
വേനൽക്കാലം ആരംഭിച്ചതോടെ ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡാണ്. അമേരിക്കക്കാർ ഇന്ത്യൻ മാമ്പഴങ്ങൾക്കായി എന്ത് ചെയ്യാനും തയ്യാറാണെന്ന് ദി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ മാമ്പഴക്കമ്പത്തെക്കുറിച്ചുള്ള ഒരു സമൂഹ മാധ്യമ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. "അമേരിക്കയിൽ നല്ല മാമ്പഴം കിട്ടുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. വൈകുന്നേരം 4:56 -ന് പുതിയ സ്റ്റോക്ക് എത്തി, 5:16 ആയപ്പോഴേക്കും എല്ലാം വിറ്റുതീർന്നു," എന്നായിരുന്നു പോസ്റ്റിലെ കുറിപ്പ്.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റിന് താഴെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. "അൽഫോൻസോ പോലുമല്ല, കേസരി മാമ്പഴം ആയിട്ട് പോലും മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു," എന്ന് ഒരാൾ കുറിച്ചപ്പോൾ, തന്‍റെ കുടുംബ വീട്ടിലെ മാമ്പഴത്തിന്‍റെ പൾപ്പ് നാട്ടിൽ നിന്ന് സഹോദരിമാർ അയച്ചുതരാറുണ്ടെന്നും അതാണ് ഇവിടെ കിട്ടുന്നതിനേക്കാൾ ഗുണമേന്മയുള്ളതെന്നും മറ്റൊരാൾ കമന്‍റ് ചെയ്തു. പലപ്പോഴും കിട്ടുന്ന മാമ്പഴങ്ങൾ ചതഞ്ഞതും ഗുണനിലവാരമില്ലാത്തതുമാണെന്ന പരാതിയും ചിലർ പങ്കുവെച്ചു.
വോൾ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് പ്രകാരം ലോകത്തെ മൊത്തം മാമ്പഴ ഉൽപ്പാദനത്തിന്‍റെ പകുതിയോളം (ഏകദേശം 20 ദശലക്ഷം മെട്രിക് ടൺ) ഇന്ത്യയിലാണ്. എന്നാൽ ഇതിന്‍റെ വെറും 1 % മാത്രമേ രാജ്യം കയറ്റുമതി ചെയ്യുന്നുള്ളൂ. അമേരിക്കക്കാരുടെ മാമ്പഴ കമ്പത്തോടെ ഈ കണക്കും ആഗോളതലത്തിൽ വലിയ ചർച്ചയായി. "അൽഫോൻസോയുടെയും കേസരിയുടെയും നാട്ടിലാണ് ഞാൻ ജീവിക്കുന്നതെങ്കിൽ ഒരു മാമ്പഴം പോലും ഞാൻ പുറത്തേക്ക് കൊടുക്കില്ല," എന്നായിരുന്നു ഇതിനോടുള്ള ഒരു എക്സ് ഉപയോക്താവിന്‍റെ പ്രതികരണം.
18 വർഷത്തെ നിരോധനത്തിന് ശേഷം, 2006 -ൽ ജോർജ്ജ് ഡബ്ല്യു ബുഷും മൻമോഹൻ സിംഗും തമ്മിലുള്ള കരാറിനെത്തുടർന്നാണ് ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തു തുടങ്ങിയത്. മാമ്പഴത്തോടൊപ്പം വരാൻ സാധ്യതയുള്ള കീടങ്ങളെ ഭയന്നാണ് അമേരിക്ക, ഇന്ത്യൻ മാമ്പഴങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ കീടങ്ങൾ അമേരിക്കയിലെ പ്രാദേശിക കൃഷിയെ നശിപ്പിക്കുമെന്ന് അവർ ആശങ്കപ്പെട്ടു. 2006 -ലെ കരാറിന് ശേഷവും മാമ്പഴം നേരിട്ട് അമേരിക്കയിലേക്ക് അയക്കാൻ കഴിയില്ലായിരുന്നു. ഇന്ത്യയിൽ വെച്ച് തന്നെ മാമ്പഴങ്ങൾ ഇറേഡിയേഷൻ എന്ന സാങ്കേതിക വിദ്യക്ക് വിധേയമാക്കണമെന്ന് അമേരിക്കൻ കൃഷി വകുപ്പ് (USDA) നിർബന്ധം വെച്ചു. മഹാരാഷ്ട്രയിലെ ലാസൽഗാവിലുള്ള പ്ലാന്‍റിലാണ് പ്രധാനമായും ഈ പ്രക്രിയ നടക്കുന്നത്. ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇത്തരം കർശനമായ പരിശോധനകൾക്ക് ശേഷമേ ഇന്ത്യൻ മാമ്പഴം സ്വീകരിക്കാറുള്ളൂ.