
പൊതുസ്ഥലങ്ങളിലോ അതുപോലെ ഏതെങ്കിലും സ്ഥാപനങ്ങളിലോ ഒക്കെ പോയാൽ ജീവനക്കാരോടും അവിടെ എത്തിയിരിക്കുന്നവരോടും വളരെ മോശമായി പെരുമാറുന്ന അനേകം ആളുകളെ നാം കാണാറുണ്ട്. എന്നാൽ, ഈ ഇന്ത്യൻ കഫേയുടെ ഉടമയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. തന്റെ കടയിലെത്തുന്ന ആളുകൾ തന്റെ കടയിലെ ജീവനക്കാരോടും മറ്റ് ഉപഭോക്താക്കളോടും നല്ലതും മാന്യമായ രീതിയിലും വേണം പെരുമാറാൻ.
കടയുടെ പേര് 'ചായ് സ്റ്റോപ്'. കട ഇവിടെ ഒന്നുമല്ല അങ്ങ് പ്രെസ്റ്റണിലാണ്. അവിടെ ഉപഭോക്താക്കൾ ഒരേ സാധനം തന്നെ ഓർഡർ ചെയ്താലും ചിലപ്പോൾ ബില്ല് വരുമ്പോൾ വില വ്യത്യസ്തമായിരിക്കും. അതെങ്ങനെ എന്നല്ലേ? ജീവനക്കാരോടുള്ള നിങ്ങളുടെ പെരുമാറ്റം കൂടി കണക്കിലെടുത്താണ് അവിടെ ആഹാരസാധനങ്ങൾക്ക് ബില്ലടിക്കുന്നത്. ഒരാൾ ജീവനക്കാരോട് വളരെ മോശമായും ദേഷ്യത്തിലും പെരുമാറി എന്നിരിക്കട്ടെ. അയാൾക്ക് കഴിച്ച സാധനത്തിന്റെ ഇരട്ടി വിലയിലാവും ബില്ല് വരുന്നത്.
കഫേ ഉടമയുടെ പേര് ഉസ്മാൻ ഹുസ്സൈൻ എന്നാണ് എന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ചായക്കടയിൽ ചായ, ഡോനട്ട്, സ്ട്രീറ്റ് ഫുഡ് തുടങ്ങിയവയൊക്കെയാണ് ഉള്ളത്. താൻ കടയിൽ നടപ്പിലാക്കിയിരിക്കുന്ന ഈ പുതിയ നിയമം കടയിൽ നല്ല വൈബ് മാത്രം ഉണ്ടാകാൻ കാരണമായിത്തീരുമെന്ന് വിശ്വസിക്കുന്നതായി ഉസ്മാൻ പറഞ്ഞു.
ഈ കടയിൽ പോയി ഒരാൾ 'ഒരു ചായ' എന്ന് മാത്രം പറഞ്ഞു എന്നിരിക്കട്ടെ അയാൾക്ക് ചായയുടെ ബില്ല് വരിക £5 ആയിരിക്കും. എന്നാൽ, 'ഒരു ചായ പ്ലീസ്' എന്ന് പറയുന്ന ഒരാൾക്ക് വരുന്ന ചായയുടെ ബില്ല് £3 മാത്രം ആയിരിക്കും. എന്നാ, 'ഹലോ ഒരു ചായ തരൂ പ്ലീസ്' എന്ന് ഒരാൾ ചോദിച്ചു എന്നിരിക്കട്ടെ അയാൾക്ക് ചായയ്ക്ക് വെറും £1.90 നൽകിയാൽ മതിയാവും. ഇതാണ് വ്യത്യാസം.
ഏതായാലും ഇതുവരെ ജീവനക്കാരോട് മോശമായി പെരുമാറുന്ന ആരും ചായക്കടയിൽ വന്നിട്ടില്ല. എന്നിരുന്നാലും തന്റെ ഈ നിയമം എല്ലാവരേയും മാന്യതയോടെ പെരുമാറാൻ പ്രേരിപ്പിക്കും എന്നാണ് ഉസ്മാന്റെ ഉറച്ച വിശ്വാസം. ഒരു അമേരിക്കൻ കഫേ ഇതുപോലെ ഉള്ള നിയമം നടപ്പിലാക്കിയിരുന്നു. അതാണ് തന്നെയും ഇങ്ങനെ ഒന്ന് പരീക്ഷിക്കാൻ പ്രേരിപ്പിച്ചത് എന്നും ഉസ്മാൻ പറയുന്നു.
ഏതായാലും ഈ വ്യത്യസ്തമായ നിയമം കൊണ്ട് പ്രെസ്റ്റണിലുള്ള ഇന്ത്യക്കാരൻ ഉസ്മാന്റെ കഫേ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.