പൊലീസ് അറസ്റ്റുചെയ്ത ഡോണിന്റെ മകനെ അധോലോകം രക്ഷപ്പെടുത്തിയത് ഇങ്ങനെ

By Web TeamFirst Published Oct 19, 2019, 11:14 AM IST
Highlights

ആധുനികമായ ആയുധങ്ങളും വാഹനങ്ങളും ഒക്കെ ഗുസ്‌മാന്റെ സംഘത്തിനുണ്ടായിരുന്നപ്പോൾ, അതിനെതിരെ തങ്ങളുടെ പഴയ തോക്കുകൾ മാത്രം വെച്ച് മെക്സിക്കൻ പൊലീസിന് പിടിച്ചു നിൽക്കാനായില്ല 

സിനിമകളെ അനുസ്മരിപ്പിക്കുന്ന രക്ഷപ്പെടലുകൾ എൽ ചാപ്പോയുടെ കുടുംബത്തിന് പറഞ്ഞിട്ടുള്ളതാണ് എന്ന് തോന്നുന്നു. ഏതെങ്കിലുമൊക്കെ അധോലോകനായകരുടെ കൈകൊണ്ട് മാനംകെടുന്നത് മെക്സിക്കൻ പൊലീസിനും. ഹ്വാക്കിൻ ഗുസ്‌മാൻ ലോവേരാ എന്ന 'എൽ ചാപ്പോ' പലവട്ടം മെക്സിക്കൻ പൊലീസിന്റെ കയ്യിൽ പെട്ടിട്ടുണ്ട്. പലവട്ടം അയാൾ ജയിൽ ചാടിയിട്ടുമുണ്ട്. ജയിലറകളിൽ നിന്ന് പുറത്തേക്ക് തുരങ്കമുണ്ടാക്കിയും, ശൗചാലയങ്ങളിലെ കമ്മോഡ് അടർത്തിമാറ്റിയും, കോടതിയിലേക്കുള്ള വഴിയിൽ വാഹനം കുറുകെയിട്ടും പലകുറി അയാളെ മയക്കുമരുന്ന് മാഫിയ തടവിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കഥകൾ പറഞ്ഞാലും തീരില്ല. 
 


 

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത, ഇതേ എൽ ചാപ്പോയുടെ മകനായ ഒവിഡിയൊ ഗുസ്‌മാൻ ലോപ്പസിനെ അറസ്റ്റുചെയ്യാൻ വേണ്ടി മെക്സിക്കൻ പൊലീസ് നടത്തിയ ഒരു വിഫലശ്രമത്തെപ്പറ്റിയാണ്. അങ്ങനെ ഒരു നീക്കം പൊലീസിന്റെ പക്ഷത്തുനിന്ന് ഉണ്ടായതിന്റെ പേരിൽ നഗരത്തിൽ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ ഒവിഡിയോയെ അയാളുടെ മാഫിയാസംഘാംഗങ്ങളുടെ കൂടെവിട്ട് ജീവനുംകൊണ്ട് തിരികെപ്പോരേണ്ടി വന്നു പൊലീസിന്. 
 


 

അധോലോക മാഫിയയ്ക്കുമുന്നിൽ ഇങ്ങനെ നാണംകെട്ട ഒരു കീഴടങ്ങൽ നടത്തേണ്ടി വന്നതിന്റെ ജാള്യത അടുത്തകാലത്തൊന്നും മെക്സിക്കൻ പൊലീസിനെ വിട്ടുപോകുമെന്നു തോന്നുന്നില്ല. യന്ത്രത്തോക്കുകളും മറ്റുമായി മെക്സിക്കൻ നഗരമായ കുളിയാകാനിന്റെ തെരുവുകളിലേക്ക് ഇറങ്ങിവന്ന 'സിനോലോവാ' കാർട്ടലിന്റെ കൊലയാളിസംഘത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ മെക്സിക്കൻ പൊലീസിന് സാധിച്ചില്ല. പൊലീസും കാർട്ടലിന്റെ പോരാളികളും തമ്മിലുള്ള വെടിവെപ്പിന്റെ നിരവധി വീഡിയോകൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. 
 


തങ്ങളുടെ നേതാവായ ഓവിഡിയോയെ മോചിപ്പിച്ച കാർട്ടൽ അംഗങ്ങൾ പിന്നാലെ  ഓട്ടോമാറ്റിക് ഗണ്ണുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ കുളിയാകാൻ പട്ടണത്തിൽ അങ്ങോളമിങ്ങോളം ചുറ്റിനടന്ന് വെടിവെക്കുകയും വാഹനങ്ങൾക്ക് തീയിടുകയും പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗതസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു. പട്ടാളവും ഗുസ്‌മാന്റെ സംഘങ്ങളും തമ്മിൽ തെരുവിൽ യുദ്ധം തന്നെ നടന്നു തുടർന്ന്. പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുറപ്പായതോടെ അധികം താമസിയാതെ ഒവിഡിയോ ഗുസ്‌മാനെതിരെയുള്ള ഓപ്പറേഷൻ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി മെക്സിക്കൻ പൊലീസ് വൃത്തങ്ങളും അറിയിച്ചു. 

താൽക്കാലികമായെങ്കിലും മെക്സിക്കൻ പൊലീസിന് അധോലോക മയക്കുമരുന്നു സംഘമായ സിനാലോവ കാർട്ടെലിൽ നിന്ന് ഏൽക്കേണ്ടിവന്ന തിരിച്ചടി, സംഘടിത കുറ്റകൃത്യങ്ങളുടെ അധോലോകത്തിന് മെക്സിക്കോയിൽ നിലവിലുള്ള അധികാരസ്വാധീനത്തിന്റെ ഞെട്ടിക്കുന്ന ഒരു ട്രെയിലർ ആണ്. ഒരു മണിക്കൂർ നേരത്തേക്ക് അധോലോകം ബന്ദിയാക്കിയത് മെക്സിക്കോ എന്ന രാജ്യത്തെ തന്നെയാണ്. അങ്ങനെ ഒരു ആക്രമണം ഉണ്ടായപ്പോൾ, തിരിച്ചടിക്കേണ്ടതെങ്ങനെ എന്നുപോലും അറിയാതെ മെക്സിക്കൻ പൊലീസ് പകച്ചു നിന്നുപോവുകയായിരുന്നു. യാതൊരുവിധ ബാക്കപ്പ് പ്ലാനും അവർക്കുണ്ടായിരുന്നില്ല. ആധുനികമായ ആയുധങ്ങളും വാഹനങ്ങളും ഒക്കെ ഗുസ്‌മാന്റെ സംഘത്തിനുണ്ടായിരുന്നപ്പോൾ, അതിനെതിരെ തങ്ങളുടെ പഴയ തോക്കുകൾ മാത്രം വെച്ച് മെക്സിക്കൻ പൊലീസിന് പിടിച്ചു നിൽക്കാനായില്ല എന്നതാണ് വാസ്തവം. 
 


 

ഈ തോൽവി മെക്സിക്കൻ പ്രസിഡന്റ് AMLO എന്നറിയപ്പെടുന്ന ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോറിനും വലിയ ക്ഷീണമായിട്ടുണ്ട്. രാജ്യസുരക്ഷയിൽ അലംഭാവം കാണിക്കുന്നു പ്രസിഡന്റ് എന്ന വിമർശകരുടെ വാദം ശക്തമാകുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഒരു മയക്കുമരുന്നു കടത്തുകാരൻ ക്രിമിനലിനെ പൊലീസ് അറസ്റ്റുചെയ്യുക. പൊലീസിനെ തോക്കിൻമുനയിൽ നിർത്തിക്കൊണ്ട് സംഘം തിരിച്ചടിച്ച് തങ്ങളുടെ നേതാവിനെ കസ്റ്റഡിയിൽ നിന്ന് ഇറക്കിക്കൊണ്ടുപോകുക, ഇതൊന്നും നെറ്റ് ഫ്ലിക്സ് സീരീസുകളിൽ പോലും കണ്ടാൽ ആളുകൾ വിശ്വസിക്കാത്തത്ര പരിഹാസ്യമായ സംഭവങ്ങളാണ് എന്നാണ് വിമർശകർ പറയുന്നത്. വ്യാഴാഴ്ച അരങ്ങേറിയ വെടിവെപ്പിലും അക്രമത്തിലും ഒരു സിവിലിയൻ അടക്കം ഏഴുപേർ മരിക്കുകയും പതിനാറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഓവിഡിയോ ഗുസ്‌മാനെ വിട്ടയച്ചതിലൂടെ പ്രസിഡന്റ് കുളിയാകാൻ പട്ടണത്തിന് നൽകുന്ന സന്ദേശം വളരെ വ്യക്തമാണെന്നും അവർ പരിഹാസഭാവേന പറയുന്നുണ്ട്, " ഇവിടെ ഭരണം പ്രസിഡന്റിന്റേതല്ല,  സിനാലോവയുടേതാണ്". 

click me!