രാഹുലും സ്‌മൃതിയും തമ്മിലുള്ള അങ്കത്തിൽ നിർണായകമായത് എന്തൊക്കെ.. ?

By Web TeamFirst Published May 28, 2019, 1:17 PM IST
Highlights

രാജീവ് ഗാന്ധിയുടെ കാലം തൊട്ടിങ്ങോട്ട് ദശാബ്ദങ്ങളോളം കോൺഗ്രസിനെ മാത്രം പിന്തുണച്ച  ചരിത്രമുള്ള അമേഠിയിൽ ഇക്കുറി അവർക്ക്  വിനയായത് ഒരു പക്ഷേ, എന്തൊക്കെ നടന്നാലും  ഈ 'കുടുംബ' മണ്ഡലം തങ്ങളെ കൈവിടില്ലെന്ന അവരുടെ അമിതമായ ആത്മവിശ്വാസമായിരിക്കാം.  
 

  കോൺഗ്രസിന്റെ സ്വന്തം മണ്ഡലമായിരുന്നു അമേഠി. 1967-ൽ നിലവിൽ വന്ന അന്ന് മുതൽ 2019-ൽ വരെയുള്ള കാലയളവിൽ രണ്ടേരണ്ടു വട്ടം മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്.  അടിയന്തിരാവസ്ഥക്കാലത്തും, പിന്നെ ബിജെപി തരംഗം ആഞ്ഞടിച്ച 1998-ലും. 

 ശിഥിലമായിത്തുടങ്ങിയിരുന്ന വോട്ടുബാങ്ക് 

2009 - ൽ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം, 2014  ആയപ്പോഴേക്കും 47  ശതമാനമായി കുറഞ്ഞു. അതോടൊപ്പം 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പും ഒരു സുരക്ഷിത കുടുംബ മണ്ഡലം എന്ന അമേഠിയുടെ സ്ഥാനത്തിന് ഉലച്ചിലുണ്ടാക്കുന്നതാണ്. അമേഠി പാർലമെന്റ് മണ്ഡലത്തിന്റെ കീഴിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോൺ, ജഗദീഷ് പൂർ, ഗൗരിഗഞ്ച്, അമേഠി എന്നിവയാണവ. ഈ അഞ്ചു മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടിയുമായി 2017 -ൽ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുപോലും കോൺഗ്രസ് തോറ്റുപോയി.  നാലു സീറ്റുകളിൽ ബിജെപിയും ഒന്നിൽ സമാജ്‌വാദി പാർട്ടിയും ജയിച്ചു.

തന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സ്മൃതി ഇറാനി 2009 -ൽ നിന്നും 2014 -ലെത്തിയപ്പോഴേക്കും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3  ലക്ഷത്തിൽ നിന്നും 1  ലക്ഷമാക്കി കുറച്ചു കൊണ്ടുവരുന്നതിൽ വിജയിച്ചു. ഇത്തവണ കൂടുതൽ ശക്തിയാർജ്ജിച്ച മോദി തരംഗത്തിൽ സ്മൃതി ഇറാനിയ്ക്ക് പതിവിലധികം വോട്ടുകൾ കിട്ടിയപ്പോൾ, അടിവേരിളകിയത് 'ഒരിക്കലും അമേഠി തങ്ങളെ ചതിക്കില്ല' എന്ന കോൺഗ്രസിന്റെ ആത്മവിശ്വാസത്തിനാണ്. തീരുമാനമെടുക്കാൻ ഇത്തവണ ഹൃദയത്തിനുപകരം അമേഠി തലച്ചോറിനെ ചുമതലപ്പെടുത്തി. അവിടെ കാര്യമായ ചലനങ്ങളുണ്ടാക്കുന്നതിൽ വിജയിച്ച സ്മൃതി ഇറാനി വിജയശ്രീലാളിതയായി ദില്ലിയ്ക്ക് വണ്ടി കയറുകയും ചെയ്തു. 

അവഗണനയുടെ ദശാബ്ദങ്ങൾ 

അമേഠിയിൽ പീപ്പ്ലി ജമാൽപൂർ എന്നൊരു ഗ്രാമമുണ്ട്. ഗോമതി നദിയോട് ചേർന്നുകൊണ്ടാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്. അതുകൊണ്ടെന്താ, നല്ലൊരു മഴപെയ്ത് നദിയിലെ വെള്ളം പൊങ്ങിയാൽ, ഗ്രാമത്തിലെ വീടുകളുടെ കിടപ്പുമുറിയിൽ വരെ വെള്ളം കേറും. അധികാരികളോട് ആവലാതി പറഞ്ഞുപറഞ്ഞ് അവർ മടുത്തു. ഗോമതി നദിക്ക് കുറുകെ ഒരു അണ കെട്ടിയാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. ചുവപ്പുനാടകളുടെ നൂലാമാലകളിൽ പെട്ട് അതങ്ങനെ അനന്തമായി നീണ്ടുകൊണ്ടിരുന്നു. അതിനിടെ വർഷാവർഷം വന്നുപോയ്ക്കൊണ്ടിരുന്ന വെള്ളപ്പൊക്കങ്ങൾ അവരുടെ ജീവിതം നരകതുല്യമാക്കിക്കൊണ്ടിരുന്നു. അങ്ങനെ ആകെ ഗതികെട്ട അവസ്ഥയിലായപ്പോഴാണ് ഗ്രാമവാസികൾ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തുന്നത്. 'ഇനി വരുന്ന തെരഞ്ഞെടുപ്പ് നമ്മൾ ബഹിഷ്കരിക്കും.' 

അത് കേട്ടറിഞ്ഞ് സ്മൃതി ഇറാനി നേരിട്ട്   പീപ്പ്ലിയിലെത്തി. ഗ്രാമത്തലവനെ കണ്ടു. അടുത്തുള്ള എല്ലാ ഗ്രാമങ്ങളിലെയും തലവന്മാർ വിളിച്ചുകൂട്ടി അവരെ അഭിസംബോധന ചെയ്തു കൊണ്ട് അവർ പറഞ്ഞു, " നിങ്ങൾ ദയവായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കരുതേ.. ഞാൻ ജയിച്ചാലും ഇല്ലെങ്കിലും, ഒരു കാര്യം നിങ്ങൾക്ക് ഇതാ ഇവിടെ വെച്ച് ഉറപ്പു തരുന്നു. നിങ്ങളുടെ അണ അധികം കാലതാമസമില്ലാതെ കെട്ടിത്തരും.. സത്യം.."  2019 -ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ  പീപ്പ്ലി ജമാൽപൂരിനടുത്തുള്ള 28 ഗ്രാമങ്ങളും ഒന്നടങ്കം സ്മൃതി ഇറാനിക്ക് വോട്ടുചെയ്തു. 

രാഹുൽ ഗാന്ധിയെ സ്‌മൃതി ഇറാനി തറപറ്റിച്ചത് 55,000  വോട്ടുകളുടെ ഭൂരിയപക്ഷത്തിനാണ്. സ്മൃതി ഇത്തരത്തിൽ നടത്തിയ എത്രയോ ഇടപെടലുകളുടെ കഥകൾ  അമേഠിയിലെ കുഞ്ഞുങ്ങൾക്ക് പോലും അറിയാം. കഴിഞ്ഞ കുറെ കൊല്ലങ്ങളായുള്ള കഠിനമായ പരിശ്രമങ്ങൾ കൊണ്ടാണ് ബിജെപി 'ദീദി' എന്ന പേരിൽ സ്മൃതി ഇറാനിയ്ക്ക് അമേഠിയിൽ ജനപിന്തുണ നേടിക്കൊടുത്തത്. 

'ദീദി ഹേ തോ മുംകിൻ ഹേ.. '

ബിജെപിയുടെ ജില്ലാ കാര്യാലയത്തിന്റെ ചുവരുകളിൽ അവിടവിടെയായി എഴുതി പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. ''ദീദി ഹേ തോ മുംകിൻ ഹേ.. '' - ദീദി ഉണ്ടെങ്കിൽ എന്തും സാധ്യമാണ്.. !  അമേഠിയിൽ സ്‌മൃതി ഇറാനി നേടിയ വിജയത്തിന് പിന്നിൽ ഭാഗ്യത്തിന്റെ പങ്ക് ഒട്ടുമില്ല. ചിട്ടയായ, ആലോചിച്ചുറപ്പിച്ച പ്രചാരണ നയങ്ങളുടെ വിജയമാണ് അവർക്ക് ഫലം വന്നപ്പോൾ കിട്ടിയത്. 

അമേഠിയിലെ ബിജെപി കാര്യാലയത്തിൽ പ്രസിഡന്റിന്റെ മുറിയ്ക്കുള്ളിൽ അവർ ഒരു 'വാർ റൂം' തന്നെ തയ്യാറാക്കിയിരുന്നു. അതിൽ സിസിടിവി കാമറകളും, നാലഞ്ച് ഡെസ്ക്ടോപ്പ് കാമറകളും,  ഐടി വിദഗ്ധൻ വിവേക് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സദാ ജാഗരൂകരായി പ്രവർത്തിച്ചുകൊണ്ടിരുന്നു. സ്മൃതി ഇറാനിയ്ക്ക് ഗുണം ചെയ്യുന്ന വാർത്തകൾ അമേഠിയുടെ എല്ലാ കോണിലും എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെയും ടീമിന്റെയും ദൗത്യം.  വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമായ ഫോർവേർഡിങ്ങ് നടന്നുകൊണ്ടിരുന്നു. 

വികസനം ചെന്നെത്തിയിട്ടില്ലാത്ത അമേഠിയുടെ ഓരോ മുക്കും മൂലയും ബിജെപി പ്രവർത്തകർ കാമറയിൽ ഒപ്പിയെടുത്തു. പൊട്ടിപ്പൊളിഞ്ഞ ഒരു ടാർ റോഡിൽ ഞാറു നടുന്നതിന്റെ വീഡിയോ തന്നെ ഉദാഹരണം. ഒപ്പം ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയവയിലും കൃത്യമായ പ്രചാരണങ്ങൾ നടന്നു. കാൻഷിറാമും, ശരദ് യാദവും, കുമാർ ബിശ്വാസും അടക്കമുള്ള നേതാക്കൾ ഒരുവട്ടം വോട്ടുചോദിക്കാനല്ലാതെ രണ്ടാമതൊരിക്കൽ തിരിഞ്ഞു പോലും നോക്കിയിട്ടില്ലാത്ത അമേഠിയിൽ നിരന്തരം സന്ദർശനങ്ങൾ നടത്തികൊണ്ടിരുന്ന സ്മൃതി ഇറാനി മെല്ലെമെല്ലെ അവരുടെ മനസ്സിൽ ഇടം നേടി. 

രാഹുലിനോടുള്ള പരിഭവം 

അമേഠിക്കാർക്ക് തങ്ങൾ മൂന്നുവട്ടം പാർലമെന്റിലേക്ക് വിട്ട രാഹുൽ ഗാന്ധിയോട് കടുത്ത പരിഭവമുണ്ടായിരുന്നു. കാണാൻ കിട്ടുന്നില്ല എന്നത് ഒരു പരിഭവം. മണ്ഡലത്തിൽ വികസനമെത്തുന്നില്ല എന്നത് അടുത്ത പരിഭവം. ഒന്ന് പരാതി പറയാൻ പോലും ആരെയും കണി കാണാൻ കിട്ടുന്നില്ല എന്നായിരുന്നു ആളുകളുടെ പ്രധാന പരാതി. 

രാഹുൽ ഗാന്ധിയെപ്പറ്റി അമേഠിയിൽ പ്രചരിപ്പിക്കപ്പെട്ട കഥകളിൽ പ്രധാനം, അദ്ദേഹം 'ടുക്ഡേ  ടുക്ഡേ' ഗാങ്ങിന്റെ അനുഭാവിയാണ് എന്നതും, രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നു എന്നതുമായിരുന്നു.  കനയ്യാ കുമാറിനും, ഉമർ ഖാലിദിനും മറ്റും എതിരെ പോലീസ് ചാർജ്ജ് ഷീറ്റുപോലും ഇതുവരെ കൊടുത്തിട്ടില്ലെങ്കിലും അവർ രാജ്യത്തെ വെട്ടിമുറിക്കാൻ നടക്കുന്നവരാണ് എന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു എന്നും,  അതുപോലെ സാഥ്‌വി പ്രഗ്യയ്ക്കു നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന തീവ്രവാദ ആരോപണങ്ങൾ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ഉപജാപങ്ങളുടെ ഭാഗമാണെന്നുമാണ് അമേഠിക്കാർ വിശ്വസിക്കുന്നത്. 

പത്തുവർഷം യുപിഎ സർക്കാർ ഭരിച്ച കാലത്ത് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്ത് പാര്ലമെന്റിലയച്ചിട്ടും മണ്ഡലത്തിൽ വികസനം വന്നില്ലെന്ന ആരോപണത്തെ ബിജെപിക്കാർ പരമാവധി പ്രോത്സാഹിപ്പിച്ചു. രാജ്യസുരക്ഷയ്ക്ക് മോദി സർക്കാർ നൽകുന്ന പ്രഥമപരിഗണന ആളുകളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ വേണ്ടി, സ്മൃതി ഇറാനിയുടെ കാർമ്മികത്വത്തിലുള്ള ഒരു ഫിലിം സൊസൈറ്റി, ഒരു തിയറ്റർ പോലും ഇല്ലാത്ത അമേഠിയിൽ പോർട്ടബിൾ സിനിമ കൊണ്ടുവന്ന് സർജിക്കൽ സ്‌ട്രൈക്കിനെ പ്രകീർത്തിച്ചുകൊണ്ടുള്ള  'ഉറി' എന്ന ദേശഭക്തി സിനിമയുടെ പ്രദർശനങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരുന്നു. 'ഉറി'  ആവേശം കൊണ്ട ഗ്രാമീണർ സ്മൃതി ഇറാനിയ്ക്ക് അനുകൂലമായി വോട്ടും ചെയ്തു. 

അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം 'മോദി മാജിക്കി'ന്റെയും സ്മൃതി ഇറാനിയുടെ കഠിന പരിശ്രമത്തിന്റെയും മാത്രം ഫലമാണെന്നാണ് മണ്ഡലത്തിലെ ബിജെപി നേതാവായ ഗോവിന്ദ് സിങ്ങിന്റെ അഭിപ്രായം. രാജീവ് ഗാന്ധിയുടെ കാലം തൊട്ടിങ്ങോട്ട് ദശാബ്ദങ്ങളോളം കോൺഗ്രസിനെ മാത്രം പിന്തുണച്ച  ചരിത്രമുള്ള അമേഠിയിൽ ഇക്കുറി അവർക്ക്  വിനയായത് ഒരു പക്ഷേ, എന്തൊക്കെ നടന്നാലും  ഈ 'കുടുംബ' മണ്ഡലം തങ്ങളെ കൈവിടില്ലെന്ന അവരുടെ അമിതമായ ആത്മവിശ്വാസമായിരിക്കാം.  


 

click me!