20 ലക്ഷം ജനങ്ങൾ, 400 മുതലകൾ; തിരക്കേറിയ നഗരമധ്യത്തിലൂടെ ഒഴുകുന്ന ഇന്ത്യയുടെ 'മുതല നദി'!

Published : Jan 29, 2026, 03:01 PM IST
mugger crocodiles in Vishwamitri River

Synopsis

ഗുജറാത്തിലെ വഡോദര നഗരമധ്യത്തിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി നാനൂറിലധികം മഗ്ഗർ മുതലകളുടെ ആവാസകേന്ദ്രമാണ്. മഴക്കാലത്ത് നഗരത്തിലേക്ക് ഇറങ്ങുന്ന ഈ മുതലകളുമായി ജനങ്ങൾ സഹവർത്തിത്വത്തിൽ കഴിയുമ്പോൾ, മലിനീകരണവും കൈയ്യേറ്റവും നദിക്ക് ഭീഷണിയാകുന്നു.  

 

തിരക്കേറിയ നഗരവീഥികൾ, ലക്ഷക്കണക്കിന് ജനങ്ങൾ, വലിയ പാലങ്ങൾ... ഇതിനിടയിലൂടെ ഒഴുകുന്ന ഒരു നദിയിൽ നാനൂറിലധികം വമ്പൻ മുതലകൾ. കേട്ടാൽ ആരും അമ്പരക്കും. എന്നാൽ, ഗുജറാത്തിലെ വഡോദര നഗരവാസികൾക്ക് ഇതൊരു പതിവ് കാഴ്ചയാണ്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി, 'ഇന്ത്യയുടെ മുതല നദി' എന്ന വിശേഷണവുമായി വാർത്തകളിൽ നിറയുകയാണ്.

മഗ്ഗർ മുതലകൾ

20 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന വഡോദരയുടെ ഹൃദയഭാഗത്ത് കൂടിയാണ് 21 കിലോമീറ്ററോളം നീളത്തിൽ വിശ്വാമിത്രി നദി ഒഴുകുന്നത്. 2025 -ലെ ജിഇഇആർ ഫൗണ്ടേഷൻ സെൻസസ് പ്രകാരം 442 മഗ്ഗർ മുതലകളാണ് ഈ നദിയിലുള്ളത്. നഗരത്തിലെ കാലാ ഘോഡ മുതൽ അക്കോട്ട പാലം വരെയുള്ള വെറും 1.4 കിലോമീറ്റർ ദൂരത്തിനുള്ളിൽ മാത്രം 44 മുതലകളുണ്ട്.

മഴക്കാലത്ത് നദി കരകവിയുമ്പോൾ ഈ മുതലകൾ നഗരത്തിലെ റോഡുകളിലേക്കും പാർക്കിംഗ് ഏരിയകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നു. കഴിഞ്ഞ വർഷം മാത്രം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി മുതലകളെയാണ് വനംവകുപ്പ് റെസ്ക്യൂ ടീം പിടികൂടിയത്. വഡോദരയിലെ ജനങ്ങൾ ഈ വന്യജീവികളുമായി ഇപ്പോൾ അപൂർവമായൊരു സഹവർത്തിത്വത്തിലാണ് കഴിയുന്നതെന്ന് പറയാം.

നദിയുടെ ഐതീഹ്യം

മുതലകളുടെ താവളം മാത്രമല്ല ഈ നദി. വിശ്വാമിത്ര മഹർഷി തപസ്സ് ചെയ്ത ഇടമെന്ന് വിശ്വസിക്കപ്പെടുന്ന ഈ നദിക്ക് വലിയ ഐതിഹ്യ പ്രാധാന്യമുണ്ട്. ക്രിസ്തുവിനും 1000 വർഷം മുമ്പ് തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് പുരാവസ്തു തെളിവുകൾ വ്യക്തമാക്കുന്നു. കൂടാതെ ഉടുമ്പുകൾ, മുള്ളൻപന്നികൾ, അപൂർവ്വയിനം പക്ഷികൾ, ആമകൾ എന്നിവയുടെയും സുരക്ഷിത താവളവുമാണ് വിശ്വാമിത്ര നദി.

ഇന്ന് മലിനീകരണവും കൈയ്യേറ്റവും നദിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. നഗരത്തിലെ മാലിന്യങ്ങൾ നദിയിലേക്ക് ഒഴുകുന്നത് തടയാൻ 'വിശ്വാമിത്രി റിവർഫ്രണ്ട് ഡെവലപ്‌മെന്‍റ് പ്രോജക്റ്റ്' സർക്കാർ നടപ്പിലാക്കി വരികയാണ്. അതോടൊപ്പം, ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് നദീതീരത്ത് വനവൽക്കരണം നടത്തുന്ന 'വാഹോ വിശ്വാമിത്രി അഭിയാൻ' എന്ന ജനകീയ മുന്നേറ്റവും നദീ സംരക്ഷണത്തിനായുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'ഇറാന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു'; യുഎസ് സൈനിക നീക്കത്തിനിടെ ജർമ്മനിയുടെ ഭീഷണി; നിലപാട് വ്യക്തമാക്കി സൗദിയും യുഎഇയും
14 വയസ്സുകാരി അമ്മയായി, കുഞ്ഞിന്‍റെ അച്ഛന് വയസ് 12 വയസ്സ്; 'എന്‍റെ അനുഭവം ഒരിക്കലും അനുകരിക്കരുത്'