ഇന്ത്യ തനിക്ക് പറ്റിയ ഇടമല്ല കാനഡയിലേക്ക് മടങ്ങുന്നു; ഇന്ത്യൻ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

Published : Sep 20, 2025, 03:48 PM IST
Representative image

Synopsis

ജീവിതം ദുസ്സഹമാക്കിയ നിരവധി കാരണങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്. പ്രധാന പ്രശ്നമായി പറയുന്നത് വായുവിന്റെ ഗുണനിലവാരമാണ്. 

ഇന്ത്യയിലെ ജീവിതം തനിക്ക് അനുയോജ്യമല്ലാത്തതിനാൽ കാനഡയിലേക്ക് മടങ്ങുന്നു എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കാനഡയിൽ നിന്ന് ഒരു വർഷം മുൻപ് ഗുജറാത്തിലെ നവ്സാരിയിലെ തൻ്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് റെഡിറ്റിൽ ഇത്തരത്തിൽ ഒരു അഭിപ്രായം പങ്കുവെച്ചത്.

ദിവസേന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം ഏകദേശം ഒരു വർഷത്തോളമെടുത്താണ് താൻ തിരിച്ചുപോകാൻ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. മാതാപിതാക്കളുടെ അടുത്ത് താമസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിവന്നത്. എന്നാൽ, ഇന്ത്യ തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് പലവിധ അനുഭവങ്ങളിലൂടെ തനിക്ക് ബോധ്യപ്പെട്ടു എന്നാണ് യുവാവ് പറയുന്നത്.

​ജീവിതം ദുസ്സഹമാക്കിയ നിരവധി കാരണങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്. പ്രധാന പ്രശ്നമായി പറയുന്നത് വായുവിന്റെ ഗുണനിലവാരമാണ്. ഇത് കണ്ണുകളിൽ തുടർച്ചയായി പുകച്ചിലുണ്ടാക്കുന്നുണ്ടെന്നും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരാകുന്നുണ്ടെന്നും പോസ്റ്റിൽ കുറിക്കുന്നു. കൂടാതെ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ പലപ്പോഴും ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞതും ശുചിത്വം ഇല്ലാത്ത അന്തരീക്ഷത്തിൽ പാചകം ചെയ്യുന്നതുമായ ഭക്ഷണങ്ങൾ ആണെന്നും ഇദ്ദേഹം പറയുന്നു. മോശം റോഡുകളും, അശ്രദ്ധമായ ഡ്രൈവിംഗും, നിരന്തരമുള്ള റോഡ് റേജും കാരണം ഡ്രൈവിംഗ് വളരെ ബുദ്ധിമുട്ടായി തോന്നിയെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

​ഉത്സവസമയങ്ങളിലെ ശബ്ദം, രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ജാതിപരമായ പ്രശ്നങ്ങൾ, അനാരോഗ്യകരമായ മത്സരബുദ്ധി എന്നിവയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, യുവാക്കൾ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമകളാകുന്നതിലുള്ള ആശങ്കയും ഉയർന്ന വിദ്യാഭ്യാസ ചെലവുകളും, ഉയർന്ന നികുതിക്ക് അനുസരിച്ചുള്ള സേവനങ്ങളില്ലായ്മയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.

​ഈ പോസ്റ്റ് ഓൺലൈനിൽ വലിയ ശ്രദ്ധ നേടി. മലിനീകരണം, ട്രാഫിക്, ശുചിത്വമില്ലായ്മ, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ എന്നിവ തങ്ങളുടെ ജീവിതത്തെയും സാരമായി ബാധിച്ചുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പലരും വിദേശത്തേക്ക് മടങ്ങാനുള്ള തീരുമാനത്തെ പിന്തുണച്ചപ്പോൾ, വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ സ്വന്തം നാടിനെ തള്ളിപ്പറയുന്നത് അംഗീകരിക്കാൻ ആകില്ല എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?