2000 വർഷം പഴക്കമുള്ള രണ്ട് ഈജിപ്ഷ്യൻ മമ്മികളിൽ നടത്തിയ ഹൈ-റെസല്യൂഷൻ സിടി സ്കാൻ, പുരാതന മനുഷ്യർക്കും ആധുനിക മനുഷ്യരുടേതിന് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. 

പുരാതന ഈജിപ്ഷ്യൻ മമ്മികളെക്കുറിച്ചുള്ള പഠനത്തിൽ വിപ്ലവകരമായ കണ്ടെത്തലുകളുമായി ഗവേഷകർ. ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും മനുഷ്യശരീരത്തിന്റെ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങൾക്ക് മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങൾ. അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ (USC) കെക്ക് മെഡിസിനിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഹൈ-റെസല്യൂഷൻ സിടി സ്കാനിംഗിലൂടെയാണ് ഈ അത്ഭുതകരമായ വിവരങ്ങൾ പുറത്തുവന്നത്.

Add Asianetnews as a Preferred SourcegooglePreferred

ക്രിസ്തുവിനു മുൻപ് 330 -ൽ ജീവിച്ചിരുന്ന നെസ്-മിൻ, ക്രിസ്തുവിനു മുൻപ് 190 -ൽ ജീവിച്ചിരുന്ന നെസ്-ഹോർ എന്നീ രണ്ട് പുരോഹിതന്മാരുടെ മമ്മികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2000 വർഷം പഴക്കമുണ്ടെങ്കിലും ഇവരുടെ ശാരീരിക അവസ്ഥകൾ ആധുനിക മനുഷ്യരുടേതിന് സമാനമാണെന്ന് സ്കാനിംഗ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നെസ്-മിൻ, നട്ടെല്ലിനുണ്ടായ കഠിനമായ തേയ്മാനം കാരണം മാരകമായ നടുവേദന അനുഭവിച്ചിരുന്നു. ഇന്നത്തെ കാലത്തെ ഓഫീസ് ജീവനക്കാരിലും കഠിനാധ്വാനം ചെയ്യുന്നവരിലും കാണപ്പെടുന്ന അതേ നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ അക്കാലത്തും ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

നെസ്-ഹോർ, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇദ്ദേഹത്തിന് ഇടുപ്പെല്ലിന് കഠിനമായ തേയ്മാനവും പല്ലുകൾക്ക് പോടും ഉണ്ടായിരുന്നു. പല്ലുകൾ കൊഴിഞ്ഞുപോയ നിലയിലായിരുന്നു. വളരെ വേദനാജനകമായ ഒരു അന്ത്യമായിരിക്കാം ഇദ്ദേഹത്തിന്റേതെന്ന് ഗവേഷകർ കരുതുന്നു. പുരോഹിതന്മാരായതിനാൽ ഇവർ ദീർഘനേരം നിൽക്കുകയും ആചാരങ്ങൾ നിർവഹിക്കുകയും ചെയ്തതാകാം ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ആശുപത്രികളിൽ ഉപയോഗിക്കുന്ന 320-സ്ലൈസ് സിടി മെഷീൻ ഉപയോഗിച്ചാണ് സ്കാനിംഗ് നടത്തിയത്. മമ്മികൾ പൊതിഞ്ഞിരിക്കുന്ന തുണികളോ അവയുടെ ശവപ്പെട്ടിയോ തുറക്കാതെ തന്നെ ഉള്ളിലെ രൂപം കാണാൻ ഇതിലൂടെ സാധിച്ചു. 50,000-ത്തിലധികം ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച 3D മോഡലുകളിലൂടെ ആന്തരാവയവങ്ങൾ, അസ്ഥികൾ, മുഖത്തിന്റെ ആകൃതി എന്നിവയുടെ കൃത്യമായ വിവരങ്ങൾ ലഭിച്ചു. സ്കാനിംഗിലൂടെ മമ്മികൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ചില വസ്തുക്കളും കണ്ടെത്തി. നെസ്-മിന്റെ ശരീരത്തിനുള്ളിൽ സംരക്ഷണത്തിന്റെ പ്രതീകമായ മീനിന്റെ ആകൃതിയുള്ള ഏലസ്സും വംശവർദ്ധനവിനെ സൂചിപ്പിക്കുന്ന വണ്ടുകളുടെ രൂപങ്ങളും കണ്ടെത്തി. മരണാനന്തര ജീവിതത്തിലും സംരക്ഷണം ലഭിക്കാനാണ് ഇവ മൃതദേഹത്തിനൊപ്പം വെച്ചിരുന്നത്.

പുതിയ സാങ്കേതികവിദ്യ വെളിപ്പെടുത്തുന്ന വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതാണന്നും പുരാതന മനുഷ്യരും വാർദ്ധക്യത്തെയും രോഗങ്ങളെയും ഇന്നത്തെപ്പോലെ തന്നെ നേരിട്ടിരുന്നു എന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ത്രീഡി ഇമേജിംഗ് ഡയറക്ടർ ഡോ. സമ്മർ ഡെക്കർ അഭിപ്രായപ്പെട്ടു.