പാൻകറ കളയാൻ ഓരോ വർഷവും ഇന്ത്യൻ റെയിൽവേ ചെലവിടുന്നത് 1200 കോടി രൂപയും ലിറ്റർ കണക്കിന് വെള്ളവും

By Web TeamFirst Published Oct 11, 2021, 4:36 PM IST
Highlights

റെയിൽവേ അടുത്തിടെ ഒരു പോക്കറ്റ് വലുപ്പത്തിലുള്ള പുനരുപയോഗിക്കാവുന്നതും ജൈവപരമായതുമായ തുണിയുടെ പൗച്ച് അവതരിപ്പിക്കുകയുണ്ടായി. അത് വലിച്ചെറിയുമ്പോൾ അതിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ സസ്യങ്ങളായി വളരുകയും ചെയ്യുന്നു.

ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ(Railway stations) എല്ലായിടത്തും "ഇവിടെ പാൻ തുപ്പരുത്" എന്ന ബോർഡുകൾ വച്ചിട്ടുണ്ട്. എന്നാൽ, മിക്കവാറും ആ ബോർഡിൽ തന്നെ തുപ്പി വയ്ക്കുന്നത് നമുക്ക് കാണാം. എത്ര വൃത്തിയായി സൂക്ഷിക്കണം എന്ന് പറഞ്ഞാലും ട്രെയിനിന്റെ ചുവരിൽ എഴുതിയും, വരച്ചും, തുപ്പിയും വൃത്തികേടാക്കാൻ ഒരു മടിയും കാണിക്കാറില്ല പലരും. ഇപ്പോൾ അത്തരം തുപ്പൽ കറകൾ വൃത്തിയാക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവാക്കുന്നത്. അത് മാത്രമോ ആയിരക്കണക്കിന് ഗാലൻ വെള്ളമാണ് ഇതെല്ലാം വൃത്തിയാക്കാൻ ആവശ്യമായി വരുന്നത്.

എന്തൊരു അധികച്ചിലവാണ് ഇത് എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം കൂടി. ഇന്ത്യൻ റെയിൽവേ ഓരോ വർഷവും ഏകദേശം 1200 കോടി രൂപയും വെള്ളവുമാണ് ഇതിനായി ചിലവഴിക്കുന്നത്. റെയിൽവേ പരിസരത്ത് പാൻ, പുകയില തുടങ്ങിയവ ചവച്ച് തുപ്പുന്ന കറകൾ കളയാനും വൃത്തിയാക്കാനുമാണ് ഈ തുക ചിലവഴിക്കുന്നത്. അടുത്തിടെ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടും രാജ്യത്തുടനീളം പൊതു ഇടത്ത് തുപ്പുന്നത് വേണ്ടവിധത്തിൽ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നത് സങ്കടകരമാണ്.

റെയിൽവേ അടുത്തിടെ ഒരു പോക്കറ്റ് വലുപ്പത്തിലുള്ള പുനരുപയോഗിക്കാവുന്നതും ജൈവപരമായതുമായ തുണിയുടെ പൗച്ച് അവതരിപ്പിക്കുകയുണ്ടായി. അത് വലിച്ചെറിയുമ്പോൾ അതിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ സസ്യങ്ങളായി വളരുകയും ചെയ്യുന്നു. ഇത് ഒരു പ്രകൃതി സൗഹാർദ്ദ മാർഗ്ഗമായി കണക്കാക്കുന്നു. റെയിൽവേ പരിസരത്ത് തുപ്പുന്നതിൽ നിന്ന് യാത്രക്കാരെ നിരുത്സാഹപ്പെടുത്താനായി കർശന നിയമങ്ങളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ റെയിൽവേ പരിസരത്ത് തുപ്പിയാൽ 500 രൂപ വരെ പിഴ ഈടാക്കാം. ഇത് കൂടാതെ, സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിംഗ് മെഷീനുകൾ വഴിയും, കിയോസ്‌കികൾ വഴിയും 5 രൂപ മുതൽ 10 രൂപ വരെ വിലവരുന്ന പൗച്ചുകളും ലഭ്യമാണ്. തുപ്പൽ കറകൾ വൃത്തിയാക്കാൻ ചിലവഴിക്കുന്ന കോടികളെക്കാൾ, ഇതാണ് ഭേദമെന്ന് കരുതിയിട്ടായിരിക്കാം രാജ്യത്തെ പല സ്റ്റേഷനുകളിലും ഇപ്പോൾ ഇത് കാണാം.  

(ചിത്രം പ്രതീകാത്മകം)


 

click me!