കൊഴുപ്പും കൊളസ്ട്രോളും നിയന്ത്രിക്കാം, പനിയും കഫക്കെട്ടും മാറാന്‍ ഉത്തമം; തൊടിയിലെ ഔഷധസസ്യങ്ങളെ മറക്കല്ലേ

Published : Dec 19, 2019, 12:12 PM IST
കൊഴുപ്പും കൊളസ്ട്രോളും നിയന്ത്രിക്കാം, പനിയും കഫക്കെട്ടും മാറാന്‍ ഉത്തമം; തൊടിയിലെ ഔഷധസസ്യങ്ങളെ മറക്കല്ലേ

Synopsis

നല്ല സുഗന്ധവും ഔഷധഗുണവുമുള്ള സസ്യമാണ് തുളസി. ഒസിമം സാങ്ങ്റ്റം എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. തുളസിച്ചെടിയുടെ ആയുര്‍വേദത്തിലുള്ള പ്രാധാന്യം മനസിലാക്കി വ്യാവസായികമായി കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

നമ്മുടെ വീട്ടുവളപ്പില്‍ കാണപ്പെടുന്ന ഔഷധഗുണങ്ങളുള്ള നിരവധി ചെടികളുണ്ട്. ഒരുകാലത്ത് പറമ്പ് മുഴുവന്‍ മുളച്ച് പൊന്തുമായിരുന്ന ഇവയില്‍ പലതും ഇന്ന് പ്രത്യേക പരിചരണം നല്‍കി വളര്‍ത്തിവരുന്നു. പലതിന്റെയും ഔഷധഗുണം മനസിലാക്കി വ്യാവസായികമായി കൃഷി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. അത്തരം ചില ഔഷധസസ്യങ്ങളുടെ കൃഷിരീതി പരിചയപ്പെടാം.

പനിക്കൂര്‍ക്ക

പനിക്കും ജലദോഷത്തിനും ചുമയ്ക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്കയുടെ തണ്ടും ഇലകളും ഔഷധമാണ്. ദേശീയ മിഷന്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സിന്റെ സഹായത്തോടെ ഈ ചെടി വ്യാവസായികമായി കൃഷി ചെയ്യാനുള്ള പദ്ധതിയുമുണ്ട്.

 

സാധാരണ തണ്ടുകളില്‍ നിന്നാണ് വേര് പിടിച്ച് പുതിയ സസ്യം വളര്‍ന്നുവരുന്നത്. ചാണകവും ഗോമൂത്രവും വളമായി നല്‍കാം. അതുപോലെ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചും ഒഴിക്കാം.

അടിവളം ചേര്‍ത്ത മണ്ണിലേക്കാണ് തണ്ടുകള്‍ നടേണ്ടത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം നടേണ്ടത്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ നനയ്ക്കരുത്. എളുപ്പത്തില്‍ ചീഞ്ഞുപോകാന്‍ സാധ്യതയുള്ള ചെടിയാണിത്. വേനല്‍ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കണം. വളര്‍ന്നുവരുന്ന മുറയ്ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ ചാണകപ്പൊടി വിതറി മണ്ണ് നന്നായി യോജിപ്പിച്ച് ചെടിക്ക് ചുറ്റും കയറ്റിക്കൊടുക്കണം. യൂറിയ നല്‍കിയാല്‍ ചെടി നന്നായി വളരാറുണ്ട്. പ്രത്യേകിച്ച് കീടങ്ങളൊന്നും ആക്രമിക്കാറില്ല.

തുളസി

നല്ല സുഗന്ധവും ഔഷധഗുണവുമുള്ള സസ്യമാണ് തുളസി. ഒസിമം സാങ്ങ്റ്റം എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. തുളസിച്ചെടിയുടെ ആയുര്‍വേദത്തിലുള്ള പ്രാധാന്യം മനസിലാക്കി വ്യാവസായികമായി കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

 

തുളസി വിത്തിലൂടെയാണ് മുളച്ച് വളരുന്നത്. വന്‍തോതില്‍ നടാനായി വിത്തുകള്‍ ശേഖരിക്കുമ്പോള്‍ ചാണകം, മണല്‍ എന്നിവ യോജിപ്പിച്ച മണ്ണില്‍ പാകി അല്‍പം നനച്ചാണ് മുളപ്പിച്ചെടുക്കുന്നത്. 15 ദിവസം കഴിഞ്ഞാല്‍ അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനടാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം തുളസി നടേണ്ടത്. രണ്ടാഴ്ച കൂടുമ്പോള്‍ ചാണകപ്പൊടി മണ്ണില്‍ ചേര്‍ത്ത് യോജിപ്പിച്ച് മണ്ണ് കൂട്ടിക്കൊടുക്കണം.

മധുരതുളസി

പച്ചയ്ക്കും ഉണക്കിയും കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ നല്ല ഗുണഗണങ്ങളുള്ള സസ്യമാണ് മധുരതുളസി.

 

ചട്ടിയിലും പുറത്ത് മണ്ണിലും മധുരതുളസി ഒരുപോലെ വളര്‍ത്താം. തുളസിത്തറയുണ്ടാക്കി ചെറിയ കുഴിയില്‍ ഒന്നരക്കിലോ ചാണകപ്പൊടി അടിവളമായി ചേര്‍ത്ത് വേരുപിടിപ്പിച്ച് തൈകള്‍ നടാം. രോഗബാധകളുണ്ടാകാതിരിക്കാന്‍ 20 ഗ്രാം സ്യൂഡോമോണാസ് വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിക്കാം.

രാമച്ചം

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ വളരെയേറെ സാധ്യതയുള്ള ചെടിയാണിത്. ചൂടുള്ള പ്രദേശങ്ങളിലാണ് ഈ ചെടി വളരുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണില്‍ രാമച്ചം കൂടുതല്‍ വളരും.

 

ഒരു ഹെക്ടറില്‍ അഞ്ച് ടണ്‍ എന്ന തോതില്‍ കമ്പോസ്‌റ്റോ ജൈവവളങ്ങളോ നല്‍കാം. രാമച്ചത്തില്‍ കൂടുതല്‍ എണ്ണ ഉണ്ടാകാന്‍ ഫോസ്ഫറസും പൊട്ടാസ്യവും കലര്‍ന്ന വളങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

സാധാരണ 18 മാസത്തിന് ശേഷമാണ് വിളവെടുക്കുന്നത്. വേരുകള്‍ പുറത്തെടുത്ത് വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നീക്കം ചെയ്യണം. ഈ വേരുകള്‍ അഞ്ച് സെ.മീ നീളത്തില്‍ മുറിച്ച് ഹൈഡ്രോ ഡിസ്റ്റിലേഷന്‍ വഴി എണ്ണ വേര്‍തിരിച്ചെടുക്കും.

തകര

വഴിവക്കില്‍ ഇഷ്ടംപോലെ വളരുന്ന ചെടിയാണിത്. ഉപ്പേരി വെച്ചാല്‍ നല്ല സ്വാദാണെന്ന് പഴമക്കാര്‍ക്ക് അറിയാം. നന്നായി മഴ ലഭിക്കുന്ന ഭാഗങ്ങളില്‍ ഈ ചെടി വളരും.

 

ആയുര്‍വേദത്തില്‍ പിത്തം, കഫം, വാതം, രക്തദോഷം എന്നിവയെല്ലാം മാറ്റാന്‍ തകര ഉപയോഗിക്കുന്നു. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ നല്ലതാണ്.

മഞ്ഞനിറത്തിലുള്ള പൂക്കളാണ് തകരയില്‍ ഉണ്ടാകുന്നത്. ഒരു കായയില്‍ ഏകദേശം 20 വിത്തുകള്‍ കാണും. തവിട്ടുകലര്‍ന്ന കറുപ്പ് നിറത്തിലായിരിക്കും. ജൂണ്‍-ജൂലായ് മാസത്തില്‍ മഴക്കാലത്ത് മുളച്ച് പൊന്തും. നവംബര്‍ മാസത്തില്‍ വിത്ത് പാകമാകും.

കുടമ്പുളി

ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ കഴിവുള്ള കുടമ്പുളി പുളിലേഹ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വായുകോപത്തിന് കുടമ്പുളിയിട്ട കറി നല്ലതാണെന്ന് പറയപ്പെടുന്നു.

 

വിത്തുകള്‍പാകി മുളപ്പിച്ച് കുടമ്പുളി വളര്‍ത്താം. ബഡ്ഡിങ്ങ് വഴിയും തൈകള്‍ ഉണ്ടാക്കാം. മലയോര മേഖലയില്‍ നന്നായി പുളി ലഭിക്കും.

ചെറിയ തൈകള്‍ നല്ല നീര്‍വാര്‍ച്ചയുള്ള വെയില്‍ കിട്ടുന്ന സ്ഥലത്ത് മുക്കാല്‍ മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയില്‍ നടണം. കുഴിയില്‍ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ക്കാം. വിത്തുമുളപ്പിച്ച് തൈകള്‍ നടുമ്പോള്‍ ഒരു ചെടിയില്‍ നിന്ന് മറ്റേ ചെടി വരെ 87 മീറ്റര്‍ അകലം പാലിക്കുന്നത് നല്ലതാണ്. ഫംഗസ് രോഗം ബാധിച്ചാല്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കാം.


 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ