ഇരയെ ദ്രാവകമാക്കി മാറ്റി ഭക്ഷിക്കുന്ന ജീവിയെ കുറിച്ച് അറിയാമോ?

By Web TeamFirst Published Dec 7, 2022, 2:05 PM IST
Highlights

ചുറ്റികയുടെ ആകൃതിയിലുള്ള തലയുടെ അടിഭാഗത്തെ സെൻസറി അവയവങ്ങൾ ഉപയോഗിച്ചാണ് ഇത് ഇരയെ കണ്ടെത്തുന്നത്. തലയും ശരീരവും ഉപയോഗിച്ചാണ് ഇത് ഇരയെ കീഴ്പ്പെടുത്തുന്നത്.

വൈവിധ്യങ്ങൾ നിറഞ്ഞ ജീവജാലങ്ങളുടെ കലവറയാണ് ഭൂമി. ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകളിൽപ്പെട്ട ജീവജാലങ്ങളെ കൂടുതൽ അടുത്തറിയുന്തോറും അവ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും. അവയുടെ തനതായ രൂപങ്ങൾ, സ്വഭാവങ്ങൾ എന്നിവ കൊണ്ടെല്ലാം ഏറെ കൗതുകങ്ങൾ നിറഞ്ഞ ജീവജാലങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ജീവിയാണ് ഹാമർഹെഡ് വിരകൾ (hammerhead worm). കാഴ്ചയിൽ ഏതാണ്ട് മണ്ണിരയെ പോലെ തന്നെ തോന്നുമെങ്കിലും മണ്ണിരയുടെ ശരീരത്തിൽ ഉടനീളം കാണപ്പെടുന്ന മോതിരം പോലുള്ള ഭാഗങ്ങൾ ഇതിനില്ല. ഒപ്പം ഇതിന്റെ തല ഒരു ചുറ്റിക പോലെ ഇരുവശങ്ങളിലേക്കും അല്പം നീണ്ടതായിരിക്കും. ഈ ജീവികൾക്ക് ഒരു പ്രത്യേകതയുണ്ട്. അവ അതിൻറെ ഇരയെ ഒരിക്കലും തിന്നില്ല. പകരം വെള്ളം പോലെ ആക്കി കുടിക്കുകയാണ് ചെയ്യുക.

മണ്ണിര നിരുപദ്രവകാരിയും സസ്യങ്ങൾക്കും മറ്റും വളവും ആണെങ്കിൽ ഈ ഹാമർഹെഡ് വിരകൾ അങ്ങനെയല്ല. ഇത് അല്പം അപകടകാരി തന്നെയാണ്. ഇരയെ വേട്ടയാടുന്ന ഇതിൻറെ സ്വഭാവമാണ് മണ്ണിരയിൽ നിന്നും ഇതിനെ വേറിട്ടു നിർത്തുന്നത്. ഒരിക്കലും തനിക്ക് മുൻപിൽ ലഭിക്കുന്ന ഇരകളെ അത് അതേപടി ഭക്ഷിക്കുകയില്ല. ഖര രൂപത്തിലുള്ള ഇരയെ ദ്രാവക രൂപത്തിലേക്ക് മാറ്റിയതിനുശേഷം അത് കുടിക്കുകയാണ് ചെയ്യാറ്.

ചുറ്റികയുടെ ആകൃതിയിലുള്ള തലയുടെ അടിഭാഗത്തെ സെൻസറി അവയവങ്ങൾ ഉപയോഗിച്ചാണ് ഇത് ഇരയെ കണ്ടെത്തുന്നത്. തലയും ശരീരവും ഉപയോഗിച്ചാണ് ഇത് ഇരയെ കീഴ്പ്പെടുത്തുന്നത്. ശരീരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തിന് താഴെയായിട്ടാണ് ഇതിൻറെ വായ. ഈ വായ വിശാലമായി തുറക്കാൻ ഇതിന് സാധിക്കും. വായുടെ മുൻഭാഗം ഇരയെ പിടിക്കുമ്പോൾ മാറുകയും അത് ഉപയോഗിച്ച് ഇവ ഇരയെ ചുറ്റി പിടിക്കുകയും ചെയ്യുന്നു.

ഇരയെ കീഴ്പ്പെടുത്തുന്ന അതേസമയം തന്നെ ഇവയുടെ ശരീരത്തിൽ നിന്ന് ഒരുതരം ഡൈജസ്റ്റീവ് എൻസൈമുകൾ പുറത്തുവരുന്നു. ഈ എൻസൈമുകൾ ഖര രൂപത്തിലുള്ള ഇരയെ ദ്രാവക രൂപത്തിലേക്ക് മാറ്റുകയും ഇതിലൂടെ ഒരു സൂപ്പ് പരിവത്തിലാകുന്ന ഇരയെ ഇവ വലിച്ചു കുടിക്കുകയും ചെയ്യുന്നു. ഹാമർഹെഡ് വിരകളെ കുറിച്ചുള്ള മറ്റൊരു വിചിത്രമായ വസ്തുത, അതിന്റെ വായ അതിന്റെ മലദ്വാരം കൂടിയാണ്, അതായത് ദഹിക്കാത്ത ഏതൊരു ഭക്ഷണവും വായിൽ നിന്ന് തന്നെ പുറത്തേക്ക് പോകുന്നു.

ഏതെങ്കിലും ജീവിയെ കൊല്ലുന്നത് ധാർമ്മികമായി തെറ്റാണെങ്കിലും, മരങ്ങൾക്കും ചെടികൾക്കും  ഗുണം ചെയ്യുന്ന മറ്റ് പുഴുക്കളെ ഇരയാക്കുന്നതിനാൽ ഹാമർഹെഡ് വിരകൾ പരിസ്ഥിതിക്ക് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ അവയെ കണ്ടാൽ കൊല്ലുന്നതിൽ തെറ്റില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

tags
click me!