
നമ്മളെപ്പോഴും ഉയരങ്ങളിലെത്തി കാണണമെന്ന് ആഗ്രഹിക്കാറുണ്ട് നമ്മുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം. അങ്ങനെ ആഗ്രഹിച്ച മുത്തശ്ശിക്ക് ഒരു വേറിട്ട ആദരവ് കൊടുത്തിരിക്കയാണ് ഒരു സ്റ്റാർട്ടപ്പ് സ്ഥാപക. തന്റെ മരിച്ചുപോയ മുത്തശ്ശിയുടെ പച്ച സാരി ധരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിച്ചതിനെ കുറിച്ചാണ് സമിക്ഷ ഖഡ്ക എന്ന യുവതി വൈകാരികമായ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ തന്റെ മുത്തശ്ശിക്ക് നൽകിയ വാക്ക് പാലിക്കപ്പെട്ടതെങ്ങനെ എന്നും സമിക്ഷ പറയുന്നു. താൻ ധരിച്ചിരിക്കുന്ന ഈ സാരി തന്റെ മുത്തശ്ശിയുടേതാണ്, തന്റെ ജീവിതത്തിലെ വിശേഷപ്പെട്ട നിമിഷത്തിലൊന്നിൽ താൻ ഈ സാരി തന്നെ ധരിക്കാൻ തീരുമാനിച്ചതായും അവൾ പറയുന്നു. 'ലോകം ചുറ്റി സഞ്ചരിക്കുക, നല്ല വിദ്യാഭ്യാസം നേടുക, സ്വന്തമായി കരിയറും പണവും ഉണ്ടാക്കുക' എന്നാണ് മരിക്കുന്നതിന് മുമ്പ് മുത്തശ്ശി സമിക്ഷയോട് പറഞ്ഞത്. അത് കേട്ടപ്പോൾ സമിക്ഷ മുത്തശ്ശിയോട്, 'നമ്മൾ ഒരുമിച്ചത് സാധിക്കും' എന്നും പറഞ്ഞിരുന്നു.
മുത്തശ്ശിയുടെ വേർപാടിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന സമിക്ഷ, ആ ദുഃഖത്തെ മറികടക്കാൻ തന്റെ കരിയറിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു അവൾ. അങ്ങനെയാണ് ആ യാത്ര ഒടുവിൽ യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വരെ എത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 'യങ് സൗത്ത് ഏഷ്യൻ ലീഡേഴ്സ് ഇനിഷ്യേറ്റീവ് പ്രോഗ്രാ'മിന്റെ ഭാഗമായിട്ടാണ് സമിക്ഷയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ക്ഷണം ലഭിക്കുന്നത്.
കരിയറിലെ വളരെ പ്രധാനപ്പെട്ട അവസരങ്ങളിൽ ധരിക്കാനായി മുത്തശ്ശിയുടെ ഈ പച്ചസാരി സമിക്ഷ പ്രത്യേകം മാറ്റിവയ്ക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മുത്തശ്ശി ഇന്ന് തനിക്കൊപ്പം ഇല്ലെങ്കിലും അവരുടെ ഈ പച്ചസാരിയിലൂടെ തനിക്കൊപ്പം ലോകം ചുറ്റാനും, തന്റെ ജീവിതത്തിലെ ഉയരങ്ങളിൽ കൈപിടിച്ചു കയറാനും മുത്തശ്ശിയുടെ സാന്നിധ്യം തനിക്കൊപ്പമുണ്ട് എന്നാണ് സമിക്ഷ വിശ്വസിക്കുന്നത്. നിരവധിപ്പേരാണ് സമിക്ഷയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. 'മുത്തശ്ശി നിങ്ങളെ കുറിച്ചോർത്ത് ഒരുപാട് അഭിമാനിക്കുന്നുണ്ടാകും' എന്നാണ് നെറ്റിസൺസ് പറയുന്നത്.