കണ്ണട വലിച്ചുപൊട്ടിച്ചു, മുഖമിടിച്ചു തകർത്തു, മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു; അയർലണ്ടിൽ വംശീയാതിക്രമം നേരിട്ടതായി ഇന്ത്യൻ യുവാവ്

Published : Jul 31, 2025, 11:18 AM IST
Dr Santosh Yadav

Synopsis

തനിക്ക് നേരെ നടന്ന ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ യൂറോപ്യൻ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് നേരെ വംശീയാതിക്രമങ്ങൾ വർധിക്കുകയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകമായതുമായ വീഡിയോകളാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇപ്പോഴിതാ അതുപോലൊരു പോസ്റ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡോ. സന്തോഷ് യാദവ് എന്ന സംരംഭകനാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അയർലണ്ടിൽ യാതൊരു പ്രകോപനവുമില്ലാതെ തനിക്ക് നേരെ വംശീയാതിക്രമം നേരിട്ടുവെന്നാണ് ഇന്ത്യൻ വംശജനായ സംരംഭകൻ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുകൂട്ടം കൗമാരക്കാരാണ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നും അദ്ദേഹം പറയുന്നു. അവർ തന്റെ ഗ്ലാസ് പിടിച്ചുവാങ്ങുകയും പിന്നാലെ മർദ്ദിക്കുകയുമായിരുന്നു. തനിക്ക് നേരെ നടന്ന ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ യൂറോപ്യൻ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് നേരെ വംശീയാതിക്രമങ്ങൾ വർധിക്കുകയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.

അത്താഴം കഴിച്ച ശേഷം താൻ തന്റെ അപ്പാർട്ട്മെന്റിന് സമീപത്ത് കൂടി നടക്കുകയായിരുന്നു. ആ സമയത്ത് ആറ് കൗമാരക്കാരുടെ ഒരു സംഘം തന്നെ പിന്നിൽ നിന്നും ആക്രമിച്ചു. അവർ തന്റെ കണ്ണട പിടിച്ചുപറിച്ചു, അവ തകർത്തുകളഞ്ഞു, പിന്നീട് തന്റെ തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും കൈകളിലും കാലുകളിലും മർദ്ദിച്ചു കൊണ്ടേയിരുന്നു. ചോരയൊലിപ്പിച്ച തന്നെ അവർ നടപ്പാതയിലുപേക്ഷിച്ചു. താൻ പൊലീസിനെ വിളിച്ചു, ആംബുലൻസിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിലേക്ക്തന്നെ കൊണ്ടുപോയി. കവിളിലെ എല്ലിന് ഒടിവുണ്ടെന്ന് അവിടെവച്ച് മെഡിക്കൽ സംഘം സ്ഥിരീകരിച്ചു, ഇപ്പോൾ സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിരിക്കുകയാണ് എന്നാണ് ഡോ. സന്തോഷ് യാദവ് കുറിച്ചിരിക്കുന്നത്.

ഇത്തരം അതിക്രമങ്ങൾ വർധിച്ചുവരികയാണ് എന്നും എന്നാൽ അധികൃതർ അതിനെതിരെ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. ഒരുപാട് സർക്കാർ ഏജൻസികളെയും അദ്ദേഹം തന്റെ പോസ്റ്റിൽ ടാ​ഗ് ചെയ്തിരിക്കുന്നത് കാണാം.

അതേസമയം, കഴി‌ഞ്ഞ ദിവസങ്ങളിൽ ബസിൽ വച്ച് ഒരു ഡബ്ലിൻ സ്വ​ദേശി ഇന്ത്യൻ വംശജനായ യുവാവിന്റെ മുഖമിടിച്ച് തകർക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!