
ഭീമൻ ഐസ് പാളി പതിച്ച് വീടിൻറെ മേൽക്കൂര തകർന്നു. മസാച്യുസെറ്റ്‌സിൽ ആണ് സംഭവം. അപകട സമയത്ത് വീട്ടുകാർ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മസാച്യുസെറ്റ്‌സ് സ്വദേശിയായ ജെഫ് ഇൽഗ് എന്നയാളുടെ വീടിനു മുകളിൽ ആണ് അപ്രതീക്ഷിതമായി ഐസ് പാളി പതിച്ചത്. ഓഗസ്റ്റ് 13 -ന് രാത്രിയിൽ ആയിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് ജഫും ഭാര്യ അമേലിയ റെയിൻവില്ലും മക്കളും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. വീടിൻറെ മേൽക്കൂര തകർന്നു വീണെങ്കിലും കാര്യമായ പരിക്കുകൾ ഏൽക്കാതെ കുടുംബാംഗങ്ങൾ രക്ഷപ്പെടുകയായിരുന്നു.
ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ നിന്ന് ഐസ് വീണതായാണ് തങ്ങൾ സംശയിക്കുന്നതെന്ന് ജെഫ് പറഞ്ഞു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് 15 മുതൽ 20 പൗണ്ട് വരെ (ആറ് മുതൽ ഒമ്പത് കിലോഗ്രാം വരെ) ഭാരമുള്ള ഐസ് പാളിയാണ് ഇവരുടെ വീടിന് മുകളിൽ പതിച്ചത്.
സംഭവം നടക്കുമ്പോൾ തങ്ങൾ കിടന്നുറങ്ങുകയായിരുന്നു എന്നും ഉഗ്രമായ ഒരു സ്ഫോടന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത് എന്നും ജെഫ് പറഞ്ഞു. ആദ്യം തങ്ങൾ കരുതിയത് വീടിന് ഇടിമിന്നലേറ്റതാണെന്നായിരുന്നു എന്നും എന്നാൽ വീടിൻറെ മേൽക്കൂര തകർന്ന് ഐസ് പാളി താഴേക്ക് വീണപ്പോഴാണ് സംഭവിച്ചത് മറ്റെന്തോ ആണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. വീടിനു പുറത്തിറങ്ങി നോക്കിയെങ്കിലും ഐസ് പാളിയുടെ അവശിഷ്ടങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ പൊലീസ് പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അറിയിച്ചു.