'പപ്പാ എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല'; കാനഡയിലെ ആശുപത്രിക്ക് മുന്നിൽ എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പ്, ഒടുവിൽ ഇന്ത്യൻ വംശജൻ മരിച്ചു

Published : Dec 25, 2025, 05:17 PM IST
Prashant Sreekumar

Synopsis

കാനഡയിലെ എഡ്മണ്ടണിൽ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 44-കാരനായ ഇന്ത്യൻ വംശജൻ എട്ട് മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ കാത്തിരുന്ന ശേഷം മരണത്തിന് കീഴടങ്ങി. കടുത്ത വേദന ഉണ്ടായിട്ടും ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു.  

 

കാനഡയിലെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നെഞ്ച് വേദനയുമായി എട്ട് മണിക്കൂറോളം കാത്തിരുന്ന ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി. കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ എട്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷം, മൂന്ന് കുട്ടികളുടെ അച്ഛനും 44 -കാരനുമായ ഇന്ത്യൻ വംശജൻ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ യാതൊന്നും ചെയ്തില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ആരോപിച്ചു.

കാത്തിരുന്നത് എട്ട് മണിക്കൂർ

അക്കൗണ്ടന്‍റും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രശാന്ത് ശ്രീകുമാറിന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ഒരു ക്ലയന്‍റ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, അടിയന്തര വിഭാഗത്തിന് മുന്നിൽ കാത്തിരിക്കാൻ അദ്ദേഹത്തോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഏതാണ്ട് എട്ട് മണിക്കൂറോളം നേരമാണ് അദ്ദേഹത്തിന് ഇങ്ങനെ കാത്തിരിക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

 

ശ്രീകുമാറിന്‍റെ ഭാര്യ, ആശുപത്രിയിൽ വച്ച് തങ്ങൾക്ക് ആശുപത്രി അധികൃതരിൽ നിന്നും നേരിടേണ്ടിന്ന നിസഹകരണത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. കാത്തിരിപ്പ് മുറിയിൽ ഇരിക്കുമ്പോൾ പോലും പ്രശാന്തിന്‍റെ രക്തസമ്മർദ്ദം 210 ആയി ഉയർന്നു. "അസഹനീയമായ" വേദനയുണ്ടെന്ന് പരാതിപ്പെട്ടിട്ടും അദ്ദേഹത്തിന് ടൈലനോൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. 'അച്ഛാ, എനിക്ക് വേദന സഹിക്കാൻ കഴിയില്ലെന്ന് അവൻ എന്നോടും പറഞ്ഞു' എന്ന് ശ്രീകുമാറിന്‍റെ അച്ഛൻ, കുമാർ ശ്രീകുമാറും ആരോപിച്ചു.

ഇസിജി മാത്രം

ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇസിജി എടുത്തിരുന്നെന്നും എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ കാത്തിരിക്കാനായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. സമയം പോകുമ്പോൾ ഇടയ്ക്ക് നേഴ്സുമാർ വന്ന് ഇസിജി എടുക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല, ഈ സമയമൊക്കെ രക്തസമ്മ‍ർദ്ദം ഉയരുകയായിരുന്നെന്നും ശ്രീകുമാറിന്‍റെ ഭാര്യ പറുന്നു. ഒടുവിൽ എട്ട് മണിക്കൂറിന് ശേഷൺ അത്യാഹിത വിഭാഗത്തിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രശാന്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു. മൂന്ന്, പത്ത്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികളുടെ അച്ഛനാണ് പ്രശാന്ത് ശ്രീകുമാർ. പ്രശാന്ത് ശ്രീകുമാറിന്‍റെ മരണത്തിന് പിന്നാലെ രോഗിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശുപത്രി അധികൃതർ അനുശോചനം അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയും പരിചരണവും പോലെ പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും ആശുപത്രി അധിക‍ൃതർ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തച്ഛന്റെ പൊന്നുമണി; കൊല്ലങ്ങളോളം മാറ്റാത്ത ശീലമാണ്, കൊച്ചുമോള് വന്നപ്പോൾ കണ്ടോ, പോസ്റ്റ് പങ്കുവച്ച് യുവാവ്
വീടിന് പുറത്ത് കുപ്പിവെള്ളം, കയ്യടിച്ച് സോഷ്യൽ മീഡിയ, വേനൽക്കാലത്ത് യുവാവിന്‍റെ കരുതല്‍