
ബോഡി ഷെയ്മിംഗ് പല രൂപത്തിലും ഭാവത്തിലും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, നിങ്ങൾ എങ്ങനെയിരിക്കുന്നു എന്നതിന്റെ പേരിൽ ജോലി കിട്ടാതെ പോയാലോ? അതേ, അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തടി കൂടുതലാണ് എന്ന് പറഞ്ഞ് തന്റെ സുഹൃത്തിന് കൊറിയയിൽ ഒരു ജോലി നഷ്ടപ്പെട്ടു എന്നാണ് പോസ്റ്റിൽ പറയുന്നത്. 'നിങ്ങൾക്ക് നിങ്ങളുടെ തടി പോലും നിയന്ത്രിക്കാനാവുന്നില്ല, പിന്നെങ്ങനെ ഈ ജോലി നിങ്ങൾ കൈകാര്യം ചെയ്യും' എന്നാണത്രെ ഇന്റർവ്യൂവിൽ യുവതിയോട് ചോദിച്ചത്. പോസ്റ്റ് ശരിക്കും സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു. എന്നാൽ, അതേസമയം തന്നെ ഇത് ഒറ്റപ്പെട്ട ഒരു അനുഭവമല്ലെന്നും ആളുകൾ പങ്കുവച്ചിരിക്കുന്ന സമാനമായ അനുഭവങ്ങളിൽ നിന്നും മനസിലാവും.
'ഓ, കൊറിയ വളരെ ക്രൂരം തന്നെ. എന്റെ സുഹൃത്ത് കൊറിയയിലെ ജോലി ഇന്റർവ്യൂവിൽ പരാജയപ്പെട്ടു, അത് അവളുടെ അമിതഭാരം മൂലമാണെന്ന് അവൾ പറയുന്നു... അഭിമുഖം നടത്തിയയാൾ ചോദിച്ചത്, -നിങ്ങൾക്ക് നിങ്ങളുടെ ഫാറ്റ് പോലും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെ ഒരു ജോലി കൈകാര്യം ചെയ്യും?- എന്നാണ്' എന്ന് പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. 'യുകെയിൽ ആരും എന്നെ ചബ്ബി എന്ന് വിളിച്ചിരുന്നില്ല, എന്റെ ഇംഗ്ലീഷുകാരനായ ഭർത്താവ് പോലും. എന്നാൽ, സൗത്ത് കൊറിയയിൽ എത്തിയ ഉടനെ സൗത്ത് കൊറിയക്കാരുടെ കണ്ണിൽ ഞാൻ ചബ്ബിയായി, എന്റെ കുടുംബത്തിന്റെ കണ്ണിൽ പോലും, അവരെന്റെ മുഖത്ത് നോക്കി എനിക്ക് തടി കൂടുതലാണ് എന്നും കുറയ്ക്കണമെന്നും പറഞ്ഞു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ടിപ്പിക്കൽ ഏഷ്യൻ സംസ്കാരം' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 'ടീനേജറായിരിക്കുമ്പോൾ എനിക്ക് തടി കൂടുതലായിരുന്നു. എന്റെ മാതാപിതാക്കളടക്കം കുടുംബത്തിലെല്ലാവരും എന്നെ മറ്റുള്ളവരുടെ മുന്നിൽ നിന്നും തടിച്ചി എന്ന് വിളിക്കുമായിരുന്നു' എന്നായിരുന്നു ആ കമന്റിൽ പറയുന്നത്.
ബോഡി ഷെയ്മിംഗ് ഏതെല്ലാം തരത്തിൽ ഈ ലോകത്ത് ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമായിരിക്കുകയാണ് ഇപ്പോൾ എക്സിൽ പങ്കുവച്ചിരിക്കുന്ന ഈ പോസ്റ്റും അതിന് വരുന്ന കമന്റുകളും.