
53 ലക്ഷം രൂപയുടെ ഭവന വായ്പ വെറും ആറ് വർഷം കൊണ്ട് അടച്ചുതീർത്ത ഇന്ത്യൻ ടെക്കിയുടെ സമൂഹ മാധ്യമ കുറിപ്പ് ഇന്‍റർനെറ്റിന്‍റെ ശ്രദ്ധ നേടി. "53 ലക്ഷം രൂപയുടെ ഹോം ലോൺ ഞാൻ 6 വർഷം കൊണ്ട് അടച്ചുതീർത്തു" എന്ന തലക്കെട്ടിലുള്ള വൈറലായ കുറിപ്പില്‍ പ്രതിമാസ ഇഎംഐകൾ തന്നെ മാനസീകമായി തളർത്തിയ അനുഭവത്തെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്.
പോസറ്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; "ഒരു വ്യക്തിപരമായ നേട്ടവും മറ്റുള്ളവരെ സഹായിച്ചേക്കാവുന്ന ചില പാഠങ്ങളും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2019 സെപ്റ്റംബറിൽ ഞാൻ 53 ലക്ഷം രൂപയുടെ ഹോം ലോൺ എടുത്തു, ഒടുവിൽ 2025 നവംബറിൽ അത് അടച്ചുതീർത്തു. എനിക്കിതിനായി 6 വർഷം വേണ്ടിവന്നു," തുടർന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നത്, അമിതമായി ചിന്തിക്കുന്നവരോ അല്ലെങ്കിൽ ഉത്കണ്ഠയുള്ളവരോ ആണെങ്കിൽ ഹോം ലോൺ എടുക്കരുതെന്നാണ്. കാരണം, മാനസിക സമ്മർദ്ദം വളരെ കൂടുതലായിരിക്കും. ജർമ്മനിയിൽ ഒരു ഓട്ടോമോട്ടീവ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ടെക്കി, പലിശയിനത്തിൽ 14 ലക്ഷം രൂപ ഉൾപ്പെടെ മൊത്തം 67 ലക്ഷം രൂപ തിരിച്ചടച്ചതായാണ് പോസ്റ്റിൽ പറയുന്നത്,
വിദേശത്തേക്ക് ജോലി മാറിയതാണ് ലോൺ വേഗത്തിൽ അടച്ചുതീർക്കാൻ തന്നെ സഹായിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു വീട് വാങ്ങുന്നത് ആദ്യം വൈകാരികമായി ഒരു വലിയ കാര്യമാണ്, എന്നാൽ അറ്റകുറ്റപ്പണികൾ കുമിഞ്ഞുകൂടാൻ തുടങ്ങുമ്പോൾ ആ ആകർഷണം ഇല്ലാതാകും. ഒരു വീടിന്‍റ ഉടമയാവുക എന്നാൽ അതിന്‍റെ പ്രശ്നങ്ങളുടെയും ഉടമയാവുക എന്നാണ് അർത്ഥം. കണക്കനുസരിച്ച്, എന്‍റെ വീടിന് ഇപ്പോൾ 1 കോടി രൂപ വിലയുണ്ട്, പക്ഷേ എന്‍റെ ബാങ്ക് ബാലൻസ് ഏതാണ്ട് ശൂന്യമാണ്." ടെക്കി കൂട്ടിച്ചേർക്കുന്നു. പോസ്റ്റിന് വലിയ ശ്രദ്ധ ലഭിച്ചതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത് ഇത് ഒരു വലിയ കാര്യമാണെന്നും ഇനിയാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുന്നത് എന്നുമായിരുന്നു.