മോദി, ഇന്ദിര അതോ നെഹ്‌റു? ഏറ്റവും കൂടുതൽ രാഷ്‌ട്രപതിഭരണങ്ങൾ ആരുടെ കാലത്ത്?

By Web TeamFirst Published Nov 13, 2019, 3:04 PM IST
Highlights

പ്രധാനമന്ത്രി പദത്തിലിരിക്കെ ഏറ്റവും അധികം തവണ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തിയത്തിനുള്ള സർവകാല റെക്കോർഡിന്റെ അടുത്തൊന്നും എത്താൻ നരേന്ദ്ര മോദിക്ക് ആയിട്ടില്ല. 

തെരഞ്ഞെടുപ്പിന് ശേഷം ആഴ്ചകളായി മഹാരാഷ്ട്രയിൽ തുടർന്നു പോന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ, ഗവർണർ ഭഗത് സിങ് കോഷ്യാരിയുടെ നിർദ്ദേശപ്രകാരം, പ്രസിഡണ്ട് റാം നാഥ് കോവിന്ദ്, മഹാരാഷ്ട്രാ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണമേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ കയ്യൊപ്പുവെച്ചു. 2014 -ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷം, കഴിഞ്ഞ ഏതാണ്ട് ആറുവർഷക്കാലയളവിൽ, ഇത് മൂന്നാം തവണയാണ് ഒരു സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണമേർപ്പെടുത്തുന്നത്. ഡൽഹിയും ജമ്മുകശ്മീരുമാണ് ഇതിനുമുമ്പ് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തപ്പെട്ട സംസ്ഥാനങ്ങൾ. 

എന്നാൽ, പ്രധാനമന്ത്രി പദത്തിലിരിക്കെ ഏറ്റവും അധികം തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്തിനുള്ള സർവകാല റെക്കോർഡിന്റെ അടുത്തൊന്നും എത്താൻ നരേന്ദ്ര മോദിക്ക് ആയിട്ടില്ല. അടുത്തൊന്നും ആവുമെന്നും തോന്നുന്നില്ല. അത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലാണ്.

രണ്ടു തവണയായി ആകെ പതിനാറുവർഷത്തോളമാണ് ഇന്ദിര ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആദ്യമായി ഇന്ദിര പ്രധാനമന്ത്രിയാകുന്നത് 1966 -ലാണ്. 11 വർഷവും 59 ദിവസവും അവർ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു. 1980 -ലാണ് രണ്ടാമൂഴം ഇന്ദിരയെത്തേടിയെത്തുന്നത്. അത്തവണ 1984 -ൽ കൊല്ലപ്പെടും വരെ, 4 വർഷവും 291 ദിവസവും അവർ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നു. ഈ കാലയളവിനുള്ളിൽ  50  തവണ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. ഭരണത്തിലിരുന്ന 2 വർഷം 126  ദിവസത്തിനിടെ മൊറാർജി ദേശായിയുടെ കാലയളവിലും 16 തവണ രാഷ്ട്രപതിഭരണം ഏർപ്പെടുത്തപ്പെട്ടു. പത്തുവർഷം ഭരിച്ച മന്മോഹൻ സിംഗിന്റെ കാലത്ത് 12 തവണ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം വന്നു. 11 തവണ ഏർപ്പെടുത്തപ്പെട്ട നരസിംഹറാവുവിന്റെ അഞ്ചുവർഷമാണ് തൊട്ടുപിന്നിൽ. ജവഹർലാൽ നെഹ്‌റു -8, രാജീവ് ഗാന്ധി -6,  വാജ്‌പേയി, ചന്ദ്രശേഖർ - 5, ചരൺ സിങ്ങ് - 4, വിപി സിങ്ങ് -2   എന്നിവരാണ് ഈ പട്ടികയിൽ പിന്നീട് വരുന്നവർ. ലാൽ ബഹാദൂർ ശാസ്ത്രിയുടെയും എച്ച് ഡി ദേവെഗൗഡയുടെയും കാലത്തും ഓരോ പ്രാവശ്യം രാഷ്ട്രപതിഭരണങ്ങൾ ഏർപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. 

കേരളത്തിൽ ആദ്യമായി രാഷ്‌ട്രപതി ഭരണം വിരുന്നിനെത്തുന്നത്, സംസ്ഥാനം രൂപീകരിക്കപ്പെട്ട ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി രണ്ടുവർഷത്തിനുള്ളിൽ 1959-ലായിരുന്നു. എഴുതവണയായി നാലുവർഷത്തോളം കേരളത്തിൽ പ്രസിഡണ്ട് ഭരണം നിലനിന്നിട്ടുണ്ട്. 1982 -ൽ കരുണാകരൻ മന്ത്രിസഭ പ്രതിസന്ധിയിലായപ്പോഴാണ് അവസാനമായി കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തപ്പെടുന്നത്. 

 

click me!