
രോഗിയുമായി ശാരീരികബന്ധം, പിന്നാലെ യുകെയിൽ നിന്നുള്ള ന്യൂറോസർജന് സസ്പെൻഷൻ. ഡോ. ചിരാഗ് പട്ടേലിനെയാണ് രോഗിയുമായി എട്ട് മാസത്തോളം നീണ്ടുനിന്ന ശാരീരികബന്ധത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇയാൾ രോഗിക്ക് ആസക്തിയുളവാക്കുന്ന മരുന്നുകൾ നൽകിയിരുന്നതായും ആരോപിക്കപ്പെടുന്നു. വളരെ മോശം ആരോഗ്യാവസ്ഥയിലായിരുന്നു രോഗിയായ സ്ത്രീ എന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 -ൽ ഡോക്ടർ ഈ രോഗിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതോടെയാണ് അവരുടെ ബന്ധം ആരംഭിച്ചത്. എന്നാൽ, 2023 ആയപ്പോഴേക്കും അത് വഷളായി, ഒടുവിൽ രോഗി പൊലീസിൽ സംഭവം റിപ്പോർട്ട് ചെയ്തു. പൊലീസുകാർ കാർഡിഫ് ആൻഡ് വെയ്ൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിച്ചു. കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലാണ് ഡോക്ടർ ജോലി ചെയ്തിരുന്നത്. അന്വേഷണത്തിൽ രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും അവർക്ക് അശ്ലീലചിത്രങ്ങൾ അയച്ചതായും പട്ടേൽ വെളിപ്പെടുത്തിയതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ആസക്തിയോ, ലഹരിയോ ഉണ്ടാക്കുന്ന മരുന്നുകൾ രോഗിക്ക് നൽകിയതായും പട്ടേൽ സമ്മതിച്ചു.
ഡോക്ടറുടെ കേസ് പരിഗണിച്ച ട്രൈബ്യൂണൽ, ഇയാൾ രോഗിയുടെ സുരക്ഷയിൽ അശ്രദ്ധ കാണിച്ചുവെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ രോഗിയെ നേരാംവിധം പരിചരിക്കുന്നതിനപ്പുറം തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കാണ് ഇയാൾ മുൻഗണന നൽകിയത് എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു. അങ്ങനെയാണ്, ഇയാളെ തൊഴിലിൽ നിന്നും എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
എന്നാൽ, തന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആ സമയത്താണ് രോഗിയുമായി ബന്ധം ആരംഭിച്ചതെന്നുമാണ് ഡോ. പട്ടേൽ പറയുന്നത്. എന്നാൽ, പിന്നീട് ബന്ധം അവസാനിപ്പിക്കണമെന്ന് താൻ നിർബന്ധപൂർവ്വം പറഞ്ഞപ്പോൾ, രോഗിയായ സ്ത്രീ ഈ ബന്ധം മറ്റുള്ളവരോട്, പ്രത്യേകിച്ച് തന്റെ തൊഴിലുടമയോടും സഹപ്രവർത്തകരോടും വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നും ഡോ. പട്ടേൽ പറയുന്നു. 'കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് ഈ ജോലിയും സ്ഥാനവും അത് നഷ്ടപ്പെടുമെന്ന് താൻ ഭയന്നു. പിന്നീട് ആലോചിച്ചപ്പോൾ ഞാൻ ആ ബന്ധം അവസാനിപ്പിക്കുകയും എന്റെ തൊഴിലുടമയോട് സത്യസന്ധത പുലർത്തുകയും ചെയ്യണമായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് പരിഭ്രാന്തിയാണ് തോന്നിയത്. ബന്ധം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. ആ തീരുമാനത്തിൽ ഞാൻ ഇപ്പോൾ കഠിനമായി ഖേദിക്കുന്നു' എന്നാണ് പട്ടേൽ പറയുന്നത്.
അതേസമയം, യുവതിയുടെ വോയ്‍സ് മെയിലും പുറത്ത് വന്നു. 'പല അവസരങ്ങളും തന്നു, ഈ രാജ്യത്ത് വന്നത് ജോലി ചെയ്യാനല്ലേ, അത് ശരിയായ രീതിയിൽ ചെയ്തില്ല, നിങ്ങളൊരു ഭീരുവാണോ' എന്നെല്ലാം യുവതി പറയുന്നത് അതിൽ കേൾക്കാം. എന്നാൽ, പട്ടേൽ ഇതേക്കുറിച്ച് പറയുന്നത്, അപ്പോഴേക്കും തങ്ങളുടെ ബന്ധം അവസാനിച്ചിരുന്നു, ബ്ലാക്ക്മെയിലിംഗിന്റെ പുറത്താണ് താൻ അവളെ കണ്ടിരുന്നത്. അവൾ £11,000 (14,16,781രൂപ) ചോദിച്ചിരുന്നു. തനിക്ക് £5,000 (6,43,995) മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ' എന്നാണ്. അതേസമയം, സ്ത്രീക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതിൽ ഇയാൾ ഖേദം പ്രകടിപ്പിച്ചു.