
ബ്ലിങ്കിറ്റ്, സെപറ്റോ, സ്വിഗ്ഗി ഇൻസ്റ്റാ മാർട്ട് എന്നിങ്ങനെ ഓർഡർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ ആവശ്യമുള്ള സാധനങ്ങൾ നമുക്കു മുൻപിൽ എത്തിക്കുന്ന ഓൺലൈൻ ഡെലിവറി സർവീസുകൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ, ആവശ്യപ്പെട്ടാൽ 10 മിനിറ്റിനുള്ളിൽ ആളെ തരുന്ന ഒരു ഡെലിവറി സർവീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ കേട്ടത് സത്യമാണ്. അത്തരത്തിൽ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ്. ആവശ്യപ്പെട്ടാൽ നമ്മുടെ ഏത് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകാൻ ശേഷിയുള്ള വിദഗ്ധരെ ഓൺലൈനിലൂടെ ഡെലിവറി ചെയ്യുകയാണ് ഈ സ്റ്റാർട്ടപ്പ് ചെയ്യുന്നത്.
Topmate.io എന്ന കമ്പനിയാണ് ഇത്തരത്തിൽ ഒരു നൂതന സേവന വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. Topmate.io യുടെ മാർക്കറ്റിംഗ് ലീഡ് നിമിഷ ചന്ദയാണ് എക്‌സിൽ ഇക്കാര്യം പങ്കുവെച്ചത്. അനന്തമായ ഗൂഗിൾ തിരയലുകളുടെ ആവശ്യമില്ലെന്നും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശേഷിയുള്ള വിദഗ്ധരെ നിമിഷങ്ങൾക്കുള്ളിൽ നൽകുമെന്നുമായിരുന്നു ഇവരുടെ സമൂഹ മാധ്യമ കുറിപ്പ്. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കും 10 മണിക്കും ഇടയിൽ വിദഗ്ധരെ നേരിട്ട് വിളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വെബ്‌സൈറ്റിലേക്കുള്ള ഒരു ലിങ്കും ചന്ദ തന്‍റെ കുറിപ്പിനോടൊപ്പം പങ്കുവച്ചു
4.9 -സ്റ്റാർ റേറ്റിംഗ് ഉള്ള കമ്പനി, ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ സേവനങ്ങളിൽ വിശ്വാസം രേഖപ്പെടുത്തിയതായാണ് അവകാശപ്പെടുന്നത്. എക്സിലെ ബയോ അനുസരിച്ച്, Topmate.i o-യ്ക്ക് 3 ലക്ഷത്തിലധികം പ്രൊഫഷണലുകളുടെയും വിഷയ സ്രഷ്‌ടാക്കളുടെയും വിദഗ്ധരുടെയും ഒരു വലിയ ശൃംഖലയുണ്ട്. തങ്ങളുടെ ശക്തമായ തുടക്കം വെളിപ്പെടുത്തി കമ്പനി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ആദ്യദിവസം തന്നെ 1,500 അധികം കോളുകൾ തങ്ങൾക്ക് ലഭിച്ചു എന്നാണ്.