ഹ്യൂമൻ സ്പൈഡറിനെ അറിയാമോ? അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ പോലും നിഷ്പ്രയാസം കയറും

By Web TeamFirst Published Dec 7, 2022, 3:11 PM IST
Highlights

എട്ടാം വയസ്സിൽ 1956 -ൽ പുറത്തിറങ്ങിയ 'ദി മൗണ്ടൻ' എന്ന സിനിമ കണ്ട ശേഷമാണ് കെട്ടിടങ്ങൾ കയറുക എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചത്.

സ്പൈഡർമാൻ സിനിമയുടെ ആരാധകരല്ലാത്ത കുട്ടികളും മുതിർന്നവരും ചുരുക്കം ആയിരിക്കും. സിനിമയിലെ സ്പൈഡർമാനെ പോലെ തന്നെ എത്ര ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലും ഭിത്തിയിലൂടെ ചവിട്ടി നിഷ്പ്രയാസം മുകളിൽ കയറുന്ന ഒരു റിയൽ സ്പൈഡർമാൻ ഉണ്ട്. ഹ്യൂമൻ സ്പൈഡർമാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിൻറെ യഥാർത്ഥ പേര് അലൈൻ റോബർട്ട് എന്നാണ്. 2015 -ലാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയ ലോക റെക്കോർഡ് സ്വന്തമാക്കിയത്. 121 കെട്ടിടങ്ങൾക്ക് മുകളിൽ വിജയകരമായി കയറിയാണ് അദ്ദേഹം റെക്കോർഡ് സ്ഥാപിച്ചത്. 

ഏകദേശം 306 മീറ്റർ (1,004 അടി) ഉയരമുള്ള ദുബായിലെ കയാൻ ടവറിൽ വിജയകരമായി കയറിയതോടെയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയ മനുഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ്  ഇദ്ദേഹത്തിൻറെ പേരിൽ ആയത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിക്കാഗോയിലെ സിറ്റിഗ്രൂപ്പ് സെന്ററിന്റെ 42 നിലകളുള്ള കെട്ടിടത്തിൽ കയറാൻ കഴിഞ്ഞതോടെയാണ് തന്റെ സാഹസിക യാത്ര അലൈൻ ആരംഭിച്ചത്. ബുർജ് ഖലീഫ, ഈഫൽ ടവർ, സിഡ്‌നിയിലെ ഓപ്പറ ഹൗസ്, വാർസോ മാരിയറ്റ് ഹോട്ടൽ, സാൻ ഫ്രാൻസിസ്കോയുടെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നിവയെല്ലാം അദ്ദേഹം കയറിക്കൂട്ടിയ കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു. ഫ്രെയിമുകളോ വിൻഡോ ലെഡ്ജുകളോ ആകട്ടെ, ചുവരുകളിലൂടെ അതിവിദഗ്ധമായി മുകളിലെത്താൻ ഉള്ള കഴിവ് നിരന്തര പരിശ്രമത്തിലൂടെ "ഹ്യൂമൻ സ്പൈഡർ" നേടിയിട്ടുണ്ട്.

എട്ടാം വയസ്സിൽ 1956 -ൽ പുറത്തിറങ്ങിയ 'ദി മൗണ്ടൻ' എന്ന സിനിമ കണ്ട ശേഷമാണ് കെട്ടിടങ്ങൾ കയറുക എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചത്. എന്നിരുന്നാലും, ആ യാത്ര എളുപ്പമായിരുന്നില്ല എന്നാണ് അലൈൻ തന്റെ ആത്മകഥയിൽ പറയുന്നത്. ചെറുപ്പത്തിൽ ഏറെ ഭയവും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്ന കുട്ടിയായിരുന്നു താനെന്നും നിരന്തരമായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഭയത്തെ മാറ്റിനിർത്തി ഇത്തരത്തിൽ ഒരു കഴിവ് തനിക്ക് നേടിയെടുക്കാൻ സാധിച്ചതെന്നും ഇദ്ദേഹം പറയുന്നു.

click me!