
സ്വാതന്ത്ര്യസമര സേനാനിയും, കർണാടകയിലെ സാമൂഹ്യരാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായ ശ്രീനിവാസായ ദൊരൈസ്വാമി മെയ് 26 -ന് ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 103 വയസുള്ള ഇദ്ദേഹം അടുത്തിടെ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചിരുന്നു. ശാരീരിക അവശതകൾ മറന്ന് കഴിഞ്ഞ വർഷം വരെ ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയും, സമരമുഖങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത ഒരു മുഴുനീള ആക്ടിവിസ്റ്റായിരുന്നു ദൊരൈസ്വാമി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 103 -ാം വയസിൽ അദ്ദേഹം പ്രതിഷേധിക്കുകയും നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ ഗാന്ധിയൻ ആശയങ്ങളോട് അളവറ്റ സ്നേഹം തോന്നിയ അദ്ദേഹം ജീവിതത്തിലുടനീളം അനീതിക്കെതിരെ പോരാടി, അത് സ്വാതന്ത്ര്യത്തിന് മുമ്പായാലും, ശേഷമായാലും. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ദൊരൈസ്വാമി ചോദ്യം ചെയ്തിരുന്നു. അതിന്റെ പേരിൽ പലപ്പോഴും അദ്ദേഹം ഭരണകക്ഷികളുടെ ആക്രമണത്തിനിരയാകാറുമുണ്ട്. എന്നിരുന്നാലും അദ്ദേഹം എപ്പോഴും പറയുമായിരുന്നു: “ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലുമില്ല. എന്റെ പോരാട്ടം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്." അതുകൊണ്ട് തന്നെയായിരിക്കാം ചരിത്രകാരനായ രാമചന്ദ്ര ഗുഹ ദൊരൈസ്വാമിയെ ‘കർണാടകയുടെ മനഃസാക്ഷി’ എന്ന് വിശേഷിപ്പിച്ചത്.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹരോഹള്ളിയിൽ ജനിച്ച ദൊരൈസ്വാമി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മാവല്ലിയിലും ജയനഗറിലുമായിരുന്നു ജീവിച്ചത്. സെൻട്രൽ കോളേജ് ഓഫ് ബെനിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയ ദൊരൈസ്വാമി അവിടെ തന്നെ അധ്യാപകനായി ജോലി ചെയ്തു. അപ്പോഴാണ് മഹാത്മാഗാന്ധി ഉൾപ്പെടുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ അദ്ദേഹം ചേരുന്നത്. അന്നുമുതൽ, അദ്ദേഹം ഒരു തികഞ്ഞ പോരാളിയായിരുന്നു. സ്വാതന്ത്ര്യസമര വേളയിൽ മൈസൂരിൽ അദ്ദേഹം പ്രതിഷേധവും പണിമുടക്കും സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. തുടർന്ന് 14 മാസം ജയിലിൽ അടയ്ക്കപ്പെട്ടു. മോചിതനായ ശേഷം ദൊരൈസ്വാമി മൈസൂരുവിൽ ഒരു ബുക്ക്‌ഷോപ്പ് നടത്തി.
അപ്പോഴും ഒരു ആക്ടിവിസ്റ്റായിരുന്ന അദ്ദേഹം “മൈസൂർ ചലോ” പ്രസ്ഥാനത്തിൽ സജീവമായിരുന്നു. തുടർന്ന് 'പൗര വാണി' എന്ന പത്രവും അദ്ദേഹം പുറത്തിറക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ദൊരൈസ്വാമി നിരവധി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കത്ത് അയച്ചതിനെത്തുടർന്ന് നാലുമാസം ജയിലിലടയ്ക്കപ്പെട്ടു.
ഭൂദാൻ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തതും, കർണാടക ഏകീകരണത്തിനായുള്ള പോരാട്ടവും, അടിയന്തരാവസ്ഥയ്‌ക്കെതിരായ ജയപ്രകാശ് നാരായണ പ്രസ്ഥാനവും അദ്ദേഹത്തെ ജനപ്രിയനാക്കി. 1980 -കളിൽ അദ്ദേഹം കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ട മറ്റ് സമുദായങ്ങളുടെയും അവകാശങ്ങൾക്കായി പോരാടി. അഴിമതിക്കെതിരായ ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഹ്രസ്വകാലത്തേക്ക്, ബെംഗളൂരു മിൽ തൊഴിലാളികളുടെ പോരാട്ടത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട പത്രപ്രവർത്തകനായ ഗൗരി ലങ്കേഷിന്റെ ഉറ്റ ചങ്ങാതിയായ അദ്ദേഹം 'ന്യായ പാത' എന്ന പ്രതിവാര പത്രത്തിന്റെ ഒരു കോളമിസ്റ്റായി അവസാനം വരെ തുടർന്നിരുന്നു.
ആ സ്വാതന്ത്ര്യസമര സേനാനി കർണാടകയിലെ ഖനന മാഫിയയ്‌ക്കെതിരായ പോരാട്ടം ഏറ്റെടുത്തിരുന്നു. ജലാശയങ്ങൾ കൈയേറ്റം ചെയ്യുന്നതിനും ബെംഗളൂരുവിനകത്തും പുറത്തും ദരിദ്ര പ്രദേശങ്ങൾക്ക് സമീപം മാലിന്യം തള്ളുന്നതിനെതിരെയും പ്രതിഷേധിച്ചു. കൊടഗു ജില്ലയിലെ ആദിവാസികളെ അവരുടെ ഗോത്രഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കാളിയായി. 2020 ഫെബ്രുവരിയിൽ ദൊരൈസ്വാമി ‘ഭരണഘടന സംരക്ഷിക്കുക’ എന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് വലിയ വിവാദമുണ്ടായിരുന്നു.
അദ്ദേഹത്തിനെതിരെ പലരും പല പ്രചരണങ്ങളും നടത്തിയപ്പോഴെല്ലാം, അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ച് നിന്നു. “എന്റെ ചങ്ങാതിമാർ പറയുന്നത് അവർക്ക് എന്റെ ശബ്‌ദം നിയന്ത്രിക്കണമെന്നാണ്. എന്നാൽ, എന്നെ പ്രതിരോധിക്കാൻ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ട് ഇവിടെ, ഭരണഘടനയുണ്ട്. ആളുകളുണ്ട്. അവർ എന്നെ അറിയുന്നു. എന്റെ ജീവിതം ഒരു കണ്ണാടി പോലെയാണ്. തീർച്ചയായും, ആളുകൾ എന്റെ കൂടെ നിൽക്കും… ദരിദ്രർക്ക് ഭക്ഷണത്തിനും, തൊഴിലിനും, വിദ്യാഭ്യാസത്തിനും അർഹതയുണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും പോരാടുന്നത്” അദ്ദേഹം പറഞ്ഞിരുന്നു.