India@75 : 12 -കാരി മുതൽ 60 -കാരി വരെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികൾ

Published : Jul 19, 2022, 12:27 PM IST
India@75 : 12 -കാരി മുതൽ 60 -കാരി വരെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികൾ

Synopsis

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് മറക്കരുതാത്ത പെൺപോരാട്ടം. 

നമ്മുടെ മഹാസമരങ്ങളുടെ നേതാക്കളെ നമുക്കറിയാം. പക്ഷെ, അവയിൽ പങ്കെടുത്ത് കുടുംബവും ജീവിതവും ജീവനും പോലും നഷ്ടമായ എണ്ണമറ്റ വീട്ടമ്മമാരുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? അങ്ങനെയൊരു വീട്ടമ്മയായിരുന്നു ആസാമിലെ ബെർഹാംപൂർ സ്വദേശി ഭോഗേശ്വരി ഫുകനാനി. എട്ടു കുട്ടികളുടെ അമ്മ. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്നത് ഗാന്ധിയുടെ തീരുമാനമായിരുന്നു. ക്ഷമയും സഹനശീലവും സ്ത്രീകൾക്കാണ് കൂടുതലെന്നതായിരുന്നു ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും സ്ത്രീകൾ വ്യാപകമായി സമരരംഗത്തേക്ക് കടന്നുവന്നു. ആസാമിൽ ഭോഗേശ്വരി, കനകാലതാ ബറുവ, കാഹൂലി നാഥ്, തിലേശ്വരി ബറുവ, കുമാലി നിയോഗ് എന്നിവർ 1942 -ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രക്തസാക്ഷികളായവരാണ്. 

ഭോഗേശ്വരി 1942 ലെ സെപ്തംബറിൽ ക്വിറ്റ്  ഇന്ത്യ സമരത്തിൽ പങ്കെടുത്തത് തന്റെ 60ാം  വയസിൽ. സമരം അതിശക്തമായി അമർച്ച ചെയ്യുകയായിരുന്നു ബ്രിട്ടീഷ് ശ്രമം. ബഹ്റാംപൂറിലെ കോൺഗ്രസ്സ് പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചത് ഭോഗേശ്വരിയും സഖാക്കളും പ്രതിരോധിച്ചു. പെട്ടെന്നാണ് ക്യാപ്റ്റൻ ഫിനിഷ് എന്ന സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സായുധ സംഘം അവിടെ എത്തിയത്. അവർ കോൺഗ്രസ്സ് ഭടന്മാരെ കടന്നാക്രമിച്ചു. ഭോഗേശ്വരിയുടെയും രത്നമാലയുടെയും നേതൃത്വത്തിൽ ദേശീയപതാകകളേന്തി അവർ മുന്നോട്ടുനടന്നു. പൊടുന്നനെ രത്നമാലയുടെ കയ്യിൽ നിന്ന് പതാക ക്യാപ്റ്റൻ ഫിനിഷ് തട്ടിപ്പറിച്ചു. രത്നമാല താഴെ വീണു. പതാക നശിപ്പിക്കാൻ ശ്രമിച്ച ഫിനിഷിന്റെ നേരെ കൊടുങ്കാറ്റുപോലെ അറുപതുകാരി ഭോഗേശ്വരി ചീറിയടുത്തു. തന്റെ കയ്യിൽ എന്തിയിരുന്ന കൊടിക്കമ്പ്  കൊണ്ട് അവർ  ഫിനിഷിന്റെ തലയിൽ ആഞ്ഞടിച്ചു.  അമ്പരന്നുപോയ ഫിനിഷ് തന്റെ കൈത്തോക്ക് വലിച്ചൂരി ഭോഗേശ്വരിയുടെ നേരെ വെടി ഉതിർത്തു. ഭോഗേശ്വരി രക്തസാക്ഷിയായി. 

 

1942 സെപ്തംബറിലെ അതേ ദിവസം ഗോഹ്പൂർ എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷന് മുകളിൽ ദേശീയപതാക കെട്ടാൻ ശ്രമിച്ച മൃത്യു ബാഹിനി എന്ന ചാവേർപ്പട നയിച്ചത് 17 കാരി കനകലത ബറുവ. കനകലതയ്ക്ക് നേരെ പൊലീസ് നിഷ്കരുണം വെടിയുതിർത്തു. നിമിഷങ്ങൾക്കകം കനകലത രക്തസാക്ഷിയായി. വീരബാല എന്ന് അറിയപ്പെടുന്ന കനകലതയുടെ പേരിൽ ആസാമിലെ തേസ്പൂരിൽ ഉള്ള കനകലതാ ഉദ്യാനത്തിൽ ആ പെൺകുട്ടിയുടെ പോരാട്ടം ശില്പമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗൗരിപ്പൂരിൽ കനകലതയുടെ പൂർണ്ണകായപ്രതിമയുണ്ട്. കോസ്റ്റ് ​ഗാർഡിന്റെ ഒരു അതിവേഗ ബോട്ട് കനകലതയെന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.  

ഡാംഡാമിയ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ പോയ സമരസഖാക്കളുടെ നായകത്വം ഖാഹുലി  നാഥ് എന്ന വീട്ടമ്മയ്‌ക്കായിരുന്നു. ഭർത്താവ് പോനാറാം നാഥിനൊപ്പം അവർ ധെകിയജൂലി സ്റ്റേഷന് നേരെ മാർച്ച് ചെയ്തു. മരണം ഉറപ്പെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഏറ്റെടുത്ത് അവർ കുതിച്ചത്. പ്രകടനത്തിന് നേരെ പൊലീസ് നിർത്താതെ വെടി വെച്ചു. ഖഹുലി തൽക്ഷണം മരിച്ചുവീണു. ഖഹുലിക്കൊപ്പം വെടിയേറ്റു മരിച്ചവരിൽ 12  വയസ്സ് മാത്രമുള്ള തിലകേശ്വരി ബറുവയും 18 കാരി കുമാലി നിയോഗും ഉൾപ്പെട്ടു.

PREV
click me!

Recommended Stories

ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറണ്ട, സ്റ്റെപ്പുപയോ​ഗിച്ചാൽ മതി; നോട്ടീസ്, വിമർശനം, ഖേദപ്രകടനം
ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി