Republic Day Celebrations : റിപ്പബ്ലിക് ദിനത്തിൽ നാളെ ദില്ലിയിൽ അരങ്ങേറാനിരിക്കുന്ന വിശേഷാൽ പരിപാടികൾ ഏതൊക്കെ

By Web TeamFirst Published Jan 25, 2022, 3:31 PM IST
Highlights

പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിക്കുക.

നാളെ 2022 ജനുവരി 26  ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനമാണ്. ഈ ആഘോഷച്ചടങ്ങുകൾ മുന്നിൽ നിന്ന് നയിക്കാൻ പോവുന്നത്, നമ്മുടെ ആദരണീയനായ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് . സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യം ആസാദി കാ അമൃത് മഹോത്സവ് കൊണ്ടാടുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിനും മധുരം ഇരട്ടിയാണ്. ഈ അപൂർവ്വാവസരം അവിസ്മരണീയമാക്കാൻ കേന്ദ്ര  പ്രതിരോധ വകുപ്പ്, രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് തൊട്ട്, 29 -ന് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങു വരെ നീളുന്ന നിരവധി പുതിയ പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ആഘോഷങ്ങൾ ഇനിമുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാകും എന്നും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. ജനുവരി 23 -ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓർമദിവസത്തിൽ തുടങ്ങുന്ന ആഘോഷങ്ങൾ ജനുവരി 30 -ന് ദേശീയ രക്തസാക്ഷി ദിനത്തിൽ അവസാനിക്കും. 

നാളത്തെ പ്രത്യേക പരിപാടികൾ

എൻസിസി അംഗങ്ങൾ നയിക്കുന്ന 'ഷഹീദോം കോ ശത് ശത് നമൻ' എന്ന പരിപാടിക്ക് നാളെ ആരംഭമാകും. വരും വർഷങ്ങളിലും അത് നമുക്ക് കാണാനാവും. ഇതിനു പുറമെ 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന 'ഇന്ത്യൻ എയർഫോഴ്സ് ഷോ ഡൌൺ', രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തിരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്ക്രോളുകൾ അണിനിരക്കുന്ന 'കലാ കുംഭ്', എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന 'വീർ ഗാഥ' പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന  പത്ത് വമ്പൻ LED സ്ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും.
 
കോവിഡും, ആഘോഷവും

പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിക്കുക. പരേഡ് സമയത്തെ ദൃശ്യത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ സമയമാറ്റത്തിന്റെ ലക്‌ഷ്യം. സന്ദർശകരെ പരമാവധി ചുരുക്കി, കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ എല്ലാം തന്നെ നടക്കുക. കൊവിഡ് പ്രമാണിച്ച് ഇത്തവണ വിദേശി സാന്നിധ്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. 

വിശേഷ അതിഥികൾ 

സാധാരണ ഗതിക്ക് ഇങ്ങനെ റിപ്പബ്ലിക് ഡേ പരേഡിന് ദില്ലിയിലേക്കൊന്നും വന്നു പോകാൻ കഴിയവില്ലാത്ത പാർശ്വവല്കൃത ജനതയിൽ നിന്ന് തിരഞ്ഞെടുത്ത ചിലർക്കും ഇക്കുറി പരിപാടികൾ കാണാൻ അവസരമൊരുങ്ങുന്നുണ്ട്.   റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിങ് റിട്രീറ്റ് എന്നീ രണ്ടു പരിപാടികൾക്കും അവർക്ക് ക്ഷണമുണ്ട്. 

റിപ്പബ്ലിക് ദിന പരേഡ്

നമ്മുടെ നാടിനുവേണ്ടി പ്രാണൻ ബലികഴിച്ച ധീര രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ വേണ്ടി,  പ്രധാനമന്ത്രി നരേന്ദ്ര മോദി നാഷണൽ വാർ മെമ്മോറിയൽ സന്ദർശിച്ച ശേഷമാണ് രാജ്പഥിലെ പരേഡ് ആരംഭിക്കുക. വാർ മെമ്മോറിയലിൽ നിന്ന് മോദിയും സംഘവും നേരെ വന്നെത്തുക പരേഡ് ഗ്രൗണ്ടിലെ സല്യൂട്ട് ഡയസിനരികിലാണ്. അവിടെ ഇരുപത്തൊന്നു തോക്കുകളുടെ സല്യൂട്ടോടെ ദേശീയ പതാക ഉയർത്തപ്പെടും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുന്നത്. ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് നാളത്തെ റിപ്പബ്ലിക് ദിന പരേഡ് കമാൻഡർ. പരേഡിൽ ഇന്ത്യൻ സൈന്യത്തിന്റെ വിവിധ ബറ്റാലിയനുകളുടെ കണ്ടിൻജെന്റുകൾ പരേഡ് ചെയ്യും. ഗ്വാളിയോർ ലാൻസേർസ്, 61 കാവൽറിയുടെ മൗണ്ടൻ കോളം തുടങ്ങി പലതും ഇതിൽ അണിനിരക്കും. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർസ്, വിവിധയിനം ടാങ്കുകൾ, പല തരം യന്ത്രത്തോക്കുകൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം തുടങ്ങി യുദ്ധമുഖത്തെ പല പുതുമകളും അന്ന് യുവജനങ്ങൾക്ക് കാണാനാവും. കഴിഞ്ഞ എഴുപത്തഞ്ചു കൊല്ലം കൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിനുണ്ടായ മാറ്റങ്ങളും ഈ പരേഡിന്റെ തീം ആയി നമുക്ക് ദർശിക്കാം. ആത്മനിർഭർ ഭാരത്തിന്റെ കീഴിൽ ഉണ്ടായ നേട്ടങ്ങൾ ചിത്രീകരിക്കുന്ന ഒരു നേവൽ ടാബ്ളോ, പിന്നാലെ എയർ ഫോഴ്സ് ടാബ്ലോ തുടങ്ങി പലതും പരേഡിന്റെ ഭാഗമാണ്. രാജ്യത്തെ റിസർവ് പൊലീസിലെ ഭടന്മാരും ഇതേ പരേഡിൽ യൂണിഫോം ഇട്ടുകൊണ് പരേഡിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും വ്യത്യസ്ത തീമുകളിൽ ഉള്ള ഫ്ളോട്ടുകളും റിപ്പബ്ലിക് ദിന പരേഡിന് ശോഭ പകരും.  പരേഡിന് പിന്നാലെയാണ്, 75 ആകാശയാനങ്ങൾ ആകാശത്ത് അത്ഭുതം സൃഷ്ടിക്കുക. ഡക്കോട്ട മുതൽ റഫാൽ വരെയുള്ള പഴയതും പുതിയതുമായ പല വിമാനങ്ങളും ഈ മാസ്മരികപ്രകടനത്തിൽ പങ്കെടുക്കും. പരമോന്നത സൈനിക സേവനത്തിനുള്ള പരം വീർ ചക്ര അടക്കമുള്ള ബഹുമതികളും, ധീരതയ്ക്കുള്ള മറ്റവാർഡുകളും നാളെത്തന്നെ വിതരണം ചെയ്യപ്പെടും. 

click me!