
പ്രിയപ്പെട്ട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സാന്നിധ്യത്തിൽ തങ്ങളുടെ വിവാഹം ഗംഭീരമാക്കാനും എന്നേക്കും ഓർമ്മിക്കാനുള്ള ഒരു ദിവസമാക്കി ആ ദിവസത്തെ മാറ്റാനും എല്ലാ വധൂവരന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും വിവാഹ ദിവസം ഉണ്ടാകാറുണ്ട്. അതിൽ തന്നെ വളരെ വലിയ ദുരന്തങ്ങളും വിവാഹത്തിന് സംഭവിക്കാറുണ്ട്. അങ്ങനെ ഒരു സംഭവം ടെക്സാസിലും ഉണ്ടായി. വിവാഹച്ചടങ്ങിൽ വച്ച് ഒരു മുത്തച്ഛൻ തന്റെ കൊച്ചുമകനെ വെടിവച്ചു.
മൈക്കിൾ ഗാർഡ്നെർ എന്ന 69 -കാരൻ നെബ്രാസ്കയിൽ ഒരു വിവാഹച്ചുമതല വഹിക്കുകയായിരുന്നു. ആ സമയത്ത് വിവാഹമോതിരം എവിടെയാണ് വച്ചത് എന്ന് മറന്നു പോയി. അത് കാരണം വിവാഹ ചടങ്ങുകൾ വൈകുകയും ചെയ്തു. ഇതേ തുടർന്ന് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടിയാണ് മൈക്കിൾ തോക്ക് ഉപയോഗിച്ചത്. വെടിയുതിർത്തത് വായുവിലേക്കാണെങ്കിലും ആ സമയത്ത് തോക്ക് ആളുടെ കയ്യിൽ നിന്നും താഴെ വീഴുകയും ഇയാളുടെ തന്നെ കൊച്ചുമകന്റെ ദേഹത്ത് വെടിയേൽക്കുകയും ആയിരുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് ബ്ലാങ്ക് ഗൺ ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കുട്ടിക്ക് വെടിയേറ്റതോടെ അതിഥികളാകെ പരിഭ്രാന്തരായി തീർന്നു. അധികം വൈകാതെ തന്നെ കുട്ടിയെ പരിസരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ജീവൻ അപകടത്തിലാക്കും വിധം ഗൗരവമുള്ളതല്ല കുട്ടിയുടെ പരിക്കുകൾ. മൈക്കിൾ സ്വയം തന്നെ പൊലീസിൽ ഹാജരാവുകയായിരുന്നു. പിന്നാലെ, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികൾക്ക് നേരെയുള്ള അതിക്രമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൈക്കിൾ നിയമപരമായ നടപടികൾ നേരിടും എന്ന് ലാൻകാസ്റ്റർ കൗണ്ടി ഷെരീഫ് ഓഫീസ് ചീഫ് ഡെപ്യൂട്ടി ബെൻ ഹൂച്ചിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.