
ഒമാനിലെ പ്രശസ്തമായ കടലാമ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ആമയുടെ പുറത്ത് കയറിയിരുന്ന് റീൽ ചിത്രീകരിച്ച ഉക്രെയ്ൻ ദമ്പതികൾക്കെതിരെ ഒമാൻ എൻവയോൺമെന്റ് അതോറിറ്റിയുടെ നിയമനടപടി. സൗത്ത് അൽ ഷർഖിയയിലെ റാസ് അൽ ഹദ്ദിലാണ് സംഭവം നടന്നത്. ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ വാദിം ഒലെനിക് ആണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കടൽത്തീരത്തുണ്ടായിരുന്ന ആമയുടെ പുറത്ത് ദമ്പതികൾ കയറിയിരിക്കുന്നതും, അതിന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതുമാണ് ഈ വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഈ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
പ്രകൃതി സംരക്ഷണ നിയമങ്ങളുടെ ലംഘനം
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതായും, ഇത് രാജ്യത്തെ വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും ഒമാൻ എൻവയോൺമെന്റ് അതോറിറ്റി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെയുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
UKRAINIAN TOURISTS TRY to RIDE Oman SEA TURTLE in DISTURBING FOOTAGE
SEA TURTLE STRUGGLES TO ESCAPE as tourists LAUGH
Athlete Vadim grabs BABY TURTLE while cosmetologist POSES for CAMERA
UPDATE: BOTH REPORTEDLY DETAINED at AIRPORT as OMAN OPENS INVESTIGATION pic.twitter.com/BzghWuR8Qb— RT (@RT_com) September 28, 2026
പ്രത്യേകിച്ച് ആമകളുടെ പ്രജനന കാലത്ത് സന്ദർശകർ കർശനമായ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ആമകളെ സ്പർശിക്കുന്നതോ, സമീപിക്കുന്നതോ, ശല്യപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ചെയ്യരുതെന്ന് പൗരന്മാരോടും വിനോദസഞ്ചാരികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ആമകളെ സുരക്ഷിതമായ അകലത്തിൽ നിന്ന് വീക്ഷിക്കണമെന്നും ഔദ്യോഗിക ഗൈഡുകളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
രൂക്ഷമായി പ്രതികരിച്ച് നെറ്റിസണ്‍സ്
സംഭവത്തിനെതിരെ കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 'കനത്ത പിഴയും തടവുശിക്ഷയും ഇവർക്ക് നല്ലൊരു പാഠമായിരിക്കും' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതൊരു തമാശയല്ല, കുറ്റകൃത്യമാണ്' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 'വളരെ ദയനീയമായ പ്രവൃത്തി' എന്നായിരുന്നു മറ്റൊരു പ്രതികരണം. വന്യജീവി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും, ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും എൻവയോൺമെന്റ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.