India @ 75 : 25 വയസ്സില്‍ ബ്രിട്ടീഷുകാര്‍ കൊന്നുകളഞ്ഞു, ഈ ധീരദേശാഭിമാനിയെ!

By Web TeamFirst Published Jul 2, 2022, 12:49 PM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ബിര്‍സ മുണ്ട

ക്രമേണ ബിര്‍സയുടെ നേതൃത്വത്തില്‍ മേഖലയിലാകെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് ആദിവാസികള്‍ ചെറുത്തുനിന്നു. പക്ഷെ 1900 -ല്‍  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വന്‍ സന്നാഹം ആദിവാസികളെ ആക്രമിച്ച് കീഴടക്കി.

 

ഇന്ത്യന്‍ പാര്‍ലമെന്റ് അലങ്കരിക്കുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരു ആദിവാസി നായകന്‍ മാത്രമേ ഉള്ളൂ. അദ്ദേഹമാണ് ബിര്‍സ മുണ്ട. 

ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ആദിവാസി സമൂഹങ്ങള്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തമാണ് ബിര്‍സ മുണ്ട നയിച്ച മുണ്ട പ്രക്ഷോഭം. 

പത്തോമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങള്‍.  ഇന്നത്തെ ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ഉള്‍പ്പെടുന്ന അന്നത്തെ ബംഗാള്‍ പ്രസിഡന്‍സിയില്‍ പെട്ട  വനപ്രദേശമായിരുന്നു മുണ്ടവര്‍ഗ്ഗക്കാരുടെ മാതൃഭൂമി. ഖുന്തി, തമാര്‍, സര്‍വാദ, ബാന്ദ്ഗാവ് എന്ന മുണ്ട മേഖലകള്‍. 

കാടുകളെയും മലകളെയും സംരക്ഷിച്ചും ആശ്രയിച്ചും തലമുറകളായി കഴിഞ്ഞ ആദിവാസിജനത. ഇന്ത്യ കയ്യേറിയ  ബ്രിട്ടീഷ് അധികാരികള്‍ അടിച്ചെല്‍പ്പിച്ചത് കടുത്ത ചൂഷണാടിസ്ഥാനത്തിലുള്ള കാര്‍ഷിക-വനനയങ്ങള്‍.  ആദിവാസികളെ അവരുടെ വനഭൂമിയില്‍ നിന്ന് ഇറക്കിവിട്ടുകൊണ്ട് ആദിവാസി ഇതര വിഭാഗങ്ങളെ കുടിയിരുത്തുകയായിരുന്നു ഈ നയത്തിന്റെ കാതല്‍.  കുടിയേറ്റക്കാരായ ഈ ടിക്കെദാര്‍ മാര്‍ ചൂഷണത്തില്‍ മുമ്പരായിരുന്നു.  

 

ആദിവാസികളുടെ പ്രവാചകൻ-ബിർസ മുണ്ട|സ്വാതന്ത്ര്യസ്പർശം|India@75 pic.twitter.com/nzYQXCbrA8

— Asianet News (@AsianetNewsML)

 

സാമ്പത്തികമായി തകര്‍ക്കപ്പെട്ട ആദിവാസികളെ സാസ്‌കാരികമായും അന്യവല്‍ക്കരിക്കുന്നുണ്ടായിരുന്നു. അവരെ വ്യാപകമായി മതം മാറ്റാനായി മേഖലയാകെ പ്രവര്‍ത്തനം നടത്തുകയായിരുന്നു വിദേശ  മിഷനറിമാര്‍.  മറ്റനേകം ആദിവാസികളെപ്പോലെ ബിര്‍സയും കുടുംബവും ക്രിസ്തീയ മതത്തിലേക്ക് മാറി. ബിര്‍സ ബിര്‍സ ഡേവിഡ് ആയി ജര്‍മന്‍ മിഷനറി സ്‌കൂളില്‍ ചേര്‍ന്നു. 

ആടുമേയ്ച്ചും പുല്ലാങ്കുഴല്‍ വായിച്ചുമായിരുന്നു ദുരിതമയമായ ബാല്യത്തില്‍ ബിര്‍സ മുണ്ടയുടെ അതിജീവനം.  പക്ഷെ യൗവനത്തിലെത്തുമ്പോഴേക്കും  ബിര്‍സ രാഷ്ട്രീയമായും സാംസ്‌കാരികമായും ഉണര്‍ന്നിരുന്നു.  ബ്രിട്ടിഷുകാര്‍ക്കൊപ്പമായിരുന്ന ക്രിസ്തിയമതത്തെ ബിര്‍സ ഉപേക്ഷിച്ചു. മതപരിവര്‍ത്തനത്തിനെതിരെ നിലയുറപ്പിച്ചു. ഒപ്പം ആദിവാസികളെ ബ്രിട്ടിഷുകാര്‍ക്കെതിരെ സംഘടിപ്പിച്ചു.  'മഹാറാണി ഭരണം തുലയട്ടെ, ഞങ്ങളുടെ രാജ്യം വാഴട്ടെ' എന്നതായിരുന്നു ബിര്‍സയുടെ പ്രശസ്തമായ മുദ്രാവാക്യം.  ബിര്‍സ മുണ്ട 'ഭൂമിയുടെ പിതാവ്' എന്ന അര്‍ത്ഥം വരുന്ന 'ധര്‍ത്തി ആബ' എന്ന്  വിളിക്കപ്പെട്ടു. ബിര്‍സ തന്റെ വിപ്ലവത്തിന്റെ ഉല്‍ഗുലാന്‍ എന്ന വിളിച്ചു.  ആദിവാസികളുടെ  പ്രവാചകനായി ബിര്‍സ ഉയര്‍ന്നു. 

ക്രമേണ ബിര്‍സയുടെ നേതൃത്വത്തില്‍ മേഖലയിലാകെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് ആദിവാസികള്‍ ചെറുത്തുനിന്നു. പക്ഷെ 1900 -ല്‍  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വന്‍ സന്നാഹം ആദിവാസികളെ ആക്രമിച്ച് കീഴടക്കി. ആയിരക്കണക്കിന് ആദിവാസികള്‍ പിടിയിലായി. ഏറെപ്പേര്‍ കൊല്ലപ്പെട്ടു. ബിര്‍സ സിങ്ഭും മലകളിലേക്ക് രക്ഷപ്പെട്ടെങ്കിലും തുടര്‍ന്ന് ജന്‍ കോപ്പയ് കാടുകളിലെ ചക്രധാര്‍പൂരില്‍  വെച്ച് പിടിയിലായി.  തടവറയില്‍ മര്‍ദ്ദനമേറ്റ് വെറും ഇരുപത്തഞ്ചാം  വയസ്സില്‍ ബിര്‍സ രക്തസാക്ഷിയായി. 

ഇന്ന് ഈ ജാര്‍ഖണ്ഡ് മേഖലയില്‍ ദൈവതുല്യനാണ് ബിര്‍സ. അദ്ദേഹത്തിന്റെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസ് ആയി ആഘോഷിക്കപ്പെടുന്നത് കര്‍ണാടകയില്‍ വരെയാണ്. മഹാശ്വേതാ ദേവിയുടെ പ്രശസ്തമായ 'അരണ്യേര്‍ അധികാര്‍' എന്ന നോവലിലെ നായകനാണ് ബിര്‍സ മുണ്ട.  

click me!