
ഔദ്യോഗിക രജിസ്ട്രേഷൻ നമ്പറുകൾക്ക് പകരം വ്യക്തിഗതമാക്കിയ നെയിം പ്ലേറ്റുകൾ ഉപയോഗിച്ച് നിരത്തിലൂടെ നിരവധി വാഹനങ്ങളാണ് ഓടുന്നതെന്ന് പൂനെ നിവാസികൾ. അത്തരം വാഹനങ്ങളുടെ നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. നിയമ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തിയുള്ള ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നടപടിയൊന്നുമില്ലേയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു.
പൂനെയിലെ യൂണിവേഴ്സിറ്റി റോഡിൽ ഒരു വെളുത്ത മെഴ്‌സിഡസ് കാർ രജിസ്ട്രേഷൻ നമ്പറിന് പകരം "PRINCE"എന്ന് നമ്പർ പ്ലേറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'നിയമത്തെ ഭയപ്പെടേണ്ടതില്ല. ഇന്ന് യൂണിവേഴ്സിറ്റി റോഡിൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.
പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ പൂനെ സിറ്റി പോലീസിനെയും, നഗരത്തിലെ പോലീസ് കമ്മീഷണറെയും, മഹാരാഷ്ട്ര ഡിജിപിയെയും ചിത്രം ടാഗ് ചെയ്തു. ചിത്രം കണ്ടവരെല്ലാം നടപടി ആവശ്യപ്പെട്ടു. ഹഡപ്‌സർ ഡിപി റോഡിൽ നിന്നും പകർത്തിയ മറ്റൊരു ചിത്രത്തില്‍ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പറിന് പകരം "YUG" എന്നായിരുന്നു എഴുതിയിരുന്നത്. ചിത്രങ്ങൾ പോലീസിനും മോട്ടോർവാഹന വകുപ്പിനും സിറ്റി ട്രാഫിക്കിനും ടാഗ് ചെയ്യപ്പെട്ടെങ്കിലും നടപടികൾ എന്തെങ്കിലും എടുത്തതായി ഔദ്ധ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല.
'രാജകുമാരന്‍ ഇന്ത്യ സ്വതന്ത്രമായതും 80 വർഷത്തോളമായി ജനാധിപത്യ ഭരണം നിലനില്‍ക്കുന്നതും അറിഞ്ഞില്ലേ' എന്നായിരുന്നു ആദ്യ ചിത്രത്തിന് താഴെ ഒരു കാഴ്ചക്കാരന്‍റെ സംശയം ഉന്നയിച്ചത്. ഇത് ക്രമസമാധാന പാലനത്തിന്‍റെ ഒരു കൊടും പരിഹാസമാണെന്നും നിയമപാലകരുടെ മുഖത്തേറ്റ അടിയാണെന്നും ചിലർ വിശേഷിപ്പിച്ചു. 'ഇത് പൂനെ/മഹാരാഷ്ട്രയുടെ ഒരു സാധാരണ പ്രശ്നമാണെന്നും പൂനെയിൽ താമസിച്ചിരുന്ന കാലത്തെല്ലാം ഇത്തരം നമ്പർ പ്ലേറ്റുകൾ പതിവായി കാണാറുണ്ടായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് വർഷമായി താമിസിക്കുന്ന പഞ്ചാബിൽ അത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നും മഹാരാഷ്ട്രിയിലെ പോലീസും മോട്ടോർ വകുപ്പുമാണ് ഇത്തരം കാര്യങ്ങൾക്ക് ഉത്തരവാദികളെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇത്രയധികം വാഹനങ്ങൾ സ്വതന്ത്രമായി കറങ്ങുന്നത് പൂനെയിൽ മാത്രമാണെന്നും കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും എന്നാല്‍ കോവിഡ് മുതൽ സിവിൽ ഭരണകൂടവും ക്രമസമാധാനപാലനവും നായ്ക്കളുടെ കൈയിലായിരിക്കുന്നുമായിരുന്നു മറ്റൊരാൾ എഴുതിയത്. അവ സ്റ്റാറ്റസ് ചിഹ്നങ്ങളാണെന്നും അവഗണിക്കണമെന്നും കുറിച്ച മറ്റൊരു കാഴ്ചക്കാരന്‍ സിസ്റ്റത്തിന് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു നിരാശയോടെ കുറിച്ചത്.
1988-ലെ മോട്ടോർ വാഹന നിയമവും 2017-ലെ മോട്ടോർ വാഹന (ഡ്രൈവിംഗ്) ചട്ടങ്ങളും ഉൾപ്പെടെയുള്ള അനുബന്ധ നിയമങ്ങളും നിർദ്ദേശിക്കുന്ന പ്രകാരം എല്ലാ വാഹനങ്ങളും ഔദ്യോഗിക രജിസ്ട്രേഷൻ പ്ലേറ്റുകൾ പ്രദർശിപ്പിക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ ഒരു വാഹനവും പൊതു റോഡുകളിൽ ഓടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും പ്ലേറ്റ് ദൃശ്യവും വ്യക്തവും നിയമം അനുശാസിക്കുന്ന ഫോർമാറ്റിന് അനുസൃതവുമായിരിക്കണമെന്നും ഈ ചട്ടങ്ങൾ വ്യക്തമായി പറയുന്നു. അപകടങ്ങൾ, കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഗതാഗത ലംഘനങ്ങൾ എന്നിവയിൽ വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ഉത്തരവാദിത്തമുണ്ടാക്കാനും ഇത് ഉറപ്പാക്കുന്നു.
1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ, വ്യത്യസ്ത തരം വാഹനങ്ങൾക്കുള്ള നമ്പർ പ്ലേറ്റുകളുടെ വലുപ്പം, ഫോണ്ട്, സ്ഥാനം, നിറം എന്നിവ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, സ്വകാര്യ കാറുകൾക്ക്, വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളാണ് സ്റ്റാൻഡേർഡ് ഫോർമാറ്റ്. ഔദ്യോഗിക രജിസ്ട്രേഷൻ നമ്പർ ഒഴികെയുള്ള ഏതെങ്കിലും അലങ്കാരങ്ങൾ, അലങ്കാര ഫോണ്ടുകൾ, ചിത്രങ്ങൾ അല്ലെങ്കിൽ വാക്കുകൾ എന്നിവ വ്യക്തമായി നിരോധിച്ചിരിക്കുന്നു.