അവ ജനങ്ങളുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു. പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം വ്യവസ്ഥിതികൾ ഇന്നും നിലനിൽക്കുന്നു. ഈ വിലക്ക് ധിക്കരിക്കുന്നവരെ സമൂഹത്തിൽ നിന്ന് പുറത്താകുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി. ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്തിൽ ഒരു ഡസനിലധികം ഗ്രാമങ്ങളിൽ നിന്നുള്ള ക്ഷത്രിയ സമുദായത്തിലെ അംഗങ്ങൾ പങ്കെടുത്തു. പാരമ്പര്യവും സംസ്കാരവും നശിക്കുമ്പോൾ സമൂഹവും നശിക്കുന്നുവെന്ന് പഞ്ചായത്തിന്റെ അധ്യക്ഷത വഹിച്ച താക്കൂർ പുരൻ സിംഗ് പറഞ്ഞു. 

"ഒരു സംസ്കാരത്തെ നശിപ്പിക്കാൻ നിങ്ങൾക്ക് തോക്കുകൾ ആവശ്യമില്ല. സ്വന്തം പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചാൽ മതി, സംസ്‍കാരം നശിച്ചുകൊള്ളും. ഇന്നുമുതൽ, ഒരു ചെറുപ്പക്കാരനോ, പുരുഷനോ പകുതി പാന്റും ഷോർട്ട്സും ധരിക്കുന്നതായി കാണരുത്. ആരെങ്കിലും പഞ്ചായത്തിന്റെ കൽപ്പന ലംഘിച്ചാൽ അയാൾക്ക് പഞ്ചായത്തിൽ നിന്ന് ശിക്ഷ അനുഭവിക്കാം," അയാൾ പറഞ്ഞു. പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് നല്ലതാണെങ്കിലും പാരമ്പര്യമനുസരിച്ച് വസ്ത്രധാരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് താക്കൂർ പുരൻ സിംഗ് പറഞ്ഞു. ഇത് ഒരു ഉത്തരവല്ലെന്ന് പഞ്ചായത്ത് പറയുന്നു. ആരെയെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടാൽ അയാളുടെ പേരും വിലാസവും രേഖപ്പെടുത്തുമെന്നും അയാൾക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മദ്യപാനം ഒഴിവാക്കണമെന്നും പഞ്ചായത്ത് വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റുകൾ സംവരണം ചെയ്യുന്നതിനെ പഞ്ചായത്ത് എതിർത്തു.

അതേസമയം ഈ വാർത്ത സമൂഹത്തിൽ വലിയ ഒച്ചപ്പാടും പ്രതിഷേധവുമാണുണ്ടാക്കിയത്. വാർത്ത വലിയ തിരിച്ചടിയായതിനെത്തുടർന്ന് സിംഗ് ഇപ്പോൾ തന്റെ നിലപാട് മയപ്പെടുത്താൻ തയ്യാറാവുകയാണ്. ഗ്രാമത്തിന്റെ സംസ്കാരം സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അയാൾ പറഞ്ഞു.  “പെൺകുട്ടികൾ നഗരങ്ങളിൽ ജോലി ചെയ്യുമ്പോൾ ജീൻസ് ധരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല. പക്ഷേ അവർ ഗ്രാമത്തിൽ വരുമ്പോൾ പാരമ്പര്യം പിന്തുടരണം, പാശ്ചാത്യ സ്വാധീനം ഗ്രാമത്തിലേക്ക് കൊണ്ടുവരരുത്” സിംഗ് പറഞ്ഞു.

താൻ പെൺകുട്ടികളെ പഠിപ്പിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും പാശ്ചാത്യ വസ്ത്രം ധരിക്കേണ്ട മേഖലകളിൽ അത് ആകാമെന്നും സിംഗ് ദി ഹിന്ദുവിനോട് പറഞ്ഞു. “ഞങ്ങളുടെ പെൺകുട്ടികൾ പൊലീസിൽ ജോലി ചെയ്യുന്നു. സ്കൂളുകളിൽ പോകുന്നു പെൺകുട്ടികൾ യൂണിഫോമിന്റെ ഭാഗമായി പാവാട ധരിക്കുന്നു. എന്നാൽ വീട്ടിൽ ഞങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ തന്നെ ധരിക്കണമെന്നതാണ് എന്റെ ഏക ആശങ്ക, ” അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അവർ ധരിക്കുന്ന വസ്ത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സമ്മതിച്ച സിംഗ് പഞ്ചായത്തിന്റെ ഉപദേശം പാലിക്കാത്തവരെ കൗൺസിലിംഗ് ചെയ്യുക മാത്രമാണ് താൻ ശിക്ഷയിലൂടെ ഉദ്ദേശിച്ചത് എന്നും പറഞ്ഞു. 2020 ഒക്ടോബറിൽ മുസാഫർനഗറിലെ ഒരു നാട്ടുകൂട്ടം സമാനമായ ഉത്തരവ് പുറപ്പെടുവിക്കുകയും പുരുഷന്മാർ പകുതി പാന്റ്സ് പരസ്യമായി ധരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

click me!