അടിയന്തിരാവസ്ഥയിലെ പോലീസ് മേധാവി കടന്നുപോകുമ്പോൾ

Published : Mar 17, 2022, 05:58 PM IST
അടിയന്തിരാവസ്ഥയിലെ പോലീസ് മേധാവി കടന്നുപോകുമ്പോൾ

Synopsis

അടിയന്തിരാവസ്ഥയെക്കുറിച്ച് പില്‍ക്കാലത്ത് കേരളം അറിഞ്ഞ സംഭവങ്ങളിലെല്ലാം ഒരു നിശ്ശബ്ദസാക്ഷിയുടെ സ്ഥാനമായിരുന്നു വി.എന്‍ രാജന്. 

ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ, കെ. ലക്ഷ്മണ -  അടിയന്തിരാവസ്ഥയെന്നു കേൾക്കുമ്പോൾ മലയാളിക്ക് ഓർമ്മവരുന്ന പൊലീസ്പേരുകളുടെ കൂട്ടത്തിൽത്തന്നെ വി.എൻ രാജൻ പലപ്പോഴും ഉണ്ടായിരുന്നില്ല. വി.എൻ രാജനായിരുന്നു അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൻ്റെ പൊലീസ്മേധാവിയെന്നുപോലും മലയാളി പലപ്പോഴും മറന്നുപോയി. അതിൽ തെറ്റുപറഞ്ഞുകൂടാ. അടിയന്തിരാവസ്ഥയിലെ കേരളാപൊലീസിൽ ഒട്ടും വിലയില്ലാത്തത് പൊലീസ്മേധാവിയുടെ ഉത്തരവുകൾക്കായിരുന്നു. അടിയന്തിരാവസ്ഥയെക്കുറിച്ച് പിൽക്കാലത്ത് കേരളം അറിഞ്ഞ സംഭവങ്ങളിലെല്ലാം ഒരു നിശ്ശബ്ദസാക്ഷിയുടെ സ്ഥാനമായിരുന്നു വി.എൻ രാജന്. 

വി എൻ രാജൻ ഐപിഎസിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയ അബ്‌ദുള്‍ റഷീദ് എഴുതിയ കുറിപ്പ്

ടി.വി ഈച്ചരവാര്യർ ‘ഒരച്ഛന്റെ  ഓർമ്മക്കുറിപ്പുകളി’ൽ എഴുതി: “അടിയന്തിരാവസ്ഥയുടെ മൽസരക്കളത്തിൽ ഐ .ജി വി.എൻ രാജന്റെ  പൊലീസ് മേധാവി പദവി വെറുമൊരു അലങ്കാരം മാത്രമായിരുന്നുവെന്ന് അക്കാലത്ത് കേരളത്തിലെ കുട്ടികൾക്കുപോലും അറിയാമായിരുന്നു.” കെ. കരുണാകരനും  വിശ്വസ്തനായ ക്രൈം ബ്രാഞ്ച് മേധാവി ജയറാം പടിക്കലും നിറഞ്ഞാടിയ അടിയന്തിരാവസ്ഥയിൽ വി.എൻ രാജന് റോൾ ഉണ്ടായിരുന്നില്ലെന്ന് പിൽക്കാലത്ത് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും  എഴുതി,  “വി.എൻ രാജൻ കരുണാകരന് പ്രിയങ്കരനായിരുന്നില്ല. അതുകൊണ്ട് സംസ്ഥാന പൊലീസ്മേധാവിയുടെ തലയ്ക്കു മീതേ കൂടി ജയറാം പടിക്കലുമായിട്ടായിരുന്നു കരുണാകരന്റെ  ഇടപാടുകൾ.” പക്ഷേ, സംസ്ഥാനപൊലീസിൽ അടിയന്തിരാവസ്ഥയിൽ നടന്നതിന്റെയൊക്കെ പഴി വി.എൻ രാജനിൽ എത്തി. ഈച്ചരവാര്യരുടെ മകൻ രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ആദ്യം കോടതിയെ  അറിയിച്ചത് വി.എൻ രാജനായിരുന്നു. ആ ചെറുപ്പക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചെന്ന സത്യം പിന്നീട് കോടതിയെ അറിയിച്ചതും വി.എൻ രാജൻതന്നെ.   

ജയറാം പടിക്കലിന്റെ  നേതൃത്വത്തിൽ പൊലീസ് അടിയന്തിരാവസ്ഥയിൽ കാട്ടിക്കൂട്ടിയതൊന്നും പൊലീസ്മേധാവിയായ താൻ അറിഞ്ഞിരുന്നില്ല എന്ന് രാജൻകേസ് വിചാരണവേളയിൽ വി.എൻ രാജൻ കോടതിയെ അറിയിച്ചു. അതിനു കോടതിയുടെ മറുപടി ‘സംസ്ഥാനപൊലീസ് മേധാവി വെറുമൊരു റബർസ്റ്റാമ്പായിരുന്നു എന്നറിയുന്നതിൽ ഞങ്ങൾക്ക് സഹതാപമുണ്ട്’ എന്നായിരുന്നു. പി. രാജൻകേസിലെ കുറ്റക്കാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധിയിൽ കോയമ്പത്തൂർ സെഷൻസ് കോടതി പറഞ്ഞു, "ക്രൈം ബ്രാഞ്ച് അറിയിക്കുന്ന വിവരങ്ങൾ മാത്രമേ പൊലീസ്മേധാവി വി.എൻ രാജൻ അക്കാലത്ത് അറിഞ്ഞിരുന്നുള്ളൂ എന്ന അദ്ദേഹത്തിന്റെ  വാദം ശരിയാണ്. പി. രാജൻ മരിച്ചു എന്ന സത്യം അറിഞ്ഞയുടൻ അദ്ദേഹം അത് കോടതിയെ അറിയിച്ചിട്ടുണ്ട്.” ഈ വിധി വരുമ്പോഴേക്കും വി.എൻ രാജൻ കേരളം വിട്ടിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യനിര ഐ.പി.എസുകാരിൽ ഒരാളായ ആ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീടൊരിക്കലും കേരളത്തിൽ പദവികൾ വഹിച്ചില്ല. രാജ്യത്തെ പ്രധാന ദേശീയ കുറ്റാന്വേഷണ സ്ഥാപനങ്ങളിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ  സേവനം. 1982 വരെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജിയുടെ മേധാവി ആയി. 

രാജൻ കേസിൽ ഏറെ പഴി കേട്ട അദ്ദേഹം പിൽക്കാലത്ത് തന്റെ  പഠനങ്ങൾ മുഴുവൻ നടത്തിയത് ‘കുറ്റകൃത്യങ്ങളുടെ ഇരകൾ’ എന്ന വിഷയത്തിലാണ്. ‘വിക്ടിമോളജി’യിൽ രണ്ട് പുസ്തകങ്ങൾ ഇംഗ്ലിഷിൽ അദ്ദേഹം എഴുതി. അടിയന്തിരാവസ്ഥയെക്കുറിച്ച് കേരളം ആവർത്തിച്ചു  ചർച്ചകൾ നടത്തിയ കാലത്തൊക്കെ പാലക്കാട് കോങ്ങാടുള്ള വി.എൻ രാജന്റെ  വീട്ടിൽ ഫോൺ നിർത്താതെ ഒച്ചവച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും മാധ്യമങ്ങളോട് ഒന്നും സംസാരിക്കാൻ അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ  പൊലീസ്മേധാവി തയാറായില്ല. 
പത്ത് വർഷം മുമ്പ്, എംഎംപിയിലെ രാമേട്ടൻ തന്ന വിവരങ്ങളുമായി, ഒരു അഭിമുഖം ലക്ഷ്യമിട്ട് ഞാൻ  വി.എൻ രാജന്റെ  വീട്ടിലെത്തുമ്പോൾ അദ്ദേഹം വാർധക്യത്തിന്റെ  വിശ്രമകാലത്തായിരുന്നു.

 “ക്ഷമിക്കണം, പ്രസ്താവന നടത്തൽ രാഷ്ട്രീയക്കാരുടെ ജോലിയാണ്. ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യലാണ് ഉദ്യോഗസ്ഥന്റെ  ജോലി. ഞാനതു ചെയ്തിട്ടുണ്ട്. കുറ്റബോധമില്ല. ഞാനൊരു ഈശ്വരവിശ്വാസിയാണ്. ഈശ്വരന് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. കൂടുതലൊന്നും പറയാനുമില്ല.” അദ്ദേഹം പറഞ്ഞു. 

“ഇത്ര ദൂരം വന്നതല്ലേ. നമുക്ക് വർത്തമാനം പറയാം” എന്നൊരു ക്ഷണം മാത്രം കിട്ടി. ഒരു മുന്നറിയിപ്പും: "റഷീദ്, Keep in mind that I crossed 90. Your journalism tricks won’t work on me.” 

എന്നിട്ടും, സംസാരത്തിനിടയിൽ ചിലപ്പോഴൊക്കെ ഓർമ്മകൾ വാക്കുകളായി. “Democracy is the least unsatisfactory form of government.” എന്നാണ് ചർച്ചിൽ പറഞ്ഞത്. ജനാധിപത്യത്തിൽ ചില പദവികൾ അങ്ങനെയാണ്. നമുക്ക് നേരിട്ട് പങ്കില്ലാത്തതിനും മറുപടി പറയേണ്ടിവരും. അതുകൊണ്ട് സംഭവിച്ചതിലൊന്നും ഖേദമില്ല.” മൊത്തം ജീവിതത്തെ അദ്ദേഹം ഇങ്ങനെ ചുരുക്കി. 

വി.എൻ രാജന്റെ  അടുത്ത ബന്ധുവും ജന്മിയുമായിരുന്ന  കോങ്ങാട് നാരായണൻ കുട്ടി  നായരെ 1970 ജൂലായ് 30ന് നക്സലുകൾ തലവെട്ടി കൊല്ലുകയായിരുന്നു. സംസാരം ഇന്നും ഇന്ത്യയിൽ തുടരുന്ന സായുധപോരാട്ടത്തിൽ എത്തിയപ്പോൾ, നക്സലിസത്തിൻ്റെ തീവ്ര കാലത്ത് പൊലീസ്മേധാവിയായിരുന്ന അദ്ദേഹം പറഞ്ഞു, :  “സാമൂഹികാവസ്ഥ മാറാതെ നക്സലിസം ഇന്ത്യയിൽ ഇല്ലാതാവില്ല എന്ന് ഇന്ന് എനിക്കു മനസ്സിലാവുന്നു. ഇന്ത്യയിൽ നക്സലിസം ഇല്ലാതാക്കണമെങ്കിൽ അസമത്വം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.” 

അച്യുതമേനോനെക്കുറിച്ച്..? 

മഹാനായിരുന്നു. ഏതു തീരുമാനത്തിനും അടിസ്ഥാനം അദ്ദേഹത്തിന്റെ  അടിയുറച്ച രാഷ്ട്രീയമായിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമുള്ള കാലത്താണ് ഞാനൊരു ഹൗസിങ് ലോണിന് അപേക്ഷിക്കുന്നത്. പക്ഷേ, ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിയപ്പോൾ അദ്ദേഹമെഴുതി, “ആപ്ലിക്കേഷൻ റിജക്റ്റഡ്. രാജൻ ഈസ് എ ബൂർഷ്വാ”. അതെഴുതാൻ സൗഹൃദം തടസ്സമായില്ല. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോടു ബഹുമാനം കൂടിയതേയുള്ളൂ. 

ജയറാം പടിക്കൽ..? 

ഒരിക്കൽ അച്യുതമേനോൻ എന്നോട് ചോദിച്ചു, “രാജൻ, ജയറാം പടിക്കലിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഞാൻ പറഞ്ഞു,“sir, a brilliant officer with elastic conscience..” തരംപോലെ നീളുകയും ചുരുങ്ങുകയും ചെയ്യുന്ന ധാർമികത. അതായിരുന്നു അദ്ദേഹത്തിന്റെ  കുഴപ്പം. അച്യുതമേനോൻ ഒരു പ്രത്യേകതാളത്തിൽ പേന മേശയിൽ തട്ടിക്കൊണ്ട് ആ വാചകം പലവട്ടം ആവർത്തിച്ചു.. "Elastic conscience..." രാജൻ കേസിൽ സസ്പെൻഷനിലായിരുന്ന പടിക്കലിനെ ഞാൻ ഒരിക്കൽ വിമാനത്താവളത്തിൽ കണ്ടു. “ഹൗ ആർ യൂ മിസ്റ്റർ പടിക്കൽ?” ഞാൻ കുശലം ചോദിച്ചു. “Can’t you discern how I look?” എന്നായിരുന്നു മറുപടി. 

കരുണാകരൻ? 

അദ്ദേഹത്തിന്റെ  അവസാനകാലത്ത് ഗുരുവായൂരിൽ യാദൃശ്ചികമായി കണ്ടു. അന്നും അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. പഴയ ആഭ്യന്തരമന്ത്രിയും പൊലീസ്മേധാവിയും മുഖാമുഖം. സൗഹൃദസംഭാഷണത്തിനൊടുവിൽ ഞാൻ ചോദിച്ചു, “ഒരുപാടു കാലമായില്ലേ സാർ? വിശ്രമിച്ചൂടേ?” സ്വതസിദ്ധമായ ചിരിയോടെ മറുപടി വന്നു, “എന്തു ചെയ്യാനാണ് രാജൻ, മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയാണ് ഇപ്പോഴും..” 

രാജൻകേസ്..? 

അന്നും ഇന്നും എനിക്ക് അതറിയില്ല. ക്രൈം ബ്രാഞ്ചിന് മേൽ എനിക്ക് ഒരധികാരവും ഉണ്ടായിരുന്നില്ല. അതിന്റെ പ്രവർത്തനങ്ങളിൽ ഐ.ജിക്ക് റോൾ ഇല്ലായിരുന്നു. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നുതന്നെയാണ് ഞാനും ആദ്യം ധരിച്ചിരുന്നത്. പിൽക്കാലത്ത് ഈച്ചരവാര്യരുടെ നഷ്ടപരിഹാരകേസ് കോടതിയിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തിൻറെ ഭാഗത്തുനിന്നുതന്നെയുള്ള സാക്ഷിയായി കോടതിയിൽ ഹാജരായി സത്യം അറിയിച്ചു. 

സംഭാഷണത്തിനൊടുവിൽ വി.എൻ രാജൻ ഇത്രകൂടി  പറഞ്ഞു, “അടിയന്തിരാവസ്ഥയിൽ മേലാവിൽനിന്ന് കിട്ടിയ നിയമവിരുദ്ധമായ ഉത്തരവുകൾ എല്ലാം അനുസരിച്ചിരുന്നെങ്കിൽ ഇന്ന് എനിക്കൊരു ഗവർണർ എങ്കിലും ആകാമായിരുന്നു. പക്ഷേ, ഞാനൊരിക്കലും മനഃസാക്ഷി പോക്കറ്റിലാക്കി നടന്നിട്ടില്ല. ദൈവത്തിന്റെ  കോടതിയിൽ എനിക്ക് ഉത്തരം മുട്ടില്ല.” 

ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു,  “എല്ലാ സത്യങ്ങളും പറഞ്ഞ് ഒരു ആത്മകഥ എഴുതിക്കൂടേ സാർ?” 

“ഞാനത് എന്നേ എഴുതിവച്ചിട്ടുണ്ട്. നിങ്ങൾ പത്രക്കാരൊന്നും കേൾക്കാത്ത ഒത്തിരി ചരിത്രമുള്ള ഒരാത്മകഥ. പക്ഷേ, അത് പ്രസിദ്ധീകരിക്കുന്നത് എന്റെ  മരണശേഷം മതി!” 

പിന്നീടും രണ്ടു മൂന്നു തവണ ഞാൻ വി.എൻ രാജനെ കണ്ടു. കേരളം വായിക്കേണ്ടതാണ് ആ ആത്മകഥ എന്ന് ഓർമിപ്പിച്ചു. 

“വേണ്ട. എനിക്ക് മറുപടി പറയേണ്ട മിക്കവരും പോയി. പടിക്കൽ പോയി, കരുണാകരൻ പോയി, അച്യുതമോനോൻ പോയി. പക്ഷേ, അവരുടെയൊക്കെ ഉറ്റവർ ജീവിച്ചിരുപ്പുണ്ടാവില്ലേ? അവരെക്കൂടി വെറുതെ വിഷമിപ്പിക്കേണ്ട. എന്റെ  മകനെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ മരണശേഷം അത് അത് പുറത്തുവരുന്നെങ്കിൽ വരട്ടെ ” 

പ്രസിദ്ധീകരിക്കാത്ത ആത്‌മകഥ ബാക്കിയാക്കി വി.എൻ രാജൻ കടന്നുപോയിരിക്കുന്നു.

PREV
click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്