
മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ കുട്ടികളെ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയ അങ്കണവാടി ആയയ്ക്ക് ദാരുണാന്ത്യം. 20 ഓളം കുട്ടികളെ തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനിടെ ഇവരെ തേനീച്ച കൂട്ടം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 40 -കാരിയായ കാഞ്ചൻ ഭായ് മേഘ്‌വാൾ പിന്നീട് മരണത്തിന് കീഴടങ്ങി. മദവാഡയിലെ അങ്കണവാടിയിൽ ആയയാണ് കാഞ്ചൻ ഭായ്.
20 കുട്ടികൾ അങ്കണവാടിക്ക് പുറത്ത് കളിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം കുട്ടികളെ അക്രമിക്കുകയായിരുന്നു. ഈ സമയം കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്ന കാഞ്ചൻ ഭായ് അടുത്തുണ്ടായിരുന്ന ടാർപാളിൻ ഷീറ്റും തുണികളും ഉപയോഗിച്ച് കുട്ടികളെ പൊതിഞ്ഞു പിടിച്ചു. ഈ സമയം സ്വയം സംരക്ഷിക്കാൻ വിട്ടുപോയ കാഞ്ചൻ ഭായിയെ തേനീച്ചക്കൂട്ടം അക്രമിക്കുകയായിരുന്നു. എന്നാൽ. തന്നെ അക്രമിക്കുന്ന തേനീച്ച കൂട്ടത്തെ വകവയ്ക്കാതെ കാഞ്ചൻ ഭായ് കുട്ടികളെ സുരക്ഷിതമായി അങ്കണവാടിക്കുള്ളിലാക്കി.
ഇതിനിടെ കാഞ്ചൻ ഭായുടെ ശരീരം മുഴുവനും തേനീച്ചകൾ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അവസാനത്തെ കുട്ടിയെയും അങ്കണവാടിക്കുള്ളിലാക്കിയെങ്കിലും കാഞ്ചൻ ഭായ് തേനീച്ച കുത്തേറ്റ് തളർന്ന് വീണു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും കാഞ്ചൻ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് നൂറ്റോളം തേനീച്ച കുത്തേറ്റ പാടുകൾ ഇവരുടെ ശരീരത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
ഒരു മകനും രണ്ട് പെണ്‍മക്കളുമുള്ള കാഞ്ചൻ ഭായിയുടെ ഭർത്താവ് തളർന്ന് കിടപ്പിലാണ്. കാഞ്ചൻ ഭായിയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. മധ്യപ്രദേശിൽ അങ്കണവാടി ആയമാരുടെ വരുമാനം 4,250 രൂപയാണ്. കാഞ്ചൻ ഭായിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് അന്ത്യാഞ്ചലി അർപ്പിക്കാനെത്തിയ നൂറുകണക്കിന് പ്രദേശവാസികൾ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.