Hymenoplasty UK : കന്യാചർമ്മം തുന്നിച്ചേർത്താൽ അകത്ത് പോകും, ശസ്ത്രക്രിയ നിരോധിക്കാൻ യുകെ

By Web TeamFirst Published Jan 26, 2022, 11:17 AM IST
Highlights

എന്നാല്‍, ഇക്കാലത്തും പല കുടുംബങ്ങളും, പല സംസ്കാരങ്ങളും 'കന്യക'യായിരിക്കുക, ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരിക ഇവയെല്ലാം വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള സര്‍ജറിക്ക് നിര്‍ബന്ധിക്കപ്പെടുന്നതും പതിവാണ്. പക്ഷേ, ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ എത്രയോ കാലമായി ഹൈമനോപ്ലാസ്റ്റിയെ എതിര്‍ക്കുന്നുണ്ട്. 

ഹൈമനോപ്ലാസ്റ്റി(Hymenoplasty) എന്നറിയപ്പെടുന്ന 'കന്യാചര്‍മ്മം' വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നിരോധിക്കാനൊരുങ്ങി യുകെ(UK). ഹെൽത്ത് ആന്‍ഡ് കെയർ ബില്ലിൽ തിങ്കളാഴ്ച ചേർത്ത ഭേദഗതി പ്രകാരം സമ്മതത്തോട് കൂടിയോ സമ്മതമില്ലാതെയോ കന്യാചർമ്മം തുന്നിച്ചേര്‍ക്കുന്ന എല്ലാ നടപടികളും നിയമവിരുദ്ധമാകും. 

രാജ്യത്ത് ഡസൻ കണക്കിന് ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും ഫാർമസികളും 'കന്യകാത്വം പുനഃസ്ഥാപിച്ചു തരും' എന്ന വാഗ്ദാനത്തോടെ ഈ വിവാദ ശസ്ത്രക്രിയ നടത്താറുണ്ട്. നിരവധി പെൺകുട്ടികളും യുവതികളും ഈ പ്രക്രിയയ്ക്ക് വിധേയരാകാൻ നിർബന്ധിതരാവുന്നുമുണ്ട്. ഒരു പെൺകുട്ടിയോ സ്ത്രീയോ അടുത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തസ്രാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കന്യാചര്‍മ്മം' തുന്നിച്ചേര്‍ത്ത് കൊടുക്കുന്നത്. 

കഴിഞ്ഞ ജൂലായിൽ കന്യകാത്വ പരിശോധന ക്രിമിനൽ കുറ്റമാക്കുമെന്ന് സർക്കാർ പ്രതിജ്ഞ ചെയ്തത് മുതൽ, ഡോക്ടർമാരും മിഡ്‌വൈഫുമാരും ഉൾപ്പടെയുള്ള ആളുകളില്‍ നിന്നും ശസ്ത്രക്രിയ നിരോധിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ഈ ഈ രണ്ട് പ്രവൃത്തികളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളായിട്ടാണ് കണക്കാക്കുന്നത്. പലപ്പോഴും കന്യാചര്‍മ്മത്തെ ചൊല്ലിയുള്ള ആശങ്കകള്‍ കാരണം പല കുടുംബങ്ങളും പെണ്‍കുട്ടികളെ ഹൈമനോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്. കുടുംബത്തിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. 

30 വയസുള്ള ഒരു സ്ത്രീ അവരുടെ അനുഭവം പറയുന്നത് ഇങ്ങനെ, വളരെ ചെറുപ്പത്തില്‍ അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷം അവളുടെ വിവാഹപ്രായമായതോടെ അവളുടെ കുര്‍ദിഷ് മാതാപിതാക്കള്‍ക്ക് അവളെ 'കന്യക'യായി തന്നെ ആദ്യരാത്രിയിലേക്ക് പറഞ്ഞയക്കണം എന്ന തോന്നലുണ്ടായി. അങ്ങനെ അവളിലുണ്ടായ 'അപമാനം' ഇല്ലാതാക്കാനായി മാതാപിതാക്കള്‍ അവളെ ഹൈമനോപ്ലാസ്റ്റിക്ക് നിര്‍ബന്ധിച്ചു. അവൾ വിശദീകരിച്ചു: “എന്റെ മാതാപിതാക്കളുടെ നിര്‍ബന്ധമുണ്ടായി. എന്നാല്‍, ശസ്ത്രക്രിയ നടത്താന്‍ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ, എന്റെ സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യത എന്നെ അങ്ങേയറ്റം ഇരുണ്ട മാനസികാവസ്ഥയിലാക്കി. ഞാനവരില്‍ പെട്ടവരല്ല എന്നും എനിക്കെന്തോ കുഴപ്പമുണ്ട് എന്നും എനിക്ക് തോന്നിത്തുടങ്ങി. ഞാനവരോട് ശസ്ത്രക്രിയയ്ക്ക് തയ്യാറാവില്ല എന്ന് പറഞ്ഞു. എന്നാല്‍, ഒരു വര്‍ഷത്തോളം അവരെന്നെ ബ്ലാക്ക്മെയില്‍ ചെയ്തു. അന്ന്, എന്‍റെ കൗമാരപ്രായത്തിൽ ഹൈമനോപ്ലാസ്റ്റി നിയമവിരുദ്ധമായിരുന്നുവെങ്കിൽ, അത് എന്നെ ഒരുപാട് വൈകാരിക പീഡനങ്ങളിൽ നിന്ന് രക്ഷിക്കുമായിരുന്നു. സമാനമായ അവസ്ഥയിലുള്ള ദുർബലരായ പെൺകുട്ടികൾക്ക് നിയമം തങ്ങളുടെ ഭാഗത്താണെന്ന് അറിയുന്നത് വലിയ ആശ്വാസമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. തങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള കരുത്ത് അവർക്കത് നൽകും.''

എന്നാല്‍, ഇക്കാലത്തും പല കുടുംബങ്ങളും, പല സംസ്കാരങ്ങളും 'കന്യക'യായിരിക്കുക, ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരിക ഇവയെല്ലാം പ്രാധാന്യമാണ് എന്ന് വിശ്വസിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള സര്‍ജറിക്ക് നിര്‍ബന്ധിക്കപ്പെടുന്നതും പതിവാണ്. പക്ഷേ, ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ എത്രയോ കാലമായി ഹൈമനോപ്ലാസ്റ്റിയെ എതിര്‍ക്കുന്നുണ്ട്. അത് ശസ്ത്രക്രിയയിലൂടെ കടന്നുപോകുന്ന സ്ത്രീകളെ വൈകാരികമായി ബാധിക്കും. അവരുടെ മാനസികനിലയെ ബാധിക്കുകയും ട്രോമകളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാത്രവുമല്ല, ഇങ്ങനെ കന്യാചര്‍മ്മം തുന്നിച്ചേര്‍ത്തത് കൊണ്ട് ആദ്യരാത്രികളില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരണമെന്നില്ല. ഇത് പലപ്പോഴും പുരുഷന്മാരില്‍ സംശയത്തിനിട വരുത്തുകയും ദുരഭിമാനക്കൊലകളടക്കം ഉണ്ടാവുകയും ചെയ്യാറുണ്ട് എന്നും അവര്‍ അഭിപ്രായപ്പെടുന്നു. 

കന്യക, കന്യാചര്‍മ്മം എന്നീ സങ്കല്‍പങ്ങള്‍ തന്നെ കടുത്ത സ്ത്രീവിരുദ്ധതയായിരിക്കെ ഈ നൂറ്റാണ്ടിലും അതേച്ചൊല്ലിയുണ്ടാവുന്ന അതിക്രമങ്ങളും ഹൈമനോപ്ലാസ്റ്റി നടത്താനുള്ള സമ്മര്‍ദ്ദവുമെല്ലാം കാലങ്ങളായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പലപ്പോഴും പല ക്ലിനിക്കുകളിലും സ്വകാര്യാശുപത്രികളിലുമെല്ലാം ഈ ശസ്ത്രക്രിയ നടന്നുവരുന്നുണ്ട്. ഏതായാലും പുതിയ നിയമം അതിനെതിരെ പ്രവര്‍ത്തിക്കുന്ന ആയുധമായി മാറുമെന്ന പ്രതീക്ഷയിലാണ് പലരും. 

click me!