ഐഎഫ്എസ് ഓഫീസറുടെ പ്രയത്നം, മാലിന്യപ്പറമ്പ് മാസങ്ങൾ കൊണ്ട് പച്ചപ്പിന്റെ സ്വർ​ഗമായി മാറി!

By Web TeamFirst Published May 31, 2021, 12:16 PM IST
Highlights

ദിവസങ്ങൾക്കുള്ളിൽ, 25 ടിപ്പർ മാലിന്യങ്ങൾ, കളകൾ എന്നിവയെല്ലാം ശേഖരിച്ച് മാലിന്യ സംസ്കരണ യൂണിറ്റുകളിലെത്തിച്ചു. ജൈവ മാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റാക്കി മാറ്റി. ആഴത്തില്‍ കുഴിയെടുത്ത് മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ചു. ഇത് ചെടികളുടെ വളർച്ചയ്ക്ക് നല്ല നിലയിലാണെന്ന് കണ്ടെത്തി. 

ഒരു ഐഎഫ്എസ് ഓഫീസറുടെ പ്രയത്നത്തിന്റെ ഫലമായി 2.5 ഏക്കർ വരുന്ന മാലിന്യപ്പറമ്പ് പച്ചപ്പിന്റെ സ്വർ​ഗമായി മാറിയ കഥയാണിത്. ഹിമാചലിലെ കാസോളില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായിട്ടാണ് പാര്‍വതി വാലി സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണിത്. പീക്ക് സീസണുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ട്രെക്കിംഗിനും മറ്റുമായി ഇവിടെ എത്തുന്നത്. പാര്‍വതി നദിയും ബിയാസ് നദിയും സംഗമിക്കുന്ന ദൃശ്യം ഇവിടുത്തെ അതിമനോഹരമായ കാഴ്ചയാണ്. 

എന്നിരുന്നാലും, ഒരു കാലത്ത് സംഗമസ്ഥാനത്ത് നിന്ന് 100 മീറ്റർ നടന്നാൽ നമ്മളെത്തിച്ചേരുക ഒരു മാലിന്യപ്പറമ്പിലേക്കായിരുന്നു. നിരവധി സഞ്ചാരികള്‍ കടന്നു പോകുന്ന പാത ആയതിനാല്‍ തന്നെ അവര്‍ വലിച്ചെറിയുന്ന മാലിന്യം ആ പ്രദേശത്തെയാകെ നശിപ്പിച്ചു കളഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഈ മാലിന്യം വലിച്ചെറിയല്‍ നദികളുടെ മലിനീകരണത്തിനും കാരണമായി തീരുമോ എന്ന ഭീഷണിയും ഉയര്‍ന്നു. ഒപ്പം തന്നെ സ്ഥലത്തെ ആവാസവ്യവസ്ഥയേയും ഇത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. 20 വര്‍ഷം മുമ്പാണ് ഇവിടെ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയത് എന്നും അത് യഥാവിഥി സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല എന്നും പ്രദേശവാസികള്‍ പറയുന്നു. 

എന്നാല്‍, ഇന്ന് അവിടം സന്ദര്‍ശിച്ചാല്‍ കാണുന്ന കാഴ്ച ഇതൊന്നുമല്ല. ഒരുസമയത്ത് ഈ സ്ഥലം മാലിന്യക്കൂമ്പാരമായിരുന്നു എന്ന് തെളിയിക്കുന്ന ഒന്നും അവിടെയില്ല. പകരം നിറയെ പച്ചപ്പാണ്. വിവിധതരം മരങ്ങളും ഔഷധസസ്യങ്ങളും ഇഴജന്തുക്കളും പക്ഷികളും ഒക്കെയായി പച്ചപ്പിന്‍റെ സ്വര്‍ഗമായി ഇവിടം മാറി. ഇതിനെല്ലാം നന്ദി പറയേണ്ടത് പാര്‍വതി ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റായ ഐശ്വര്യ രാജിനോടാണ്. അദ്ദേഹമാണ് 2.5 ഏക്കര്‍ വരുന്ന ഈ മാലിന്യപ്രദേശത്തെ മാസങ്ങള്‍ മാത്രമെടുത്ത് ഇങ്ങനെയൊരിടമാക്കി മാറ്റിയത്. 

“മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലം വനംവകുപ്പിന്റെതാണ്. എങ്കിലും ഞങ്ങൾക്ക് സ്വകാര്യ പങ്കാളികളുടെ പിന്തുണയും ആവശ്യമായിരുന്നു” ഐശ്വര്യ രാജ്, ദി ബെറ്റർ ഇന്ത്യയോട് പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഈ പ്രദേശം സന്ദർശിച്ചപ്പോഴാണ് സ്ഥിതിഗതികൾ അറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. “ഞാൻ 2021 -ൽ ഡിവിഷന്റെ ചുമതല ഏറ്റെടുത്തു, ഫെബ്രുവരിയിൽ ഒരു പൊതുപരിശോധന നടത്തി. മാലിന്യക്കൂമ്പാരവും ആരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതും കണ്ട് ഞാൻ ഞെട്ടി. രണ്ട് പതിറ്റാണ്ട് മുമ്പാണ് പ്രശ്‌നം ആരംഭിച്ചതെന്നും അത് വഷളായിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ ഞങ്ങളെ അറിയിച്ചു.“ -അദ്ദേഹം പറയുന്നു.

യാദൃശ്ചികമായി, അതേ മാസം തന്നെ, സംസ്ഥാന രൂപീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിനായി തോട്ടങ്ങളുണ്ടാക്കിയെടുക്കാനുള്ള നീക്കമായ 'സ്വാർണിം വതിക' പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പരിപാടിയിൽ നിന്ന് ഫണ്ട് തേടാനും ഇവിടുത്തെ പ്രതിസന്ധി പരിഹരിക്കാനും ഐശ്വര്യ രാജ് തീരുമാനിച്ചു. ദിവസങ്ങൾക്കുള്ളിൽ, 25 ടിപ്പർ മാലിന്യങ്ങൾ, കളകൾ എന്നിവയെല്ലാം ശേഖരിച്ച് മാലിന്യ സംസ്കരണ യൂണിറ്റുകളിലെത്തിച്ചു. ജൈവ മാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റാക്കി മാറ്റി. ആഴത്തില്‍ കുഴിയെടുത്ത് മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ചു. ഇത് ചെടികളുടെ വളർച്ചയ്ക്ക് നല്ല നിലയിലാണെന്ന് കണ്ടെത്തി. ആപ്പിൾ, പീച്ച്, ആപ്രിക്കോട്ട്, പ്ലം, മാതളനാരകം തുടങ്ങി 400 -ലധികം ഇനം മരങ്ങള്‍ നട്ടുപിടിപ്പിച്ചു. 

നടപ്പാതകളുണ്ടാക്കാന്‍ കുന്നുംപ്രദേശത്ത് വീടുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്ലേറ്റുകളുപയോഗിച്ചു. കോണ്‍ക്രീറ്റിന് പകരം നദിയിലെ കല്ലുകളാണ് ഉപയോഗിച്ചത്. അത് സ്വാഭാവികമായ ഭംഗി നിലനില്‍ക്കാനും കാരണമായി. കൂടാതെ പ്രദേശം വേലി കെട്ടി തിരിക്കുകയും സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. “സ്ഥലത്തിന്റെ രൂപവും ഭാവവും രൂപകൽപ്പന ചെയ്തു. ചുറ്റുമുള്ള പ്രാദേശികമായ മരങ്ങളും പരിസ്ഥിതിയും മനസ്സിലാക്കി. മുന്നൂറോളം ചെടികൾ നടണം, വരും ആഴ്ചകളിൽ ഈ പണി പൂർത്തീകരിക്കും. മഴക്കാലത്ത് തോട്ടം നല്ല രൂപത്തിലാകും” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ മാർഗനിര്‍ദേശങ്ങൾ നൽകി മുതിർന്ന ഉദ്യോഗസ്ഥരും പഞ്ചായത്തും ഈ പദ്ധതിയെ പിന്തുണച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശം നാട്ടുകാരെയും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്യും. പർ‌വ്വതങ്ങളിൽ‌ അത്തരം വിനോദ സ്ഥലങ്ങളോ പ്രദേശവാസികൾ‌ക്കായി പാർക്കുകളോ ഉണ്ടെന്ന് അറിയില്ല. അതിനാൽ, തുറന്ന സ്ഥലത്തിന് അവയ്ക്ക് സവിശേഷമായ മൂല്യമുണ്ടാകുമെന്നും ഐശ്വര്യാ രാജ് പറയുന്നു. 

അടുത്തിടെ ഈ പ്രദേശത്തെ സന്ദർശനത്തിനിടെ, ഒരിനം മാഗ്പി എന്ന ഹിമാലയൻ പക്ഷിയെ കണ്ടതായി ഐശ്വര്യ പറയുന്നു. ഈ ഹരിതമേഖല അത്തരം പക്ഷികൾക്കും മൃഗങ്ങൾക്കും സുരക്ഷിത താവളമായി മാറും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത്തരം കൂടുതൽ പ്രദേശങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവ ഹരിതമേഖലകളാക്കി മാറ്റും. ഇത് പ്രദേശത്തെ നവീകരിക്കാനും പരിസ്ഥിതിയെ സമ്പന്നമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ) 

click me!