തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും ജോലിയും കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ കിടന്നുറങ്ങിയതിന് അപമാനവും; ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങണം

Published : Dec 01, 2025, 10:25 AM IST
Indian man humiliated for sleeping outside a Bank in Malaysia

Synopsis

തൊഴിലുടമയുടെ ക്രൂരതയെ തുടർന്ന് മലേഷ്യയിൽ കിടപ്പാടമില്ലാതെ തെരുവിൽ അലയേണ്ടി വന്ന ഇന്ത്യക്കാരനാണ് സഫിയുദ്ദീൻ പക്കീർ മുഹമ്മദ്. ബാങ്കിന് മുന്നിൽ ഉറങ്ങിക്കിടന്ന അദ്ദേഹത്തെ ജീവനക്കാർ ഉപദ്രവിക്കുന്ന വീഡിയോ വൈറലായതോടെയാണ് ദുരിതജീവിതം പുറംലോകമറിഞ്ഞത്.  

 

സ്വന്തമായി കിടപ്പാടമോ ഭൂമിയോ ഇല്ലാത്ത മനുഷ്യരുടെ ജീവിതം പലപ്പോഴും മറ്റുള്ളവരുടെ കരുണയിലാണ്. സ്വന്തം രാജ്യത്ത് പോലും അത്തരമൊരു അവസ്ഥയാണെങ്കില്‍ മറ്റൊരു രാജ്യത്ത് കുടിങ്ങിക്കിടക്കുമ്പോഴാണ് അത്തരമൊരു അവസ്ഥ ഉണ്ടാകുന്നതെങ്കിലോ? അതെ, ജീവിത്തിലെ ഏറ്റവും കഠിനമായ അത്തരമൊരു കാലത്തിലൂടെ കടന്ന് പോകേണ്ടിവന്നപ്പോൾ, ഇന്ത്യക്കാരനായ സഫിയുദ്ദീൻ പക്കീർ മുഹമ്മദിന് അനുഭവിക്കേണ്ടി വന്നത് അങ്ങേയറ്റം മോശമായ ഒരുഭവം. തോഴിലുടമയുടെ നിഷ്ക്കരുണമായ പ്രവർത്തി മൂലം മലേഷ്യയിലെ ക്വാലാലംപൂരിൽ കിടപ്പാടമില്ലാതെ സഫിയുദ്ദീന് അലയേണ്ടിവന്നു. തളർന്നപ്പോൾ അദ്ദേഹം ഒരു ബാങ്കിന് മുന്നിൽ കിടന്നുറങ്ങി. പുലർച്ചെ അദ്ദേഹത്തെ വെള്ളമൊഴിച്ചും ചവിട്ടിയും എഴുന്നേൽപ്പിച്ച് വിടുന്ന ബാങ്കുദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

എനിക്ക് വീട്ടിൽ പോകണം

മലേഷ്യയിലെ ഒരു ആംബാങ്ക് ശാഖയ്ക്ക് പുറത്ത് ഉറങ്ങിയതിനാണ് 39 കാരനായ സഫിയുദ്ദീൻ പക്കീർ മുഹമ്മദ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സഫിയുദ്ദീനുമായി മലേഷ്യൻ വാർത്താ ഏജൻസിയായ എഫ്എംടി നടത്തിയ അഭിമുഖത്തില്‍ താന്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്‍റെ പാസ്‌പോർട്ടും ജോലി ചെയ്തതിനുള്ള ശമ്പളവും മുൻ തൊഴിലുടമ തടഞ്ഞുവച്ചിരിക്കുകയാണ്.

 

 

ദുരന്തകഥ

2024 മാർച്ചിലാണ് തമിഴ്നാട്ടുകാരനും 39 -കാരനുമായ സഫിയുദ്ദീൻ പക്കീർ മുഹമ്മദ് മലേഷ്യയിൽ ജോലിക്കെത്തിയത്. നാട്ടിൽ ഭാര്യയും രണ്ട് ആൺമക്കളുമുള്ള അദ്ദേഹം നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ടു. ക്വാലാലംപൂരിലെ ശ്രീ ഗോംബാക്കിലുള്ള ഒരു റസ്റ്റോറന്‍റിൽ അദ്ദേഹം പാചകക്കാരനായി ജോലി ആരംഭിച്ചു. എന്നാൽ, കാര്യങ്ങൾ അവിടെ വച്ച് കീഴ്മേൽ മറിഞ്ഞു.

 

 

തൊഴിലുടമയുടെ പീഡനം

തൊഴിലുടമ, വർക്ക് പെർമിറ്റിനായി 75,500 രൂപയും ആരോഗ്യ ഇന്‍ഷൂറൻസിനായി 26,000 രൂപയും വാങ്ങിയതായി അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു. അവിടും കൊണ്ടും കഴിഞ്ഞില്ല. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ശമ്പളവും തൊഴിലുടമ പിടിച്ച് വയ്ക്കാൻ തുടങ്ങി. മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനാൽ തനിക്ക് വീട്ടിലേക്ക് പണം അയയ്ക്കാൻ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. പാസ്പോർട്ട് തടഞ്ഞ് വച്ചതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. ജോലി ഉപേക്ഷിക്കാനും തൊഴിലുടമ സമ്മതിച്ചില്ല. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കരുതിയപ്പോൾ കഴിഞ്ഞ ആറ് മാസം മുമ്പ് ജോലിക്ക് പോകുന്നത് നിർത്തി.

 

 

തെരുവിൽ

പണമോ, പാസ്‌പോർട്ടോ, ജോലിയോ, താമസിക്കാൻ സ്ഥലമോയില്ലാതെ, ക്വാലാലംപൂരിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസമായി താന്‍ അലയുകയായിരുന്നെന്നും പലപ്പോഴും കടകൾക്ക് മുന്നിൽ ഉറങ്ങാൻ നിർബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു ദിവസം ആംബാങ്കിന്‍റെ തമൻ മലൂരി ശാഖയ്ക്ക് പുറത്ത് ഒരു ദിവസം ഉറങ്ങി. പിറ്റേന്ന് പു ലര്‍ച്ചെ താന്‍ അപമാനിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് കെട്ടിടത്തിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സഫിയുദ്ദീന്‍റെ മേൽ, ബാങ്കിന്‍റെ ഒരു വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥ പൊതു ടാപ്പ് തുറന്ന് വെള്ളം ഒഴിക്കുന്നതും ഈ സമയം സമീപത്ത് ഉണ്ടായിരുന്ന മറ്റൊരാൾ വന്ന് സഫിയുദ്ദീനെ ചവിട്ടുന്നതും പൈപ്പില്‍ നിന്നും അദ്ദേഹത്തിന്‍റെ തലയിലും മറ്റും വെള്ളം ഒഴിക്കുന്നതും വീഡിയോയില്‍ കാണാം.

നാട്ടിലേക്ക് മടങ്ങണം

അവർ തന്നോട് പോകാന്‍ പറഞ്ഞിരുന്നെങ്കിൽ താന്‍ അപ്പോൾ തന്നെ ഇറങ്ങുമായിരുന്നെന്നും ആ സമയത്ത് തനിക്ക് ആരോഗ്യക്കുറവും വിശപ്പും സമ്മർദ്ദവും വിഷാദവും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം താനൊരിക്കലും വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഫിയുദ്ദീനെതിരെയുള്ള ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വീടില്ലാത്തവർക്കായി ഷെൽട്ടറുകൾ ഒരുക്കുന്ന ടോണി ലിയാൻ, സഫിയുദ്ദീന് താമസ സ്ഥലമൊരുക്കാന്‍ തയ്യാറായി. ഒപ്പം, മുന്‍ തൊഴിലുടമയുടെ കൈവശമുള്ള സഫിയുദ്ദീന്‍റെ പാസ്പോർട്ട് തിരികെ വാങ്ങാന്‍ ശ്രമം തുടങ്ങിയതായും ടോണി പറഞ്ഞു. ഒപ്പം സഫിയുദ്ദീന്‍റെ കടങ്ങൾ വിട്ടാനും നാട്ടിലേക്ക് തിരികെ പോകാനുമുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ