പുരുഷന്മാരെ എങ്ങനെ ആകർഷിക്കാം, കോഴ്സ് നടത്തി യുവതി സമ്പാദിച്ചത് 31 കോടി! അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Published : Feb 04, 2026, 04:12 PM IST
 Zhou Yuan

Synopsis

പുരുഷന്മാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ പഠിപ്പിക്കുന്ന കോഴ്സിലൂടെ ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ സമ്പാദിച്ചത് 31 കോടിയോളം രൂപ. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെ, ചൈനീസ് അധികൃതർ ഷൗ യുവാൻ എന്ന യുവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. 

പുരുഷന്മാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ സ്ത്രീകളെ പഠിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച് യുവതി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈനീസ് അധികൃതർ. ഷൗ യുവാൻ എന്ന യുവതിക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിനു ശേഷമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഷൗവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേകസമിതി തന്നെ രൂപീകരിച്ചിട്ടുണ്ടത്രെ. പിന്നാലെയാണ് അവർക്കെതിരെയുള്ള അന്വേഷണം തുടങ്ങിയത്. 'സെക്ഷ്വൽ ഇന്റലിജൻസ് ഇൻസ്ട്രക്ടർ' എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ‌ സ്വയം അവകാശപ്പെടുന്നത്.

40 -കാരിയായ ഷൗ നേരത്തെ ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്തിരുന്നത്. പിന്നാലെയാണ് ഈ വേറിട്ട കോഴ്സുമായി എത്തിയത്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു കോഴ്സ്. പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി അവരുടെ കണ്ണിൽ തന്നെ ദീർഘനേരം നോക്കിയിരിക്കുന്നത് എങ്ങനെ, ആകർഷകമായ രീതിയിൽ കാലുകൾ പിണച്ചുവെച്ചു കൊണ്ട് നിന്ന് പുരുഷന്മാരെ എങ്ങനെ ആകർഷിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെയാണത്രെ ഇവർ സ്ത്രീകളെ പരിശീലിപ്പിക്കുന്നത്.

പുരുഷന്മാരെ 'കീഴടക്കുന്നതിനുള്ള' ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്ന ഒരു കോഴ്‌സിന് 88,000 യുവാൻ (11,45,457 രൂപ) വരെയാണത്രെ ചിലവ്. ചിലപ്പോൾ ഇത് ഒരുലക്ഷം യുവാൻ വരെ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് മാധ്യമങ്ങളുടെ കണക്കുകൾ പ്രകാരം ഷൗവിന്റെ ഈ കോഴ്സ് പതിനായിരക്കണക്കിന് സ്ത്രീകളെ ആകർഷിച്ചു. കൂടാതെ 24–27 ദശലക്ഷം യുവാൻ വരുമാനം (ഏകദേശം 31 കോടി) അവർ ഇതുവഴി നേടിയത്രെ.

ഓൺലൈനിലും ഓഫ്‍ലൈനിലും ഇവർ കോഴ്സുകൾ നടത്തുന്നുണ്ട്. കോഴ്സ് പിന്നീട് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായി. സംസ്കാരികമായ മൂല്ല്യച്യുതി എന്നും ധാർമ്മികമായി തെറ്റാണ് എന്നും സ്ത്രീകളെ വെറും ആണുങ്ങളെ ആകർഷിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുകയാണ് എന്നുമെല്ലാം വിമർശനങ്ങളുയർന്നു. പിന്നാലെ, പല സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടു. ഇപ്പോൾ ഇവർക്കെതിരെ അന്വേഷണം നടക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വീടിന്‍റെ വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വെച്ചു; യുവതി കാരണമുണ്ടായത് നിരവധി അപകടങ്ങൾ
സ്വന്തം ജീവൻ പണയം വച്ച് 20 കുട്ടികളെ തേനീച്ച ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി, അങ്കണവാടി ആയയ്ക്ക് ദാരുണാന്ത്യം