പഴങ്ങളുടെ രാജാവ് ദുരിയന്‍ വീട്ടില്‍ കൃഷി ചെയ്യാം; ലാഭത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

By Nitha S VFirst Published Nov 25, 2019, 10:54 AM IST
Highlights

'നന്നായി പരിചരിച്ച് വളര്‍ത്തിയാല്‍ ഒരു മരത്തില്‍ നിന്ന് ഏതാണ്ട് 40 മുതല്‍ നാനൂറിലേറെ ചക്കകള്‍ കിട്ടും. ഏകദേശം 10 മുതല്‍ 40 വരെ ചുളകള്‍ ഓരോ ചക്കയില്‍ നിന്നും കിട്ടും. ' സുരേഷ് മുതുകുളം വിശദമാക്കുന്നു.

ഐസ്‌ക്രീം, ബിസ്‌കറ്റ്, കേക്ക്, മില്‍ക്ക് ഷേക്ക് എന്നിവ തയ്യാറാക്കാന്‍ ഉത്തമമായ ദുരിയാന്‍ എന്ന പഴം ആളൊരു കേമനാണ്. പഴങ്ങളുടെ രാജാവ് എന്നാണ് തെക്കുകിഴക്കന്‍ എഷ്യക്കാരനായ ദുരിയാന്‍ അറിയപ്പെടുന്നത്. ഫുട്ബാളിന്റെ വലിപ്പമാണ് ഈ പഴത്തിന്. കൂര്‍ത്ത് മൂര്‍ത്ത നീളന്‍ മുള്ളുകള്‍ ഉണ്ടായിരിക്കും. നമ്മുടെ ആഞ്ഞിലിച്ചക്കയോടും സാധാരണ പ്ലാവിലെ ചക്കയോടും സാമ്യം തോന്നാവുന്ന ഈ പഴത്തെ പരിചയപ്പെടാം.

'ദുരിയാന്റെ ജന്മദേശം മലേഷ്യയിലും ഇന്തോനോഷ്യയിലുമൊക്കെയാണ്. ഉള്‍വശം ചക്കയിലെ ചുളകള്‍ പോലെയുണ്ടാകും. ചക്കക്കുരുവിനേക്കാള്‍ വലുപ്പത്തിലുള്ള വിത്തുകള്‍ ഉണ്ടാകും. കുരുവിന് മുകളിലുള്ള ആത്തപ്പഴത്തിനകത്ത് പറ്റയിരിക്കുന്നതുപോലുള്ള ഭാഗമാണ് ഭക്ഷ്യയോഗ്യം.' മുന്‍ കൃഷി ജോയിന്റ് ഡയറക്ടര്‍ സുരേഷ് മുതുകുളം ദുരിയാനെ പരിചയപ്പെടുത്തുന്നു.

ഒരു പഴത്തിന് ഏതാണ്ട് മൂന്ന് കിലോ വരെ തൂക്കമുണ്ടാകും. ഇതിന് വല്ലാത്തൊരു രൂക്ഷഗന്ധമുണ്ട്. ചിലര്‍ക്ക് ഈ മണം ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഗന്ധമാണ് ഇത്. 'ദുരി' എന്ന മലയന്‍ പദത്തിന്റെ അര്‍ഥം മുള്ള് എന്നാണ്.

'നന്നായി പരിചരിച്ച് വളര്‍ത്തിയാല്‍ ഒരു മരത്തില്‍ നിന്ന് ഏതാണ്ട് 40 മുതല്‍ നാനൂറിലേറെ ചക്കകള്‍ കിട്ടും. ഏകദേശം 10 മുതല്‍ 40 വരെ ചുളകള്‍ ഓരോ ചക്കയില്‍ നിന്നും കിട്ടും. ' സുരേഷ് മുതുകുളം വിശദമാക്കുന്നു.

'മൂപ്പെത്തുമ്പോള്‍ പഴുത്ത ചക്ക തുല്യഭാഗങ്ങളായി പൊട്ടിവിടരും. ചുളകള്‍ നിരന്നു കാണാന്‍ സാധിക്കും. ഈ പഴം മരത്തില്‍ നിന്നുതന്നെ വിളഞ്ഞു പഴുക്കുന്നതാണ് സ്വാദ് കൂടുതല്‍. ഏകദേശം അഞ്ച് ദിവസത്തോളം പഴങ്ങള്‍ക്ക് കേട് സംഭവിക്കില്ല. ചുളകള്‍ പനയോലയില്‍ പൊതിഞ്ഞ് തണുപ്പിച്ച് സൂക്ഷിച്ചാല്‍ ഒരു വര്‍ഷത്തോളം കേടുവരാതിരിക്കും.' അദ്ദേഹം ദുരിയാന്റെ സവിശേഷതകള്‍ വിവരിക്കുന്നു.

വിളവെടുപ്പ് നടത്തിയാല്‍  വളപ്രയോഗവും നടത്തണം. അഞ്ചുകിലോ വീതം എല്ലുപൊടിയും പത്തുകിലോ വീതം ഉണങ്ങിയ ചാണകപ്പൊടിയും നല്‍കാം. മൂന്ന് തവണയായാണ് ഇത് നല്‍കേണ്ടത്.

ദുരിയാന്റെ ഗുണങ്ങള്‍ അറിയാം

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ നല്ലൊരു ഔഷധമാണ് ഇത്. അതുപോലെ കഫക്കെട്ട് ഒഴിവാക്കാനും സഹായിക്കുന്നു. പേശികള്‍ നിര്‍മിക്കാനും അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. സീറോടോണിന്‍ അളവ് ഉയര്‍ത്താന്‍ ദുരിയാന് കഴിയുണ്ട്. അതുകൊണ്ട് ക്ഷീണം അകറ്റാം. ദുരിയാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നു. അതുപോലെ രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു.

ആദായം കിട്ടാന്‍ റംബൂട്ടാന്‍

മലയോരങ്ങളില്‍ കൃഷി ചെയ്താല്‍ നല്ല ആദായം കിട്ടാന്‍ സാധ്യതയുള്ള പഴമാണ് റംബൂട്ടാന്‍. റംബൂട്ടാന്‍ നടുമ്പോള്‍ അത്യാവശ്യം വലുപ്പമുള്ള വലിയ തൈകള്‍ തന്നെ നടണം.

മരങ്ങള്‍ തമ്മില്‍ 40 അടി ഇടയകലം നല്‍കണം. മരങ്ങള്‍ വലുതാകുമ്പോള്‍ മറ്റൊരിടത്തേക്ക് പറിച്ചുനടാം. നട്ട് വളര്‍ത്തി രണ്ടാം വര്‍ഷം മുതല്‍ റംബൂട്ടാന്‍ ഫലം നല്‍കുന്ന മരങ്ങളുണ്ട്.

റബ്ബറിനേക്കാള്‍ ആദായകരമായ വിളയാണ് റംബൂട്ടാന്‍. സാധാരണ ഗതിയില്‍ നാല് മുതല്‍ ഏഴു വര്‍ഷം പ്രായമായാല്‍ റംബൂട്ടാന്‍ കായ്ക്കും. ജൈവകൃഷി തന്നെയാണ് നല്ലത്. സൂര്യപ്രകാശം ഇലകളില്‍ നേരിട്ട് അടിച്ചാല്‍ വിളവ് കൂടും. അതുകൊണ്ടുതന്നെ ഇടവിളയായി റംബൂട്ടാന്‍ കൃഷി ചെയ്തിട്ട് പ്രയോജനമില്ല.

 

റംബൂട്ടാന്റെ ഇല കരിയുന്നതിന് പ്രതിവിധി

'ഈ പഴത്തിന്റെ ചെടികളുടെ സ്ഥിരം പ്രശ്‌നമാണ് ഇല കരിയുന്നത്. പൊട്ടാഷ് കുറഞ്ഞാല്‍ ഇല പൊഴിയാം. അതിനാല്‍ നട്ടുവളര്‍ത്തുമ്പോള്‍ നിശ്ചിത അളവില്‍ പൊട്ടാഷ് ചേര്‍ക്കണം. കാത്സ്യം കുറഞ്ഞാലും ഇല കരിയാം. കുമ്മായം ചേര്‍ത്താല്‍ ഇല കരിച്ചില്‍ നിയന്ത്രിക്കാം' സുരേഷ് മുതുകുളം റംബൂട്ടാന്‍ കൃഷിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് വിശദീകരിക്കുന്നത്.

കുമിള്‍ ബാധ മൂലവും ഇല കരിച്ചില്‍ ഉണ്ടാകാമെന്ന് ഇദ്ദേഹം പറയുന്നു. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചാല്‍ മതി. അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി പ്രയോഗിക്കാം. ഇല കരിച്ചിലിനൊപ്പം കൊഴിയുന്ന പ്രശ്‌നവും കാണാം. ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.


 

click me!