
പോളണ്ടിലെ വാഴ്സോയിൽ ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. എന്ന് പകർത്തിയതാണ് എന്ന് അറിയാത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വലിയ വിമർശനങ്ങളാണ് ഇതേ തുടർന്ന് ഉണ്ടായിരിക്കുന്നത്. ടെക്സാസിൽ സമാനമായ സംഭവം നടന്നതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. നാല് ഇന്ത്യൻ-അമേരിക്കൻ സ്ത്രീകൾ അത്താഴത്തിന് വേണ്ടി പുറത്ത് പോയപ്പോഴായിരുന്നു ആ സംഭവം. അതിന് പിന്നാലെയാണ് കാലിഫോർണിയൻ സ്വദേശി ഒരു ഇന്ത്യൻ- അമേരിക്കൻ യുവാവിനെ വംശീയമായി അധിക്ഷേപിച്ചത്.
വാർസയിലെ ആട്രിയം റെഡൂട്ട ഷോപ്പിംഗ് സെന്ററിന് പുറത്ത് വച്ചാണ് ഈ വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കരുതുന്നത്. 'നമ്മുടെ രാജ്യക്കാരെ വംശഹത്യ നടത്തുകയാണ്' എന്നാണ് ഇയാൾ ഇന്ത്യക്കാരനെ അധിക്ഷേപിക്കുന്നത്. ഒപ്പം തന്നെ അദ്ദേഹത്തെ 'പരാന്നഭോജി' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും കാണാം. വീഡിയോ ചിത്രീകരിക്കുമ്പോൾ തന്നെ എന്തിനാണ് വീഡിയോ ചിത്രീകരിക്കുന്നത് എന്ന് ഇന്ത്യക്കാരൻ ചോദിച്ചിരുന്നു. അതല്ലാതെ മറ്റൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ആ സമയത്തെല്ലാം അക്രമി അദ്ദേഹത്തെ നിർത്താതെ അധിക്ഷേപിക്കുന്നത് കാണാം.
'ഞാൻ അമേരിക്കയിൽ നിന്നുള്ളയാളാണ്. ഞാനുള്ളത് അമേരിക്കയിലാണ്. എന്തുകൊണ്ടാണ് നിങ്ങളെ പോലെ ഒരുപാട് പേർ ഇവിടെ ഉള്ളത്? എന്തിനാണ് നിങ്ങൾ പോളണ്ടിൽ താമസിക്കുന്നത്? പോളണ്ടിൽ അധിനിവേശം നടത്താമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവാത്തത്' എന്നും അധിക്ഷേപിക്കുന്നയാൾ ചോദിക്കുന്നതും കേൾക്കാം. 'ഞങ്ങളുടെ ജന്മനാട്ടിലേക്ക് നിങ്ങളെന്തിനാണ് അധിനിവേശം നടത്തുന്നത്? നിങ്ങൾക്ക് ഇന്ത്യയുണ്ട്. വെള്ളക്കാരുടെ നാട്ടിലേക്ക് കടന്നു വന്ന് ഞങ്ങളുടെ കഠിനാധ്വാനം നിങ്ങളെന്തിനാണ് കൈക്കലാക്കുന്നത്' എന്നൊക്കെയും അയാൾ പറയുന്നത് കേൾക്കാം.
ഈ വീഡിയോ എന്ന് പകർത്തിയതാണ് എന്നോ അതിന്റെ പിന്നിൽ എന്താണ് എന്നോ ഒന്നും വ്യക്തമല്ല. എന്നാൽ, ക്യാമറയ്ക്ക് പിന്നിലെ ആ വ്യക്തി ഗോയിം ടിവിയുടെ സ്ഥാപകൻ ജോൺ മിനാഡിയോ ആണെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു.