ഇസ്രായേല്‍ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം;  ആറ് ഫലസ്തീന്‍ തടവുകാര്‍ സാഹസികമായി തടവുചാടി

Web Desk   | Asianet News
Published : Sep 06, 2021, 04:35 PM IST
ഇസ്രായേല്‍ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം;  ആറ് ഫലസ്തീന്‍ തടവുകാര്‍ സാഹസികമായി  തടവുചാടി

Synopsis

അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ.  

ഭീകരവാദ കേസുകളില്‍ ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് ഫലസ്തീന്‍ തടവുകാര്‍ ജയിലിനു പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിന് പൊലീസും സൈന്യവും കമാണ്ടോകളും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുകയാണെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്്തു. 

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആറ് ഫലസ്തീന്‍ തടവുകാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. ഇവര്‍ ജോര്‍ദാനിലേക്ക് കടക്കാനാണ് സാധ്യതയെന്നാണ് ഇസ്രായേല്‍ സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നത്. അല്ലെങ്കില്‍, തട്ടിക്കൊണ്ടുപോവലോ ആക്രമണമോ നടത്താനും സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ സംശയിക്കുന്നു. 

അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.  വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഓഫീസില്‍ 2002-ല്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളെ കൂടാതെ, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരായ അഞ്ച് തടവുകാരും രക്ഷപ്പെട്ടവരില്‍ പെടുന്നു. 

വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍കാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്. 

പുലര്‍ച്ചെ ഒന്നര മണിക്കാണ് ജയിലിനു പുറത്തുള്ള ഒരു ഗ്യാസ് സ്‌റ്റേഷനടുത്ത് നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ പൊലീസില്‍ അറിയിക്കുന്നതൈന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, മൂന്ന് തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി അറിയുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷപ്പെട്ടത് ആറു പേരാണെന്ന് കണ്ടെത്തിയത്. കാലത്ത് അഞ്ചു മണിയോടെയാണ് സെല്ലിനു താഴെയായി ജയിലിനു പുറത്തേക്ക് പണിത തുരങ്കം കണ്ടെത്തിയത്. തുടര്‍ന്ന്, പൊലീസും സൈന്യവും ചേര്‍ന്ന് ജയിലും പരിസരവും അരിച്ചു പെറുക്കുകയാണെന്ന് ഹാെരറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഒരു കാര്‍ പുറത്തുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ജയിലില്‍നിന്നും കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്.

എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട അതീവഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഒമാര്‍ ബാര്‍ ലെവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഗുരതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രായേലി ജയില്‍വകുപ്പ് പ്രസ്താവനയിറക്കി.

അതിനിടെ, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ സംവിധാനത്തിനാകെ ഈ സംഭവം നടുക്കം ഉണ്ടാക്കിയെന്നും പ്രസ്താവന വ്യക്തമാക്കി. ഫലസ്തീന്‍ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു. 

 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്