'ഇറാന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു'; യുഎസ് സൈനിക നീക്കത്തിനിടെ ജർമ്മനിയുടെ ഭീഷണി; നിലപാട് വ്യക്തമാക്കി സൗദിയും യുഎഇയും

Published : Jan 29, 2026, 12:47 PM IST
USS Abraham Lincoln

Synopsis

ആണവ പദ്ധതിയുടെ പേരിൽ ഇറാനെതിരെ യുഎസ് പടയൊരുക്കം ശക്തമാക്കുമ്പോൾ, അപ്രതീക്ഷിതമായി നിലപാട് മാറ്റി ഗൾഫ് രാജ്യങ്ങൾ. തങ്ങളുടെ പ്രദേശം യുദ്ധത്തിനായി വിട്ടുനൽകില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയതോടെ ട്രംപിന്റെ നീക്കങ്ങൾ പ്രതിസന്ധിയിലായി.  

പുതിയ ലോകക്രമത്തിനായുള്ള പടയൊരുക്കത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡേണൾഡ് ട്രംപ്. പതിവിന് വിപരീതമായി റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് അനുകൂലമായ തീരുമാനങ്ങളും ഗാസയിൽ പലസ്തീനികളെ ഒഴിവാക്കിയുള്ള പദ്ധതികളും ട്രംപ് മുന്നോട്ട് വയ്ക്കുന്നു. പിന്നാലെ വെനിസ്വേലയുടെ പ്രസിഡന്‍റിനെ തട്ടിക്കൊണ്ട് പോകുന്നു. ഇപ്പോൾ ആണവ പദ്ധതി പുനരാരംഭിക്കുന്നുവെന്ന ആരോപണം ഉയർത്തി ഇറാന് നേരെ തങ്ങളുടെ കപ്പൽപ്പടയെ അയച്ചിരിക്കുകയാണ് ട്രംപ്. ഏത് നിമിഷവും യുഎസ് സേന, ഇറാൻ ആക്രമിക്കുമെന്ന ആശങ്കയിലാണ് ലോകവും.

ഇറാനെ ലക്ഷ്യം വച്ച് തങ്ങളുടെ ഒരു ആയുധസേന യുഎസിനുണ്ടെന്നും അത് ഇറാനെ ലക്ഷ്യം വച്ച് നീങ്ങുകയാണെന്നും ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് പറഞ്ഞത്. എന്നാൽ, അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ട്രംപ് ഇറാനിലെ പ്രതിഷേധക്കാരെ കൊല്ലുകയോ ആണവ പദ്ധതി പുനരാരംഭിക്കുകയോ ചെയ്യരുതെന്നും ഇറാന് മുന്നറിയിപ്പ് നൽകുന്നു. ഇറാനെ ഭയപ്പെടുത്തി യുഎസുമായി ഒരു കരാറിൽ എത്താനുള്ള ശ്രമത്തിലാണ് ട്രംപ് എന്ന് അന്താരാഷ്ട്രാ നീരീക്ഷകർ കരുതുന്നു. ഇതിനിടെ തങ്ങൾ മിസൈൽ ശേഷി വർദ്ധിപ്പിച്ചെന്നും യുഎസിനെതിരെ ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടി നൽകുമെന്നും ഇറാൻ പ്രതികരിച്ചു.

ഇറാന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു

ഇറാനിയൻ സർക്കാരിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നായിരുന്നു ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞത് സംഘർഷ സാധ്യതയെ കൂടുതൽ സങ്കീർണ്ണമാക്കി. യുഎസിന്‍റെ ഇറാൻ നീക്കത്തെ ഫ്രാൻസ് പിന്തുണച്ച് രംഗത്തെത്തിയത് സംഘർഷ സാധ്യത വർദ്ധിപ്പിച്ചു. ഇതോടെ ഇറാന്‍റെ ഐആർജിസിയെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായും വാർത്തകൾ പുറത്ത് വന്നു. സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്ന ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇറാനിൽ വീണ്ടും പ്രതിഷേധങ്ങൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിനിടെ പ്രതികരിച്ചു.

എന്തിനും സജ്ജം

എന്നാൽ, ശത്രുവിന്‍റെ ഏതൊരു ഭീഷണിക്കും തങ്ങൾക്ക് ഒരു പദ്ധതിയുണ്ടെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉടനടി ശക്തമായും പ്രതികരിക്കാൻ സായുധ സേന സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. യുഎസിൽ നിന്നുള്ള ഏതൊരു ആക്രമണവും യുദ്ധത്തിന്‍റെ തുടക്കമായി കണക്കാക്കുമെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനി പ്രസ്താവ ഇറക്കി. ഇറാനിലെ പ്രതിഷേധങ്ങളിൽ അടുത്തിടെ കൊല്ലപ്പെട്ട എല്ലാവരുടെയും പേരുകളും വിശദാംശങ്ങളും ഉടൻ പരസ്യമാക്കുമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസിലെ ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

തങ്ങളുടെ പ്രദേശം യുദ്ധത്തിന് അനുവദിക്കില്ല

ഗൾഫ് മേഖലയിൽ നിന്നും ഇറാൻ ആക്രമണത്തിന് യുഎസിന് ലഭിക്കുന്ന പിന്തുണ കുറഞ്ഞ് വരികയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇറാനെതിരായ നടപടികൾക്ക് എയർ സ്‌പേസ് അനുവദിക്കില്ലെന്ന യുഎഇയുടെയും സൗദിയുടെയും നിലപാട് യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പ് കൂടിയായി. തങ്ങളുടെ സമുദ്ര അതിർത്തിയും കരയും യുദ്ധത്തിനായി അനുവദിക്കില്ലെന്നും ആക്രമണത്തിന് ഒരു സഹായവും നൽകില്ലെന്നുമായിരുന്നു യുഎഇ വ്യക്തമാക്കിയത്. പരമാധികാരത്തെ ബഹുമാനിക്കുന്നതും നയതന്ത്ര പരിഹാരവുമാണ് ഈ സമായത്ത് ആവശ്യമെന്നും യുഎഇ കൂട്ടിച്ചേർത്തു. തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ യുദ്ധത്തിന് ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇറാനുമേൽ അമേരിക്കൻ ആക്രമണമുണ്ടാകുമെന്ന ആശങ്കകള്‍ക്ക് ഇടയിലാണ് യുഎഇയും സൗദിയും നിലപാട് വ്യക്തമാക്കിയത്. ഏതാണ്ട് 6,000 -10,000 ഇടയിൽ ആളുകൾ ഇറാനിൽ നടന്ന ഭരണകൂട പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

14 വയസ്സുകാരി അമ്മയായി, കുഞ്ഞിന്‍റെ അച്ഛന് വയസ് 12 വയസ്സ്; 'എന്‍റെ അനുഭവം ഒരിക്കലും അനുകരിക്കരുത്'
പാസ്പോർട്ട് ആദ്യ ഭാര്യയുടെ കൈയിൽ, പിന്നാലെ ഗർഭിണിയായ രണ്ടാം ഭാര്യയെ കാണാൻ അനധിക‍ൃത യാത്ര; ഒടുവിൽ യുവാവ് പിടിയിൽ