
യൂറോപ്യൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പച്ചക്കറി വിലകൾ തമ്മിലുള്ള ഭീമമായ വ്യത്യാസത്തെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നോർവേയിൽ താമസിക്കുന്ന വിനോദ് എന്ന പ്രവാസിയാണ് അവിടെയുള്ള പച്ചക്കറികളുടെ ഉയർന്ന വിലയും ഇന്ത്യയിലെ കർഷകരുടെ അവസ്ഥയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. കടകളിലെ പച്ചക്കറി വില വ്യക്തമാക്കുന്ന വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ജൈവ രീതിയിൽ വിളയിച്ച ചെറുനാരങ്ങ കിലോയ്ക്ക് 850 രൂപയോളവും, തക്കാളി കിലോയ്ക്ക് 680 രൂപയുമാണ് നോർവേയിലെ നിരക്ക്. ഒരു കക്കിരിക്ക് മാത്രം ഏകദേശം 300 രൂപ നൽകണം.
'വർഷങ്ങളായി നോർവേയിൽ ജീവിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ കടകളിൽ കയറുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതമാണ്' വിനോദ് കുറിച്ചു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ചെറുനാരങ്ങയ്ക്ക് കിലോയ്ക്ക് 90-110 രൂപയും, തക്കാളിക്ക് 60-80 രൂപയും, കക്കിരിക്ക് ഒന്നിന് 20-30 രൂപയുമാണ് ശരാശരി വിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പച്ചക്കറികൾക്ക് നോർവേയേക്കാൾ എട്ടുമടങ്ങ് വിലക്കുറവുണ്ടെങ്കിലും, നോർവേയിലെ ഉയർന്ന വേതനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ വളരെ തുച്ഛമായ നിരക്കിലാണ് വിൽക്കപ്പെടുന്നത്. 'ഇത് നോർവേയിലെ സാമ്പത്തിക വ്യവസ്ഥയെയോ ഉയർന്ന ജീവിതച്ചെലവിനെയോ കുറിച്ചുള്ള പരാതിയല്ല. മറിച്ച്, ഇന്ത്യയിൽ രാത്രി പകലന്തിയോളം അധ്വാനിക്കുന്ന നമ്മുടെ കർഷകർക്ക് അർഹമായ വില ലഭിക്കുന്നുണ്ടോ എന്ന സംശയമാണ്. ഇന്ത്യയിൽ നമ്മൾ നമ്മുടെ കർഷകരെ വഞ്ചിക്കുകയാണോ?' എന്ന് അദ്ദേഹം ചോദിച്ചു.
Even after living in Norway for years, it still surprises me every time I visit the butikk 😊🇳🇴
These are the daily prices of groceries:
Organic lemon: ₹850/kg, tomato: ₹680/kg, cucumber: ₹300 each 😳
In India’s metros, lemons can cost around ₹90–₹110/kg, tomatoes… pic.twitter.com/JeLxob8dkK— Vinod (@turiyatman) September 29, 2026
പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇന്ത്യയിലെ കാർഷിക വിപണിയിൽ ഇടനിലക്കാർ നടത്തുന്ന ചൂഷണമാണ് വിലക്കുറവിനും കർഷകരുടെ ദാരിദ്ര്യത്തിനും കാരണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം, രണ്ടു രാജ്യങ്ങളിലെയും വരുമാനവും സാമ്പത്തിക നിലവാരവും വ്യത്യസ്തമായതുകൊണ്ട് ഈ താരതമ്യം ശരിയല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.