ചെന്നായ്ക്കളിൽ ഏറ്റവുമധികം വംശനാശ ഭീഷണി ഇന്ത്യൻ ചെന്നായ്ക്കൾക്ക്, ഇല്ലാതെയാവുമോ?

By Web TeamFirst Published Sep 7, 2021, 9:09 AM IST
Highlights

ഇന്ത്യൻ ചെന്നായ്ക്കളെപ്പോലെ, അമേരിക്കയിലെ ചുവന്ന ചെന്നായ്ക്കളും വംശനാശഭീഷണിയിലാണ്. എന്നിരുന്നാലും, 1987 -ൽ ആരംഭിച്ച സംരക്ഷണ പ്രവർത്തനങ്ങൾ കാരണം ഇന്ന് അവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
 

ചെന്നായ്ക്കളിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്നത് ഇന്ത്യൻ ചെന്നായ്ക്കളാണെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ചെന്നായയുടെ ജനിതകഘടന പരിശോധിച്ചതിനെ തുടർന്നാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും പഴയ ചെന്നായ്ക്കളുടെ വംശത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്ത്യൻ ചെന്നായ്ക്കളെന്നും പഠനം പറയുന്നു. ഡേവിസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താഴ്ന്ന പ്രദേശങ്ങളിലാണ് ഇന്ത്യൻ ചെന്നായ്ക്കൾ കൂടുതലായും കാണപ്പെടുന്നത്.    

അവിടെ മനുഷ്യന്റെ കടന്നുകയറ്റവും വനനശീകരണവും കാരണം പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്ക് നിരന്തരം ഭീഷണി നേരിടുന്നു. ഇതുമൂലം ഇന്ന് അവയുടെ എണ്ണം 2000 മുതൽ 3,000 വരെയായി കുറഞ്ഞു. മുൻപ് ഏഷ്യൻ ചെന്നായ്ക്കളും, ഇന്ത്യൻ ചെന്നായ്ക്കളും രണ്ടും ഒന്നാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇന്ത്യൻ ചെന്നായ്ക്കൾ പടിഞ്ഞാറൻ ഏഷ്യൻ ചെന്നായ്ക്കളിൽ നിന്ന് വ്യത്യസ്തമാണെന്നും അവയുടെ എണ്ണം മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാൾ വളരെ കുറവാണെന്നും ഈ പഠനങ്ങൾ കണ്ടെത്തി.  

“പാകിസ്ഥാനിൽ ഇന്ന് ബാക്കിയായ പ്രധാന മാംസഭുക്കുകളിൽ ഒന്നാണ് ചെന്നായ്ക്കൾ. ഇന്ത്യയിലെ പല മാംസഭുക്കുകളും വംശനാശ ഭീഷണിയിലാണ്. അതുകൊണ്ട് തന്നെ അവ വളരെ പ്രത്യേകതയുള്ളതാണ്. ഇവിടങ്ങളിൽ മാത്രമേ ഈ ഇനത്തെ കാണാനാകൂ. ഇത് അവയെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂട്ടുന്നു" യുസി ഡേവിസ് സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിൻ മാമ്മലിയൻ ഇക്കോളജി കോൺസെർവഷൻ യൂണിറ്റിലെ ഡോക്ടറൽ വിദ്യാർത്ഥിയായ ലോറൻ ഹെന്നെല്ലി കൂട്ടിച്ചേർത്തു. ഇന്ത്യൻ ചെന്നായ്ക്കളെപ്പോലെ, അമേരിക്കയിലെ ചുവന്ന ചെന്നായ്ക്കളും വംശനാശഭീഷണിയിലാണ്. എന്നിരുന്നാലും, 1987 -ൽ ആരംഭിച്ച സംരക്ഷണ പ്രവർത്തനങ്ങൾ കാരണം ഇന്ന് അവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ചെന്നായ്ക്കളെ സംരക്ഷിക്കാൻ നിയമനിർമ്മാണത്തിന്റെ സഹായത്തോടെ നഗരവൽക്കരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പഠനം സൂചിപ്പിച്ചു. പ്രത്യേകിച്ച്, ഇന്ത്യൻ ചെന്നായ്ക്കൾ പലപ്പോഴും കാണപ്പെടുന്ന പ്രദേശങ്ങളിൽ അവയുടെ എണ്ണം കൂട്ടാൻ ഇതുവഴി സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. മോളിക്യുലർ ഇക്കോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.  ഇന്ത്യൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, യുകെ വുൾഫ് കൺസർവേഷൻ ട്രസ്റ്റ്, യുസി ഡേവിസ് എന്നിവരാണ് ഈ പഠനത്തിന് ധനസഹായം നൽകിയത്.

click me!