
ആധുനിക കൃഷി രീതി അടക്കമുള്ള കാരണങ്ങളാല്‍ ലോകത്തെ 40 ശതമാനം ഭൂമിയും ഉപയോഗശൂന്യമായതായി യു എന്‍ പഠനം. ഇത് നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍, 2050 ആവുന്നതോടെ ദക്ഷിണ അമേരിക്കയുടെ വലിപ്പത്തിലുള്ള വമ്പന്‍ ഭൂപ്രദേശം നശിച്ചുതീരുമെന്നും യു എന്‍ പുറത്തിറക്കിയ ഗ്ലോബല്‍ ലാന്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ ഭൂമിയുടെ ഗുണമേന്‍മ തിരിച്ചുപിടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഞ്ചു വര്‍ഷം എടുത്തുനടത്തിയ പഠനത്തിനൊടുവിലാണ് വിപല്‍സൂചനകള്‍ ഏറെയുള്ള റിപ്പോര്‍ട്ട് യു എന്‍ പുറത്തിറക്കിയത്. മണ്ണും വെള്ളവും ജൈവവൈവിധ്യവും എങ്ങനെയാണ് ലോകരാഷ്ട്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന കാര്യമാണ് പഠിച്ചത്. ഭൂമിയില്‍ ഏറ്റവും ആഘാതമേറ്റത് മണ്ണിനാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫലഭൂയിഷ്ഠത കുറയുകയും കാര്‍ബണ്‍ നിക്ഷേപം കുറയ്ക്കുകയും ജൈവവൈിധ്യ സംരക്ഷണത്തിനുള്ള കഴിവു കുറയുകയുമാണ് ചെയ്തത്. നിലവില്‍ ഭൂമിയുടെ വിനിയോഗം വളരെ മോശമായാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് എന്നാല്‍, ഫലപ്രദമായ നടപടികളിലൂടെ ലോകരാജ്യങ്ങള്‍ ഒന്നിച്ചു ശ്രമിച്ചാല്‍, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാവുമെന്നും വ്യക്തമാക്കുന്നു.
നിലവില്‍ ഭൂമിയിലെ പകുതിയോളം പ്രദേശങ്ങളില്‍ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ കൃഷിഭൂമിയുടെ 70 ശതമാനവും ഒരു ശതമാനം വരുന്ന ഫാമുകളാണ് നിയന്ത്രിക്കുന്നത്. പ്രതിവര്‍ഷം 700 ബില്യന്‍ ഡോളര്‍ എങ്കിലും കാര്‍ഷിക സബ്‌സിഡികള്‍ക്കായി ചെലവിടുമ്പോഴും അതൊന്നും ഗുണപരമായ ഫലം ഉണ്ടാക്കുന്നില്ല. കൃഷിക്കു വേണ്ടി 70 ശതമാനം വനങ്ങള്‍ നശിപ്പിക്കപ്പെടുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ 80 ശതമാനം വനനശീകരണത്തിനും 70 ശതമാനം ശുദ്ധജല വിനിയോഗത്തിനും ഇടയാക്കിയത് നമ്മുടെ ഭക്ഷ്യവ്യവസ്ഥയാണണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍, 2050 ഓടെ 16 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൂടി നശിക്കും. 12 മുതല്‍ 14 ശതമാനം വരെ കൃഷിഭൂമിയും പുല്‍മേടുകളും പ്രകൃതിമേഖലകളും നീണ്ട കാലമായി നാശത്തിന്റെ വഴിയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറുകളുടെടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നമ്മുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാവും. ഭൂമിയുടെ ഗുണമേന്‍മ തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടപ്പാക്കുക മാത്രമാണ് ഇത് തടയാനുള്ള മാര്‍ഗം. കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പുല്‍മേടുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, പ്രകൃതിയുടെ പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളെ സഹായിക്കുക എന്നിവയാണ് ഇതില്‍ മുഖ്യം. ഇതിനുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.