മാങ്കോസ്റ്റിന്‍ ഇലകളിട്ട് ചായ തിളപ്പിച്ചാല്‍? വീട്ടില്‍ത്തന്നെ ഇനി നട്ടുവളര്‍ത്താം

By Web TeamFirst Published Dec 30, 2019, 2:44 PM IST
Highlights

ഗ്രാഫ്റ്റ് ചെയ്‍ത തൈകള്‍ വളര്‍ത്താറുണ്ട്. പക്ഷേ, വിളവ് ലഭിക്കുന്ന കാര്യത്തില്‍ പുറകിലോട്ടാണ്. 50 വര്‍ഷമെങ്കിലും പ്രായമുള്ള മരത്തില്‍ നിന്നുള്ള പഴങ്ങളുടെ വിത്തുകളേ ആരോഗ്യത്തോടെ വളര്‍ന്ന് ഗുണമേന്മയുള്ള പഴങ്ങള്‍ നല്‍കുകയുള്ളൂ.
 

മാങ്കോസ്റ്റിന്‍ പഴം കാണാന്‍ നല്ല ഭംഗിയാണ്. രുചിയുടെ കാര്യം പറയേണ്ടതില്ല. കടുംവയലറ്റ് നിറത്തിലുള്ള പഴത്തിന് മുകള്‍ഭാഗത്ത് ഒരു കൊച്ചുകിരീടം ഉറപ്പിച്ചുനിര്‍ത്തിയ രൂപത്തിലുള്ള ഞെട്ടുമായി നില്‍ക്കുന്ന ഈ പഴങ്ങളുടെ റാണി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.

കേരളത്തിലും മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നുണ്ട്. തണലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ നന്നായി വളരുന്നത്. മലേഷ്യ, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ വൃക്ഷം നന്നായി വളരുന്നു.

കുടംപുളിയുടെ അടുത്ത കുടുംബമാണ് മാങ്കോസ്റ്റിന്‍. അതുകൊണ്ടുതന്നെ കുടംപുളിയാണെന്ന് തെറ്റിദ്ധരിച്ച് മാങ്കോസ്റ്റിന്‍ കൃഷി ചെയ്‍തവരുമുണ്ട്. നല്ല വെള്ളനിറത്തിലുള്ള അകക്കാമ്പാണ് ഭക്ഷിക്കാന്‍ യോഗ്യമായത്. വിറ്റാമിനും ധാതുക്കളും നിരോക്‌സീകാരകങ്ങളും അടങ്ങിയതാണ് മാങ്കോസ്റ്റീന്‍.

 

മാങ്കോസ്റ്റിന്റെ വിത്ത് പുറത്തെടുത്താല്‍ അധികകാലം സൂക്ഷിച്ചു വെക്കരുത്. മുളപ്പിക്കാനാണെങ്കില്‍ വളരെ വേഗത്തില്‍ തന്നെ വിത്ത് പാകണം. ഒരു കായയില്‍ മുളയ്ക്കാന്‍ കഴിവുള്ള ഒന്നോ രണ്ടോ വിത്തു മാത്രമേ ഉണ്ടാകുകയുള്ളു. ഏകദേശം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് വിത്ത് മുളച്ച് തൈകളാകും. പാര്‍ത്തനോകാര്‍പി എന്ന പ്രതിഭാസം വഴിയാണ് മാങ്കോസ്റ്റീന്‍ പഴങ്ങള്‍ വിളഞ്ഞു പാകമാകുന്നത്. വിത്ത് മുളച്ചുണ്ടാകുന്ന തൈകളില്‍ കായകളുണ്ടാകാന്‍ 15 വര്‍ഷം വരെ എടുക്കാറുണ്ട്.

ഗ്രാഫ്റ്റ് ചെയ്‍ത തൈകള്‍ വളര്‍ത്താറുണ്ട്. പക്ഷേ, വിളവ് ലഭിക്കുന്ന കാര്യത്തില്‍ പുറകിലോട്ടാണ്. 50 വര്‍ഷമെങ്കിലും പ്രായമുള്ള മരത്തില്‍ നിന്നുള്ള പഴങ്ങളുടെ വിത്തുകളേ ആരോഗ്യത്തോടെ വളര്‍ന്ന് ഗുണമേന്മയുള്ള പഴങ്ങള്‍ നല്‍കുകയുള്ളൂ.

അനുയോജ്യമായ മണ്ണ്

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്. പി.എച്ച് മൂല്യം അഞ്ചിനും ആറിനും ഇടയില്‍ ആയിരിക്കണം. വളക്കൂറുള്ള മണ്ണിലാണ് വളരുന്നതെങ്കില്‍ ധാരാളം പഴങ്ങള്‍ നല്‍കും. വളരുന്ന ആദ്യകാലത്ത് തണല്‍ തന്നെയാണ് നല്ലത്. സൂര്യപ്രകാശവുമായി പൊരുത്തപ്പെടാന്‍ കുറച്ചുവര്‍ഷങ്ങള്‍ കഴിയണം.

ഒട്ടുതൈകള്‍ വഴിയും വളര്‍ത്തിയെടുക്കാവുന്നതാണ്. അതാകുമ്പോള്‍ ആറുമാസം കൊണ്ട് നടാന്‍ പാകമാകും. 90 x 90 x 90 സെ.മീ വലുപ്പത്തിലുള്ള കുഴികളിലാണ് തൈകള്‍ നടുന്നത്. 9 മീറ്റര്‍ അകലത്തിലായിരിക്കണം കുഴികള്‍ തയ്യാറാക്കേണ്ടത്. ചാണകപ്പൊടിയും കമ്പോസ്റ്റും വളമായി നല്‍കാം. ഓരേ മരത്തിനും 5 കി.ഗ്രാം വീതം എല്ലുപൊടിയും 10 കി.ഗ്രാം വീതം ഉണങ്ങിയ ചാണകപ്പൊടിയും നല്‍കാം. മൂന്ന് തവണയായാണ് വളം നല്‍കുന്നത്. ഒട്ടുതൈകളിലാണ് വളരെ വേഗത്തില്‍ കായകളുണ്ടാകുന്നത്. ഏകദേശം  ആറോ ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടുതൈകളില്‍ കായകളുണ്ടാകും. സാവധാനത്തില്‍ വളരുന്ന മരമാണിത്.

 

പയര്‍വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ ഇലകള്‍ മാങ്കോസ്റ്റിന്റെ തടങ്ങളില്‍ പുതയിട്ടുകൊടുക്കാം. ജീവാമൃതം ലായനി ഓരോ മാസവും ഒഴിച്ചുകൊടുക്കുന്നത് ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ നല്ലതാണ്.

കായ പൊഴിയാതെ ശ്രദ്ധിക്കണമെങ്കില്‍ നാല് ഗ്രാം കാല്‍സ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കായകളില്‍ സ്‌പ്രേ ചെയ്യാം. കായകള്‍ ഉണ്ടായി വരുമ്പോള്‍ ഒരു മാസത്തിനുശേഷം ആദ്യത്തെ സ്‌പ്രേ തളിക്കാം. പിന്നെ മൂന്നാഴ്ച ഇടവിട്ട് കായകള്‍ വിളവെടുക്കുന്നതുവരെ ഇതേരീതിയില്‍ തളിക്കാം.

വളപ്രയോഗം ശ്രദ്ധിക്കുക

നന്നായി ജൈവവളം നല്‍കേണ്ട മരമാണ് മാങ്കോസ്റ്റിന്‍. തൈകള്‍ നട്ട് നാല് മാസങ്ങള്‍ക്കുശേഷമാണ് ആദ്യമായി വളം നല്‍കേണ്ടത്. 500 ഗ്രാം 18:18:18 വളം തടത്തിനു ചുറ്റും വിതറണം. അതിനുശേഷം അഞ്ചു കിലോ കമ്പോസ്റ്റും നല്‍കണം.

ഓരോ വര്‍ഷവും 18: 18: 18  വളത്തിന്റെ അളവ് 250 ഗ്രാം കൂട്ടിക്കൊടുക്കണം. നാല് വര്‍ഷമാകുമ്പോള്‍ ഒന്നേ കാല്‍ കിലോ വളം രണ്ടുതവണയായി മരത്തിന് ലഭിച്ചിരിക്കണം.

പച്ചിലവളങ്ങള്‍ നന്നായി നല്‍കിയാല്‍ മണ്ണില്‍ ജൈവാംശം വര്‍ധിക്കും. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ചെയ്‍ത് കായകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.

 

ഫെബ്രുവരി പകുതിയാകുമ്പോള്‍ മാങ്കോസ്റ്റീന്‍ പൂവിടുകയും മാര്‍ച്ച് പകുതിയോടെ പൂവിടല്‍ അവസാനിക്കുകയും ചെയ്യും. മൂന്ന് മാസമെടുത്താണ് കായകള്‍ മൂപ്പെത്തുന്നത്. ജൂണ്‍-ജൂലായ് മാസത്തിലാണ് വിളവെടുക്കുന്നത്.  തണലില്‍ വളരുന്നതുകൊണ്ട് നമ്മുടെ തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വളര്‍ത്താവുന്നതാണ് മാങ്കോസ്റ്റിന്‍.

പച്ച നിറമുള്ള കായകള്‍ക്ക് വയലറ്റ് നിറമാകുമ്പോഴാണ് വിളവെടുപ്പിന് പാകമാകുന്നത്. ഇരുപത് വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരത്തില്‍ നിന്ന് പരമാവധി 500 കായകള്‍ വരെ കിട്ടുമെന്നാണ് പറയുന്നത്.

മാങ്കോസ്റ്റിന്റെ ഉപയോഗം

ജാം, സ്‌ക്വാഷ് എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. പഴത്തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ചര്‍മരോഗങ്ങള്‍ക്ക് പ്രതിവിധിയാണിത്. മാങ്കോസ്റ്റിന്റെ ഇലകളിട്ട് ചായ തയ്യാറാക്കിയാല്‍ പനി കുറയുമെന്നും മൂത്രാശയ സംബന്ധമായ തകരാറുകള്‍ക്ക് പ്രതിവിധിയാണെന്നും പറയുന്നു.

click me!