മനുഷ്യർ പുകയില ഉപയോ​ഗിച്ച് തുടങ്ങിയത് 12,300 വർഷങ്ങൾക്ക് മുമ്പോ? തെളിവുമായി പുരാവസ്തു ​ഗവേഷകർ

Published : Oct 13, 2021, 09:36 AM IST
മനുഷ്യർ പുകയില ഉപയോ​ഗിച്ച് തുടങ്ങിയത് 12,300 വർഷങ്ങൾക്ക് മുമ്പോ? തെളിവുമായി പുരാവസ്തു ​ഗവേഷകർ

Synopsis

"പുകയില വിത്തുകൾ വലിയ അത്ഭുതമായിരുന്നു. അവ അവിശ്വസനീയമാംവിധം ചെറുതും അപൂർവ്വമായി സംരക്ഷിക്കപ്പെടുന്നതുമാണ്" ഫാർ വെസ്റ്റേൺ ആന്ത്രോപോളജിക്കൽ റിസർച്ച് ഗ്രൂപ്പിലെ ഡാരൺ ഡ്യൂക്ക്, ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു. 

മനുഷ്യർ എത്ര വർഷങ്ങൾക്ക് മുമ്പ് പുകയില(tobacco) ഉപയോ​ഗിച്ച് തുടങ്ങിക്കാണും? നൂറോ ആയിരമോ അല്ല പുതിയൊരു കണ്ടെത്തൽ പറയുന്നത് 12,300 വർഷങ്ങൾക്ക് (12,300 years) മുമ്പ് എങ്കിലും ഉപയോ​ഗിച്ച് തുടങ്ങിക്കാണും എന്നാണ്. യൂട്ടായിലെ (Utah) ഒരു പുരാതന അടുപ്പിൽ കണ്ടെത്തിയ നാല് കരിഞ്ഞ പുകയില ചെടികളുടെ വിത്തുകളിൽ നിന്നുമാണ് ​ഗവേഷകർ ഈ സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

മുമ്പ് വിചാരിച്ചതിലും ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യര്‍ പുകയില ഉപയോഗിച്ചിരുന്നു എന്നാണ് ഈ കണ്ടെത്തൽ തെളിയിക്കുന്നത്. ഗ്രേറ്റ് സാൾട്ട് ലേക്ക് മരുഭൂമിയിലെ വേട്ടക്കാരോ, വസ്തുക്കള്‍ ശേഖരിക്കാനെത്തിയവരോ ചെടി വായിലിട്ട് വലിച്ചെടുക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ പുതിയ കണ്ടെത്തലിന് മുമ്പ് വരെ അലബാമയില്‍ കണ്ടെത്തിയ 3,300 വര്‍ഷങ്ങള്‍ പഴക്കമുള്ള സ്മോക്കിംഗ് പൈപ്പാണ് ഏറ്റവും പഴക്കം ചെന്ന പുകവലിയെ കുറിച്ച് ലഭ്യമായിരുന്ന വിവരം. 

ഇപ്പോൾ വടക്കൻ യൂട്ടായിലെ മരുഭൂമിയിലെ ഒരു പുരാതന ക്യാമ്പായ വിഷ്ബോൺ സൈറ്റിൽ നിന്ന് പുരാവസ്തു ഗവേഷകർ മില്ലിമീറ്റർ വീതിയുള്ള വിത്തുകൾ കണ്ടെത്തുകയായിരുന്നു. എല്ലുകളും കല്ലുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പുരാതന അടുപ്പിന്റെ അവശിഷ്ടങ്ങളും അവിടെ അവർ കണ്ടെത്തി. താറാവിന്റെ അസ്ഥികൾ, കല്ല് ഉപകരണങ്ങൾ, ഒരു മാമോത്തിന്‍റെയോ അല്ലെങ്കില്‍ പണ്ടത്തെ ആനയുടെയോ ആയ രക്തത്തിന്റെ അവശിഷ്ടങ്ങൾ വഹിക്കുന്ന ഒരു കുന്തമുന എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നേച്ചർ ഹ്യൂമൻ ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ശാസ്ത്രജ്ഞർ പറയുന്നത്, പാചകം ചെയ്യുമ്പോഴോ ഉപകരണങ്ങൾ ഉണ്ടാക്കുമ്പോഴോ തദ്ദേശീയരായ അമേരിക്കൻ വേട്ടക്കാർ പുകയില ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ്.

പുകയില ചെടിയുടെ ജന്മദേശം അമേരിക്കയാണ്, അതിൽ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കയിൽ യൂറോപ്യന്മാരുടെ ആഗമനത്തെത്തുടർന്ന് ലോകമെമ്പാടും പുകയില വ്യാപകമായി കൃഷി ചെയ്യുകയും വ്യാപിക്കുകയും ചെയ്തു.

"പുകയില വിത്തുകൾ വലിയ അത്ഭുതമായിരുന്നു. അവ അവിശ്വസനീയമാംവിധം ചെറുതും അപൂർവ്വമായി സംരക്ഷിക്കപ്പെടുന്നതുമാണ്" ഫാർ വെസ്റ്റേൺ ആന്ത്രോപോളജിക്കൽ റിസർച്ച് ഗ്രൂപ്പിലെ ഡാരൺ ഡ്യൂക്ക്, ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു. "ഇത് സൂചിപ്പിക്കുന്നത് താരതമ്യേന നേരത്തെ തന്നെ ആളുകൾ പുകയിലയുടെ ലഹരി ഗുണങ്ങൾ പഠിച്ചു എന്നാണ്" എന്നും അദ്ദേഹം പറയുന്നു.

ഇന്ന്, ഗ്രേറ്റ് സാൾട്ട് ലേക്ക് മരുഭൂമി ഒരു വലിയ വരണ്ട തടാകമാണ്. എന്നാൽ, 12,300 വർഷങ്ങൾക്ക് മുമ്പ്, അത് ഒരു വിശാലമായ ചതുപ്പുനിലമായിരുന്നു. അവിടെ അത്രയും വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ സംസ്കാരത്തെക്കുറിച്ച് തങ്ങൾക്ക് വളരെ കുറച്ച് മാത്രമേ അറിയൂ എന്നും ഈ കണ്ടെത്തല്‍ വലിയ സന്തോഷം നല്‍കുന്നുവെന്നും ഡ്യൂക്ക് പറയുന്നു. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ