
യുഎസിലെ ടെക്‌സാസിലെ ടോംബോളിൽ നിന്നുള്ള 23 -കാരികളായ സഹോദരിമാരാണ് സിയന്ന ബെർണലും സിയേറ ബെർണലും. ഇരുവരും സരൂപ ഇരട്ടകളാണ്. എന്നാൽ, കാണുമ്പോൾ അനേകം വ്യത്യാസങ്ങളാണ് ഇരുവർക്കും ഉള്ളത്. ഇരുവരും ഇരട്ട സഹോദരിമാരാണ് എന്ന് വിശ്വസിക്കുന്നത് തന്നെ പ്രയാസം.
വളരെ അപൂർവമായി കാണുന്ന ഇങ്ങനെ അനേകം വ്യത്യാസങ്ങളുള്ള ഇരട്ടകളെന്ന നിലയിൽ ഇരുവരും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ഭ്രൂണങ്ങളായിരിക്കെ തന്നെ വലിപ്പത്തിലും നീളത്തിലും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അവസ്ഥയായിരുന്നു ഇരുവർക്കും.
ഇപ്പോൾ, സിയറയ്ക്ക് 44.4 കിലോഗ്രാം ഭാരവും 5 അടി 7 ഇഞ്ച് ഉയരവുമാണ്. എന്നാൽ, സിയന്നയ്ക്ക് 22.6 കിലോഗ്രാം ഭാരവും 4 അടി 4 ഇഞ്ച് നീളവുമാണ് ഉള്ളത്. സഹോദരി ജനിക്കുമ്പോൾ വളർച്ചയിൽ ആറാഴ്ചയോളം പിന്നിലായിരുന്നു സിയന്ന.
സിയന്ന ജനിച്ചപ്പോൾ തന്നെ തനിക്ക് ജനിച്ചത് ഇരട്ടക്കുട്ടികളാണ് എങ്കിലും, ചില വ്യത്യാസങ്ങളുണ്ട് എന്നതെല്ലാം ഡോക്ടർമാർ തങ്ങളോട് വ്യക്തമാക്കിയിരുന്നു എന്ന് ഇരുവരുടെയും അമ്മ പറഞ്ഞു. സിയന്ന ജനിക്കുന്നതിന് മുമ്പ് തന്നെ ഡാൻഡി-വാക്കർ സിൻഡ്രോം ഉണ്ടെന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നു. അവൾ ഇരട്ട സഹോദരിയെക്കാൾ വളരെ ചെറുതാണ് എന്നും ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അത് എന്തുകൊണ്ടാണ് എന്ന് അവർക്ക് മനസിലായിരുന്നില്ല.
സിയന്ന അന്ന് NICU -വിൽ കഴിഞ്ഞത് 108 ദിവസമാണ്. അതുപോലെ തന്നെ എപ്പോഴും എപ്പോഴും അവളെയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടി വരുമായിരുന്നു എന്നും അമ്മയായ ക്രിസി പറഞ്ഞു. സിയന്നയ്ക്ക് ഡ്വാർഫിസം ഉണ്ട് എന്ന് അവൾക്ക് ആറ് വയസുള്ളപ്പോഴാണ് മാതാപിതാക്കൾ തിരിച്ചറിയുന്നത്.
എന്നാൽ, ചെറുപ്പത്തിലോ മുതിർന്നപ്പഴോ ഒന്നും തന്നെ സിയന്നയും സിയറയും തമ്മിൽ മറ്റ് ഇരട്ടകളെ പോലെ തന്നെ ആയിരുന്നു. പല സ്വഭാവത്തിലും രീതികളിലും എല്ലാം അവർ സാമ്യം പുലർത്തി. ഇരുവരും ഭയങ്കര തമാശക്കാരാണ് എന്നും അവരുടെ അമ്മയും രണ്ടാനച്ഛനും പറയുന്നു.
സിയന്ന പറയുന്നത്, പലപ്പോഴും തങ്ങൾ രണ്ടുപേരും പുറത്ത് പോകുമ്പോൾ ആളുകൾ അമ്മയും മകളുമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതുപോലെ ബാറിൽ പോകുമ്പോൾ തനിക്ക് 23 വയസായി എന്നത് പലപ്പോഴും ആളുകൾ വിശ്വസിക്കുന്നില്ല. എട്ടോ ഒമ്പതോ വയസുള്ള കുട്ടിയാണ് താൻ എന്നാണ് പലരും തെറ്റിദ്ധരിക്കുന്നത് എന്നാണ്.
ഏതായാലും സഹോദരിമാർ തമ്മിൽ വേർപിരിയാനാവാത്ത വിധം സ്നേഹത്തിലും സൗഹൃദത്തിലുമാണ്.